EncyclopediaWild Life

ടെംനോഡോണ്ടോസര്‍

സ്രാവിനെ പോലെ നീണ്ടുരുണ്ട രൂപം. വായില്‍ ഇരുവശത്തും നിരനിരയായി പല്ലുകള്‍ ഇക്തിയോസറുകളുടെ വര്‍ഗത്തില്‍ പ്പെട്ട ടെംനോഡോണ്ടോസറുകളുടെ രൂപം അതായിരുന്നു. പേരിന്റെ അര്‍ഥം എന്താണെന്നോ? അറക്കവാളിന്റെ രൂപമുള്ള പല്ലുപയോഗിച്ച് ഇരകളെ അറത്തുമുറിച്ച് തിന്നുന്ന ഭീമന്‍പല്ലി!

 ഇവയുടെ കണ്ണുകള്‍ക്കുമുണ്ട് പ്രത്യേകത. ഭീമാകാരമായ ശരീരത്തിന് യോജിച്ച മത്തക്കണ്ണുകളാണ് ഇവയ്ക്ക്. വട്ടത്തിലുള്ള കണ്ണിന്റെ വ്യാസം പത്ത് ഇഞ്ച് എന്നുപറഞ്ഞാല്‍ വലിപ്പം ഊഹിക്കാമല്ലോ! കനത്ത ഇരുട്ടിലും കാഴ്ച ശക്തിയുണ്ടിവയ്ക്ക്. സമുദ്രത്തിന്റെ ഇരുണ്ട അടിത്തട്ടിലേക്ക് മുങ്ങാംകുഴിയിട്ട് ഇരയെ പിടിക്കാന്‍ ഒരു പ്രയാസവുമില്ല. രണ്ടായിരം അടിയോളം ആഴത്തിലേയ്ക്ക് മുങ്ങി ഇരുപതുമിനിട്ട് വരെ വെള്ളത്തിനടിയില്‍ തങ്ങി ഇര തേടാന്‍ ടെംനോഡോണ്ടോസറുകള്‍ക്ക് കഴിയും. ഇടയ്ക്ക് ജലോപരിതലത്തിലെത്തി ശ്വസിച്ച് വീണ്ടും കടല്‍ത്തട്ടിലേയ്ക്ക് പോയി ഇര തേടല്‍ തുടരുകയും ചെയ്യും.

  19 കോടി വര്‍ഷംമുമ്പാണ് ഇവര്‍ ജീവിച്ചിരുന്നത്. മറ്റു കടല്‍ വമ്പന്മാരെയെന്നപോലെ ടെംനോഡോണ്ടോസറുകളും ചരിത്രാതീതകാലത്തിന്റെ വിസ്മയിപ്പിക്കുന്ന ഓര്‍മ്മക്കുറിപ്പുകളായി ഫോസിലുകളില്‍ മാത്രം ഇന്നും നമുക്ക് കാണാം.