ആലപ്പുഴ
മധ്യ കേരളത്തിലെ ഒരു നഗരമാണ് ആലപ്പുഴ. ആലപ്പുഴ ജില്ലയുടെ ആസ്ഥാനമാണ് ഇത് . ബ്രിട്ടീഷ് ഭരണത്തിന്റെ നാളുകളിൽ ആലപ്പുഴ അറിയപ്പെട്ടിരുന്നത് ആലപ്പി എന്ന പേരിലായിരുന്നു. കിഴക്കിന്റെ വെനീസ് എന്ന് ആലപ്പുഴയെ വിശേഷിപ്പിക്കാറുണ്ട്. വെനീസിലെ പോലെ തലങ്ങും വിലങ്ങുമുള്ള തോടുകളാണ് ഈ വിശേഷണത്തിന് അടിസ്ഥാനം. മലഞ്ചരക്ക് വ്യാപാരത്തിന്റെ പ്രൌഢകാലങ്ങളിൽ ജലഗതാഗതത്തിനായി ഈ തോടുകൾ ഉപയോഗിച്ചിരുന്നു. കേരളത്തിൽ പ്രാചീനകാലത്ത് ബുദ്ധമതം ഏറ്റവും പ്രബലമായിരുന്നത് ആലപ്പുഴയിലും സമീപ പ്രദേശങ്ങളിലുമായിരുന്നു. 2016ൽ സെന്റർ ഫൊർ സയൻസ് ആന്റ് എൻവയോണ്മെന്റ് (സി.എസ്.ഇ) മൈസൂർ, പനജി എന്നീ നഗരങ്ങൾക്കൊപ്പം ഇന്ത്യയിലെ എറ്റവും വൃത്തിയുള്ള നഗരമായി ആലപ്പുഴയെ തിരഞ്ഞെടുത്തു.
ചരിത്രം
ആദിചേരസാമ്രാജ്യത്തിന്റെ തുടക്കം കുട്ടനാട്ടിൽ നിന്നും എന്നാണ് സംഘം കൃതികളിൽ നിന്ന് തെളിയുന്നത്. അതിനടുത്തുള്ള ആലപ്പുഴയിൽ പ്രധാനമായ ഒരു തുറമുഖമായിരുന്നു എന്ന് പെരിപ്ലസ് എന്ന കൃതിയിൽ നിന്നും മനസ്സിലാക്കാം. എ,ഡി. 80-ൽ അജ്ഞാതനായ ചരിത്രകാരൻ എഴുതിയ ഈ കൃതിയിലാണ് കുട്ടനാടിനെ സംബന്ധിച്ച ആദ്യ വിവരണങ്ങൾ പ്രത്യക്ഷപ്പെടുന്നത്. ‘കൊട്ടണാരെ’ എന്നാണദ്ദേഹം എഴുതിയിരിക്കുന്നത്. മുസ്സിരിസ്സിൽ (ഇന്നത്തെ കൊടുങ്ങല്ലൂർ നിന്നും 500സ്റ്റേഡിയ (ഏകദേശം 96 കി.മീ.) അകലെ നെൽസിന്ധിയ സ്ഥിതിചെയ്യുന്നു, ഇത് സമുദ്രതീരത്തു നിന്നും 120 സ്റ്റേഡിയ ഉള്ളിലുമാണ് എന്നാണദ്ദേഹം എഴുതിയിരിക്കുന്നത്. നെൽസിന്ധ്യ നീണ്ടകരയാണെന്നും നിരണമാണെന്നും അഭിപ്രായങ്ങൾ ഉണ്ട്. ഈ സ്ഥലത്തിനും മുസിരിസ്സിനും ഇടക്കുള്ള ഒരു നദീമുഖത്താണ് ബക്കരെ എന്ന സ്ഥലമെന്ന് അദ്ദേഹം പ്രസ്താവിച്ചിരിക്കുനു. ബക്കരെ പുറക്കാട് ആണ് എന്ന് ചരിത്രകാരന്മാർ ഏകാഭിപ്രായത്തിലെത്തിയിരിക്കുന്നു. ഇത് ആലപ്പുഴയിലാണ്. തൃക്കുന്നപ്പുഴക്കും പുറക്കാടിനും മദ്ധ്യത്തിൽ സ്ഥിതിചെയ്യുന്ന പ്രദേശമായിരുന്ന ശ്രീമൂലവാസം അക്കാലത്ത് ലോകത്തിലേ ഏറ്റവും പ്രശസ്തമായ ബുദ്ധമതകേന്ദ്രമായിരുന്നു
അക്കാലത്ത് അറബിക്കടൽ കുട്ടനാടിന്റെ അതിരായിരുന്നു[6]. ആലപ്പുഴയുടെ തീരപ്രദേശങ്ങളായ കാർത്തികപ്പള്ളി, അമ്പലപ്പുഴ, ചേർത്തല എന്നീ ഭാഗങ്ങൾ ക്രി.വ. 2-നു മുൻപ് അറബിക്കടലിനടിയിലായിരുന്നുവെന്നും അക്കാലത്ത് അറബിക്കടലിന്റെ അതിരു വേമ്പനാട്ടു കായലിന്റെ കിഴക്കൻ ഭാഗങ്ങളായിരുന്നു എന്നും ഭൗമശാസ്ത്രഞ്ജർ വിലയിരുത്തിയുട്ടുണ്ട്. ഉണ്ണുനീലി സന്ദേശം എന്ന സംഘകാലകൃതിയിൽ നിന്നും ഇക്കാലത്തെ ഭൂപ്രകൃതിയെക്കുറിച്ചുള്ള അവഗാഹം ലഭിക്കുന്നുണ്ട്.കേരളത്തിൻറെ പലഭാഗങ്ങളും കടൽ പിന്മാറി ഉണ്ടായതാണെന്ന് തെളിയി ക്കപ്പെട്ടിട്ടുണ്ട്. ഇത്തരത്തിൽ കടൽവയ്പ് പ്രദേശങ്ങളാണ് ആലപ്പുഴ ജില്ലയിലെ മിക്ക പ്രദേശങ്ങളും.