EncyclopediaOceans

ആര്‍ട്ടിക് സമുദ്രം

ഭൂമിയുടെ ഉത്തരധ്രുവപ്രദേശത്തുള്ള സമുദ്രമാണിത്.വടക്കേ അമേരിക്ക, ഏഷ്യ, യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങള്‍ക്കിടയിലാണ് ആര്‍ട്ടിക് സമുദ്രത്തിന്‍റെ സ്ഥാനം അടുത്ത കാലം വരെ ചില ശാസ്ത്രജ്ഞര്‍ അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ ഭാഗമായ കടലെന്ന നിലയിലാണ് ആര്‍ട്ടിക് സമുദ്രത്തെ കണക്കാക്കിയിരുന്നത്.എന്നാല്‍ സമുദ്രപഠനത്തില്‍ അവസാനവാക്കായ ഇന്റര്‍നാഷണല്‍ ഹൈഡ്രോഗ്രാഫി ഓര്‍ഗനൈസേഷന്‍ ഇതിനെ ഇപ്പോള്‍ സമുദ്രമായി അംഗീകരിച്ചിട്ടുണ്ട്.

   ലോകത്തെ ഏറ്റവും ചെറിയ സമുദ്രമാണ് ആര്‍ട്ടിക് സമുദ്രം.14056000 ചതുരശ്ര കിലോമീറ്റര്‍ ആണ് ഇതിന്റെ വലിപ്പം. 45389 കിലോമീറ്റര്‍ തീരമുണ്ട് ആര്‍ട്ടിക്കിനു ചുറ്റും.ആഴത്തിന്റെ കാര്യത്തിലും ആര്‍ട്ടിക്സമുദ്രം മറ്റു സമുദ്രങ്ങളുടെയെല്ലാം പിന്നിലാണ്.1935 മീറ്ററാണ് ആര്‍ട്ടിക്കിന്റെ ശരാശരി ആഴം.ഏറ്റവും ആഴം കൂടിയ സ്ഥലം ഫ്രാം ബേസില്‍ ആണ്.5680 മീറ്ററാണ് ഇവിടെ ആഴം.

  ആര്‍ട്ടിക് സമുദ്രത്തിലെ ജലം തണുപ്പ്കാലത്ത് തണുത്തുറഞ്ഞിരിക്കും. ചില ഭാഗത്ത് 30 മീറ്റര്‍ കനത്തില്‍ വരെ മഞ്ഞുപാളിയുണ്ടാകും.വേനല്‍ക്കാലത്ത് ഈ മഞ്ഞുരുകും എങ്കിലും കുറേഭാഗം അപ്പോഴും മഞ്ഞുപാളിക്കടിയില്‍ തന്നെയായിരിക്കും, പൂജ്യം ഡിഗ്രിയിലും താഴെയാണ് ധ്രുവത്തിനോടടുത്ത പ്രദേശങ്ങളിലെ താപനില.

  ഉപ്പുരസം ഏറ്റവും കുറഞ്ഞ സമുദ്രമാണ് ആര്‍ട്ടിക്,വെള്ളം ആവിയായിപ്പോകുന്നതിന്റെ അളവ് കുറവായതും നദികളില്‍ നിന്നു ഉപ്പുരസമില്ലാത്ത ശുദ്ധജലം ധാരാളമായി എത്തുന്നതും മറ്റുമാണ്’ ഇതിനു കാരണം.

  ധാരാളം നദികള്‍ ആര്‍ട്ടിക്കില്‍ പതിക്കുന്നുണ്ട്. യെനിസേയി,ഓബ്,ലെന,മക്കന്‍സി എന്നിവ അവയില്‍ ചിലതാണ്.പെട്രോളിയo പ്രകൃതിവാതകവും ആര്‍ട്ടിക് സമുദ്രത്തില്‍ നിന്നു കുഴിച്ചെടുക്കുന്നുണ്ട്.