ആൽബർട്ട് ഐൻസ്റ്റൈൻ
ആപേക്ഷികതാ സിദ്ധാന്തത്തിനു രൂപം നൽകിയ ഭൗതികശാസ്ത്രജ്ഞനാണ് ആൽബർട്ട് ഐൻസ്റ്റൈൻ; 1879 മാർച്ച് 14 – 1955 ഏപ്രിൽ 18. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രതിഭാധനനായ ശാസ്ത്രഗവേഷകനായി ഇദ്ദേഹം പരക്കെ അംഗീകരിക്കപ്പെടുന്നു. സാമാന്യ ആപേക്ഷികതാസിദ്ധാന്തം ആധുനിക ഭൗതികശാസ്ത്രത്തിലെ രണ്ടു അടിസ്ഥാനശിലകളിലൊന്നായി കണക്കാക്കപ്പെടുന്നു.
ഇദ്ദേഹത്തിന്റെ ദ്രവ്യവും–ഊർജ്ജവും തമ്മിലുള്ള ബന്ധത്തെപ്പറ്റിയുള്ള സമവാക്യമായ E = mc2 (ഇത് ലോകത്തിലെ ഏറ്റവും പ്രശസ്തമായ സമവാക്യമായി കണക്കാക്കപ്പെടുന്നു) പ്രസിദ്ധമാണ്. ക്വാണ്ടം സിദ്ധാന്തത്തിന്റെ അടിസ്ഥാനം ഈ സമവാക്യമാണ്. 1921-ൽ ഇദ്ദേഹം ഭൗതിക ശാസ്ത്രത്തിനുള്ള നോബൽ പുരസ്കാരത്തിനർഹനായി. ഫോട്ടോ എലക്ട്രിക് എഫക്റ്റ് സംബന്ധിച്ച പുതിയ നിയം രൂപവൽക്കരിച്ചതിനായിരുന്നു ഈ പുരസ്കാരം ലഭിച്ചത്. ലോകചരിത്രത്തെ ഏറ്റവും സ്വാധീനിച്ച നൂറു വ്യക്തികളുടെ ഹ്രസ്വ ചരിത്രമാണ് ദ ഹൻഡ്രഡ് എന്ന പേരിൽ മൈക്കിൾ ഹാർട്ട് 1978ൽ പ്രസിദ്ധീകരിച്ച പുസ്തകം. ഈ പട്ടികയിൽ പത്താം സ്ഥാനം ഐൻസ്റ്റൈനാണ്. 1999ൽ ടൈം മാഗസിൻ പേഴ്സൺ ഓഫ് ദി സെഞ്ച്വറിയായ് തിരഞ്ഞെടുത്തു.
ആദ്യമേ തന്നെ ഇദ്ദേഹത്തിന് ന്യൂട്ടോണിയൻ മെക്കാനിക്സ് ഇലക്ട്രോമാഗ്നറ്റിക് ഫീൽഡുകളുടെ മെക്കാനിക്സിനെ വിശദീകരിക്കാൻ പര്യാപ്തമല്ല എന്ന അഭിപ്രായമുണ്ടായിരുന്നു. ഇത് സാമാന്യ ആപേക്ഷികതാ സിദ്ധാന്തത്തിലേയ്ക്ക് നയിച്ചു. ആപേക്ഷികതാ സിദ്ധാന്തത്തിന്റെ തത്ത്വങ്ങൾ ഗുരുത്വാ കർഷണമണ്ഡലങ്ങൾക്കും ബാധകമാണെന്ന ബോദ്ധ്യം ഇദ്ദേഹത്തിനുണ്ടായി. ഗുരുത്വാകർഷണം സംബന്ധിച്ച 1916-ലെ സിദ്ധാന്തത്തിലേയ്ക്കാണ് ഈ മേഖലയിലെ പഠനം ഇദ്ദേഹത്തെ നയിച്ചത്. പാർട്ടിക്കിൾ സിദ്ധാന്തം, ബ്രൗണിയൻ ചലനം സംബന്ധിച്ച സിദ്ധാന്തം എന്നിവയും പിന്നീട് ഇദ്ദേഹം മുന്നോട്ടു വയ്ക്കുകയുണ്ടായി. പ്രകാശത്തിന്റെ താപഗുണത്തെപ്പറ്റിയുള്ള ഇദ്ദേഹത്തിന്റെ അന്വേഷണങ്ങൾ ഫോട്ടോൺ സിദ്ധാന്തത്തിന് അടിത്തറയിട്ടു. 1917-ൽ ഐൻസ്റ്റീൻ സാമാന്യ ആപേക്ഷികതാ സിദ്ധാന്തം പ്രപഞ്ചത്തിന്റെ ആകെ ഘടന വിവരിക്കാനായി ഉപയോഗിക്കാനുള്ള ഉദ്യമം നടത്തി.
