നെസ്സി
വെള്ളത്തിനുമേല്‍ ഉയര്‍ന്നുനില്‍ക്കുന്ന നീണ്ട കഴുത്തും തലയും കുതിരയുടെത് പോലെയുള്ള മുഖം. ഒരു കറുത്ത വള്ളം മറിച്ചിട്ടതുപോലെ കാണപ്പെടുന്ന ശരീരത്തിന്റെ മുതുകുഭാഗം. ഓളങ്ങളില്ലാത്ത വെള്ളത്തിനു മീതെ ചിലപ്പോള്‍ അതിവേഗം തെന്നിനീങ്ങുന്നത് കാണാം. ചിലപ്പോള്‍ വെള്ളത്തില്‍ ശക്തിയായി അലകളുണ്ടാക്കി അതിവേഗം മുങ്ങാംകുഴിയിടും.
ഇതാണ് നെസ്സി. ലോകത്തിലെ ഏറ്റവും പേരുകേട്ട കടല്‍ സത്വം. സ്കോട്ട്ലാന്റിലെ ലോക്ക്നെസ്സ് തടാകമാണതിന്റെ താവളം. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ ആയിരക്കണക്കിന് ടൂറിസ്റ്റുകള്‍ കണ്ടതായി അവകാശപ്പെടുന്ന ലോക്ക്നെസ്സ് തടാകത്തിലെ ഭീകര കടല്‍ ജീവികളെപ്പറ്റി സത്യവും മിഥ്യയും കലര്‍ന്ന നൂറുനൂറു കഥകളുണ്ട്.
1934 ല്‍ ക്രിസ്റ്റ്യന്‍ സ്പര്‍ലിങ് എന്ന ഇംഗ്ലീഷുകാരനാണ് നെസ്സിയുടെ ചിത്രം പ്രസിദ്ധീകരിച്ചത്. വെള്ളത്തിനുമീതെ തെന്നിനീങ്ങുന്ന ഭീകരസത്വത്തിന്റെ ചിത്രം കണ്ട് ജനങ്ങള്‍ ഞെട്ടി. എന്നാല്‍ 60 വര്‍ഷങ്ങള്‍ക്കുശേഷം അദ്ദേഹം തന്നെ അത് ഒരു തട്ടിപ്പായിരുന്നു എന്ന് ആണയിട്ടു പറഞ്ഞു. പക്ഷെ ലോകമെങ്ങുമുള്ള വിനോദസഞ്ചാരികള്‍ വിശ്വസിച്ചില്ല. വെള്ളത്തിലൂടെ സ്വയം സഞ്ചരിക്കുന്ന ഒരു കളിക്കോപ്പ് അന്തര്‍വാഹിനിയില്‍ ഒരു കഴുത്തും തലയും ഉണ്ടാക്കിവച്ച് ഫോട്ടോയെടുത്തതായിരുന്നുത്രേ! പറഞ്ഞിട്ടെന്തുകാര്യം ആ വിശദീകരണം പോലും വിശ്വസിക്കാനാവാത്ത വിധം നെസ്സിയെന്ന ഭീകരസത്വം വര്‍ഷങ്ങളായി മനുഷ്യ മനസ്സില്‍ നീന്തിത്തുടിക്കുന്നു. ഇന്നും നെസ്സിയെ കാണാന്‍ നൂറുകണക്കിന് ആളുകള്‍ സ്കോട്ട്ലാന്റില്‍ എത്തുന്നു.