അക്ഷയ് കുമാർ
ബോളിവുഡ് ഹിന്ദി ചലച്ചിത്രരംഗത്തെ ഒരു നടനാണ് അക്ഷയ് കുമാർ. എൺപതോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 1990കളിൽ ഒരു ആക്ഷൻ നായകനായിട്ടാണ് അക്ഷയ് കൂടുതലും സിനിമകളിൽ അഭിനയിച്ചത്. അക്കാലത്ത് ആക്ഷൻ നായകനായി വിജയിച്ച ചില ചിത്രങ്ങൾ ഖിലാഡി, മോഹ്ര, സബ്സെ ബഡ ഖിലാഡി എന്നിവയാണ്. പിന്നീട് 2000 ൽ ധഡ്‌കൻ , ഏക് രിഷ്ത എന്നീ സിനിമകളിൽ ഒരു റൊമാന്റിക് നായകനായും അഭിനയിച്ചു. 2001 ൽ അഭിനയിച്ച അജ്നബീ എന്ന ചിത്രത്തിലെ വേഷത്തിന് മികച്ച വില്ലനുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചു. 2009-ൽ ഭാരതസർക്കാറിന്റെ പത്മശ്രീ പുരസ്കാരം ലഭിച്ചു.
ആദ്യജീവിതം
രാജീവ് ഹരി ഓം ഭാട്ടിയ എന്ന പേരിൽ പഞ്ചാബിലെ ഒരു ചെറിയ ഗ്രാമത്തിലാണ് അക്ഷയ് ജനിച്ചത്. അദേഹത്തിന്റെ പിതാവ് ഒരു സർക്കാർ ഉദ്യോഗസ്ഥനായിരുന്നു. ചെറുപ്പ കാലത്തിലേ നൃത്തത്തിൽ വളരെയധികം താൽപ്പര്യമുള്ള ഒരു വ്യക്തിയായിരുന്നു അക്ഷയ്. ഡൽഹിയിൽ വളർന്ന അക്ഷയ് തന്റെ കുടുംബത്തോടൊപ്പം മുംബൈയിലേക്ക് താമസം മാറി. മുംബൈയിൽ കോലിവാല എന്ന പഞ്ചാബികൾ താമസിക്കുന്ന സ്ഥലത്തായിരുന്നു അക്ഷയും കുടുംബവും താമസിച്ചിരുന്നത്.
ആദ്യകാലത്തെ ജോലിക്ക് വേണ്ടി ബാങ്കോക്കിലേക്ക് പോയ അക്ഷയ് അവിടെനിന്ന് ആയോധനകലകളിൽ അഭ്യാസം നേടി. പിന്നീട് മുംബൈയിലേക്ക് തിരിച്ചുവരികയും ഒരു മാർഷൽ ആർട്സ് അദ്ധ്യാപകനായി ജോലി നോക്കുന്നതിനിടക്ക് മോഡലിങ്ങിൽ അവസരം ലഭിക്കുകയും പിനീട് സിനിമയിലേക്ക് വരികയും ചെയ്യുകയായിരുന്നു.