1933-ൽ അഡോൾഫ് ഹിറ്റ്ലർ അധികാരത്തിൽ വന്നപ്പോൾ ഇദ്ദേഹം അമേരിക്കൻ ഐക്യനാടുകളിൽ സന്ദർശനം നടത്തുകയായിരുന്നു. ഇതിനുശേഷം അദ്ദേഹം ജർമനിയിലേയ്ക്ക് മടങ്ങിപ്പോയില്ല. ഇദ്ദേഹം ജർമനിയിൽ ബെർലിൻ അക്കാഡമി ഓഫ് സയൻസസിൽ പ്രഫസറായി ജോലി നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. ഇദ്ദേഹം അമേരിക്കൻ ഐക്യനാടിന്റെ പൗരത്വം 1940-ൽ സ്വീകരിച്ചു. രണ്ടാം ലോകമഹായുദ്ധം തുടങ്ങുന്നതിനു മുൻപായി ഇദ്ദേഹം പ്രസിഡന്റ് ഫ്രാങ്ക്ലിൻ ഡി. റൂസ്വെൽറ്റിനെ ജർമനി ആണവായുധം വികസിപ്പിക്കുവാനുള്ള സാദ്ധ്യത ധരിപ്പിക്കുകയുണ്ടായി. അമേരിക്കയും ഇത്തരം പഠനം നടത്തണമെന്ന് ഇദ്ദേഹം അഭ്യർത്ഥിച്ചു. ഇതാണ് മാൻഹാട്ടൻ പ്രോജക്റ്റിന് വഴി തെളിച്ചത്. സഖ്യകക്ഷികളുടെ പ്രതിരോധത്തിന് ഐൻസ്റ്റീൻ പിന്തുണ നൽകിയെങ്കിലും ആണവവിഭജനം ആയുധനിർമ്മാണത്തിനായി ഉപയോഗിക്കുന്നതിനെതിരായിരുന്നു[അവലംബം ആവശ്യമാണ്]. പിന്നീട് ബെർട്രാന്റ് റസ്സലുമായിച്ചേർന്ന്, ഐൻസ്റ്റീൻ റസൽ-ഐൻസ്റ്റീൻ മാനിഫെസ്റ്റോ തയ്യാറാക്കുകയുണ്ടായി. ഇത് ആണവായുധങ്ങളുടെ അപകടങ്ങൾ എടുത്തുപറയുന്ന രേഖയാണ്. ഐൻസ്റ്റീന്റെ മരണം വരെ ഇദ്ദേഹം പ്രിൻസ്റ്റണിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡി എന്ന സ്ഥാപനത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്.300-ലധികം ശാസ്ത്രപ്രബന്ധങ്ങളും 150 ശാസ്ത്രേതര ഗ്രന്ഥങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ബൗദ്ധികരംഗത്തെ സ്വാധീനം കാരണം “ഐൻസ്റ്റീൻ” എന്ന വാക്ക് അതിബുദ്ധിമാൻ എന്ന അർത്ഥത്തിൽ പ്രയോഗിക്കാറുണ്ട്.