അജിത് ഡോവൽ
ഇന്ത്യയുടെ രഹസ്യാന്വേഷണ വിഭാഗം മുൻ തലവനും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമാണ് അജിത് ഡോവൽ. 1945-ൽ ഉത്തരാഖണ്ഡിൽ ജനിച്ചു. 1968 ബാച്ച് കേരളാ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു അജിത്. 1971 ലെ തലശ്ശേരി കലാപം അമർച്ച ചെയ്യാൻ അന്ന് കെ. കരുണാകരൻ അവിടത്തെ എ.എസ്.പി. ആയി അയച്ചത് ഡോവലിനെ ആയിരുന്നു. ഇന്ത്യൻ ഹൈക്കമ്മീഷണറായി ഏഴുവർഷക്കാലം പാകിസ്താനിൽ പ്രവർത്തിച്ചിരുന്നു. 33 വർഷവും ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗത്തിലാണ് ജോലി ചെയ്തിരുന്നത്. പത്തുവർഷം ഐ.ബി.യുടെ ഓപ്പറേഷൻ വിംഗിന്റെ തലവനുമായിരുന്നു അജിത്.
1988-ൽ സുവർണ്ണ ക്ഷേത്രത്തിലൊളിച്ച ഖാലിസ്ഥാൻ ഭീകരർക്കെതിരായി നടന്ന ഓപ്പറേഷൻ ബ്ലാക്ക് തണ്ടറിലെ നിർണ്ണായക രഹസ്യവിവരങ്ങൾ ഇദ്ദേഹമായിരുന്നു നൽകിയത്. 1999-ൽ നടന്ന ഖാണ്ഡഹാർ വിമാന റാഞ്ചലിൽ ഭീകരരുമായി ആശയവിനിമയം നടത്തി ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ അജിതിന്റെ നേതൃത്വത്തിൽ നടന്നു. പഞ്ചാബ്, ജമ്മുകാശ്മീർ, ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലകൾ എന്നിവിടങ്ങളിലെല്ലാം നിർണ്ണായക സാഹചര്യങ്ങളുണ്ടായപ്പോൾ അജിത് ഡോവൽ നിയമിതനായിരുന്നു. ഇന്ത്യ-ചൈന അതിർത്തി പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രത്യേക ദൂതനായി ഡോവലിനെ ഇന്ത്യ നിയമിച്ചിരുന്നു. മ്യാന്മർ, ചൈന തുടങ്ങിയ രാജ്യങ്ങളുമായുള്ള ഒട്ടനവധി വിഷയങ്ങളിൽ അജിത് ഡോവൽ നിയമിക്കപ്പെട്ടിട്ടുണ്ട്. 2005-ൽ സർവ്വീസിൽ നിന്നും വിരമിച്ചു.