EncyclopediaGeneralTrees

നിലവാക

പയർ കുടുംബത്തിലെ ഒരു സസ്യമാണ് നിലവാക. (ശാസ്ത്രീയനാമം:- Cassia Angustifolia). ചിന്നാമുക്കി, ചെന്നാമുക്കി എന്നീ പേരുകളിലറിയപ്പെടുന്ന നിലവാകയ്ക്കു സംസ്കൃതത്തിൽ സോനമുഖി, ഭൂമിചാരി, മാർക്കണ്ഡികാ എന്നീ പേരുകളുമുണ്ട്. തെക്കേ ഇന്ത്യയിൽ തിരുനെൽവേലി, മധുര, തൃശിനാപ്പള്ളി എന്നിവിടങ്ങളിലും മൈസൂറിലും നിലവാക വൻതോതിൽ കൃഷിചെയ്യുന്നു.ഒന്നരമീറ്ററോളം ഉയരത്തിൽ വളരുന്ന കുറ്റിച്ചെടിയാണ് നിലവാക. ഇലകൾ സംയുക്തമായിരിക്കും. നീണ്ട് അഗ്രം കൂർത്ത 5-7 ജോടി പത്രകങ്ങളുണ്ട്. 2.5-7 സെ.മീ. വരെ നീളവും ആറു മീ.മി. വീതിയുമുള്ളതാണ് പത്രകങ്ങൾ. പത്രകക്ഷ്യങ്ങളിൽനിന്നാണ് പുഷ്പമഞ്ജരിയുണ്ടാകുന്നത്. ഓരോ പുഷ്പമഞ്ജരിയിലും മഞ്ഞനിറത്തിലുള്ള നിരവധി പുഷ്പങ്ങളുണ്ടായിരിക്കും. ബാഹ്യദളങ്ങളും ദളങ്ങളും അഞ്ചെണ്ണം വീതമാണ്. ഏകദേശം ഒരു സെ.മീറ്ററോളം വീതിയും 3-5 സെ.മീ. നീളവുമുള്ള പോഡാണ് ഫലം. ഓരോ ഫലത്തിലും ഏഴുവിത്തുകൾ വീതമുണ്ടായിരിക്കും.ഇലകളാണ് നിലവാകയുടെ ഔഷധയോഗ്യമായ ഭാഗം. ഈ സസ്യത്തിൽ സെന്നോസൈഡ് എ (Sennoside A), സെന്നോസൈഡ് ബി (Sennoside B), മാനിറ്റോൾ (mannitol), സോഡിയം പൊട്ടാസ്യം ടാർടറേറ്റ് (Sodium potassium tartarate), സാലിസിലിക് അമ്ലം (Salicylic acid), ക്രൈസോഫാനിക് അമ്ലം (Chrysophanic acid), സാപ്പോണിൻ, എഥിരിയൽ ഓയിൽ (Etherial Oil), റെസിൻ, βസിറ്റോസ്റ്റിറോൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് തിക്തരസവും തീക്ഷ്ണ-രൂക്ഷ-ലഘു ഗുണങ്ങളും ഉഷ്ണവീര്യവുമുള്ളതാണ്. ഈ സസ്യത്തിൽ അടങ്ങിയിട്ടുള്ള സെന്നോസൈഡ് എ, ബി എന്നീ ഗ്ലൂക്കോസൈഡുകൾ വിരേചന ഔഷധങ്ങളുണ്ടാക്കാൻ ഉപയോഗിക്കുന്നു. നിലവാകയിൽ അടങ്ങിയിരിക്കുന്ന സിറ്റോസ്റ്റിറോൾ എന്ന രാസഘടകത്തിന് കാൻസറിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്നു കരുതപ്പെടുന്നു.ഇത് ചർമരോഗങ്ങൾ, കുഷ്ഠം, വാതം, കൃമി, കാസം എന്നിവയെയും ശമിപ്പിക്കും