ActorsEncyclopediaFilm Spot

അമിതാഭ് ബച്ചൻ

പ്രശസ്തനായ ഭാരതീയ ചലച്ചിത്ര അഭിനേതാവാണ്‌ അമിതാഭ് ബച്ചൻ. അമിതാഭ് ശ്രീവാസ്തവ എന്ന പേരിൽ ജനിച്ച അദ്ദേഹം ഒരു ചലച്ചിത്ര നടൻ എന്നതിനൊപ്പം ചലച്ചിത്ര നിർമ്മാതാവ്, ടെലിവിഷൻ ഹോസ്റ്റ്, പിന്നണി ഗായകൻ, മുൻ രാഷ്ട്രീയക്കാരൻ എന്നീ നിലകളിലും പ്രശസ്തനാണ്. 1970 കളുടെ തുടക്കത്തിൽ പുറത്തിറങ്ങിയ സഞ്ജീർ, ദിവാർ, ഷോലെ തുടങ്ങിയ ചിത്രങ്ങൾ അദ്ദേഹത്തിന് തുടക്കത്തിൽ പ്രശസ്തി നേടിക്കൊടുക്കുകയും ബോളിവുഡ് സ്‌ക്രീനിലെ വേഷങ്ങൾ അദ്ദേഹത്തിന് ഇന്ത്യയുടെ “ക്ഷുഭിതനായ യുവാവ്” എന്ന പേരിൽ അറിയപ്പെടുന്നതിനും ഇടയാക്കി. ബോളിവുഡിലെ ഷഹൻഷാ, സാദി കാ മഹാനായക് (“നൂറ്റാണ്ടിലെ ഏറ്റവും മികച്ച നടൻ” എന്ന് ഹിന്ദി), സ്റ്റാർ ഓഫ് മില്ലേനിയം, അല്ലെങ്കിൽ ബിഗ് ബി, എന്നിങ്ങനെ പരാമർശിക്കപ്പെടുന്ന അദ്ദേഹം, ഏകദേശം അഞ്ച് പതിറ്റാണ്ടോളം നീണ്ട തന്റെ അഭിനയജീവിതത്തിൽ 190 ലധികം ഇന്ത്യൻ സിനിമകളിൽ പ്രത്യക്ഷപ്പെട്ടു. ഇന്ത്യൻ സിനിമയുടെയും ലോക സിനിമയുടെയും ചരിത്രത്തിലെ ഏറ്റവും മഹത്തായതും സ്വാധീനമുള്ളതുമായ നടന്മാരിൽ ഒരാളായി ബച്ചൻ പരക്കെ കണക്കാക്കപ്പെടുന്നു. 1970 കളിലും 1980 കളിലും ഇന്ത്യൻ ചലച്ചിത്രരംഗം പൂർണ്ണമായും അദ്ദേഹത്തിന്റെ ആധിപത്യത്തിൻ കീഴിലായിരുന്നതിനാൽ ഫ്രഞ്ച് സംവിധായകൻ ഫ്രാങ്കോയിസ് ട്രൂഫൗട്ട് അദ്ദേഹത്തെ “വൺ-മാൻ ഇൻഡസ്ട്രി” എന്ന് വിളിച്ചു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിനപ്പുറം, ആഫ്രിക്ക (ദക്ഷിണാഫ്രിക്ക പോലുള്ളവ), മദ്ധ്യപൂർവ്വേഷ്യ (പ്രത്യേകിച്ച് ഈജിപ്ത്), യുണൈറ്റഡ് കിംഗ്ഡം, റഷ്യ, അമേരിക്കയുടെ ചില ഭാഗങ്ങൾ എന്നിവയുൾപ്പെടെയുള്ള വിപണികളിൽ അദ്ദേഹത്തിന് ഏറെ ആരാധകരും സ്വാധീനവുമുണ്ട്. മികച്ച നടനുള്ള നാല് ദേശീയ അവാർഡുകൾ, ആജീവനാന്ത നേട്ടത്തിനുള്ള ദാദാസാഹേബ് ഫാൽക്കെ അവാർഡ്, അന്താരാഷ്ട്ര ചലച്ചിത്രമേളകളിലും അവാർഡ് ദാന ചടങ്ങുകളിലും ലഭിച്ചിട്ടുള്ള നിരവധി അവാർഡുകൾ ഉൾപ്പെടെ ബച്ചൻ തന്റെ കരിയറിൽ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. പതിനഞ്ച് ഫിലിംഫെയർ അവാർഡുകൾ നേടിയ അദ്ദേഹം ആകെ 41 നാമനിർദ്ദേശങ്ങൾ എന്ന നിലയിൽ ഫിലിംഫെയറിലെ ഏതെങ്കിലും പ്രധാന അഭിനയ വിഭാഗത്തിൽ ഏറ്റവും കൂടുതൽ പ്രാവശ്യം നാമനിർദ്ദേശം ചെയ്യപ്പെട്ട വ്യക്തിയാണ്. അഭിനയത്തിനു പുറമേ, പിന്നണി ഗായകൻ, ചലച്ചിത്ര നിർമ്മാതാവ്, ടെലിവിഷൻ അവതാരകൻ എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഹു വാണ്ട്സ് ടു ബി എ മില്ല്യണർ? എന്ന ഗെയിം ഷോയുടെ ഇന്ത്യൻ പതിപ്പായ കോൻ ബനേഗ ക്രോർപതിയുടെ നിരവധി സീസണുകളിൽ അദ്ദേഹം ആതിഥേയത്വം വഹിച്ചിട്ടുണ്ട്. 1980 കളിൽ ഒരു ഹ്രസ്വകാലം അദ്ദേഹം രാഷ്ട്രീയത്തിലും പ്രവേശിച്ചിരുന്നു. കലാ രംഗത്തെ സമഗ്ര സംഭാവനകളെ മാനിച്ച് 1984 ൽ പദ്മശ്രീ, 2001 ൽ പത്മഭൂഷൺ, 2015 ൽ പത്മവിഭൂഷൺ എന്നീ ബഹുമതികൾ നൽകി ഇന്ത്യൻ സർക്കാർ അദ്ദേഹത്തെ ആദരിച്ചിരുന്നു. സിനിമാ ലോകത്തും അതിനുമപ്പുറത്തുമുള്ള അദ്ദേഹത്തിന്റെ അസാധാരണമായ കരിയറിന്റെപേരിൽ ഫ്രാൻസ് സർക്കാർ 2007 ൽ അദ്ദേഹത്തെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയായ നൈറ്റ് ഓഫ് ദി ലെജിയൻ ഓഫ് ഓണർ നൽകി ആദരിച്ചിരുന്നു. ബാസ് ലുഹ്മാന്റെ ദി ഗ്രേറ്റ് ഗാറ്റ്സ്ബി (2013) എന്ന ഹോളിവുഡ് ചിത്രത്തിലും ബച്ചൻ പ്രത്യക്ഷപ്പെടുകയും, അതിൽ മേയർ വുൾഫ്ഷൈം എന്ന ഇന്ത്യൻ ഇതര ജൂത കഥാപാത്രത്തെ അവതരിപ്പിച്ചിക്കുകയും ചെയ്തു.