CountryEncyclopedia

അഹാർ

അഹാർ (പേർഷ്യൻ: اهر, Azerbaijani: اهر) ഇറാനിലെ കിഴക്കൻ അസർബൈജാൻ പ്രവിശ്യയിലെ അഹാർ കൗണ്ടിയിലെ ഒരു നഗരവും അതിൻറെ തലസ്ഥാനവുമാണ്. 2016 ലെ കനേഷുമാരി പ്രകാരം, 20,844 കുടുംബങ്ങളിലായി 100,641 ജനസംഖ്യയുള്ള പ്രവിശ്യയിലെ ഏറ്റവും ജനസംഖ്യയുള്ള നാലാമത്തെ നഗരമാണ് അഹാർ. 18-ഉം 19-ഉം നൂറ്റാണ്ടുകളിൽ കരദാഗ് ഖാനേറ്റിന്റെ തലസ്ഥാനമായി അഹാർ അറിയപ്പെട്ടിരുന്നു.

റുസ്സോ-പേർഷ്യൻ യുദ്ധത്തിന്റെ (1804-13) പശ്ചാത്തലത്തിൽ ഏകദേശം 3500 നിവാസികളുള്ള അഹാർ നഗരം ഖരാദാഗിലെ ഏക നഗരമായിരുന്നു. 1830-കളുടെ മധ്യത്തോടെ ഏകദേശം അറുനൂറോളം വീടുകളിൽ അയ്യായിരം മുതൽ ആറായിരം വരെ ജനസംഖ്യയുണ്ടായിരുന്നതായി കണക്കാക്കപ്പെടുന്നു. 1956 ആയപ്പോഴേക്കും നഗര ജനസംഖ്യ 19816 ആയി വർദ്ധിച്ചു.2016 ലെ സെൻസസ് പ്രകാരം 20,844 കുടുംബങ്ങളിലായി 100,641 ആയിരുന്നു ഇവിടുത്തെ ജനസംഖ്യ. ഈ ജനസംഖ്യാ കുതിച്ചുചാട്ടം ഉണ്ടായിരുന്നിട്ടുകൂടി നഗരം വളരെ ചെറിയ അയൽപക്കത്തുള്ളതും പിന്നീട് ഒരു വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ രാജ്യവ്യാപകമായി പ്രശസ്തി നേടിയതുമായ കലേബാർ നഗരത്തിനുമുന്നിൽ അതിൻറെ മുൻകാല പ്രാധാന്യം നഷ്‌ടപ്പെടുത്തുന്നു.

ചരിത്രം

അസർബൈജാനിലെ പുരാതന നഗരങ്ങളിലൊന്നായിരുന്ന അഹാർ നഗരത്തിൻറെ ഇസ്ലാമിന് മുമ്പുള്ള പേര് “മൈമാദ്” എന്നായിരുന്നു. 12-13 നൂറ്റാണ്ടുകളിൽ, ജോർജിയൻ ഉത്ഭവമള്ള ഹ്രസ്വകാല പിഷ്‌റ്റെഗിനിഡ് രാജവംശം (1155-1231) ഭരിച്ചിരുന്ന സമ്പന്നമായ ഒരു എമിറേറ്റായിരുന്നു അഹാർ. പതിമൂന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ യാഖുത് അൽ-ഹമാവി എഴുതിയത് അഹാർ ഒരു ചെറു പ്രദേശമായിരുന്നിട്ടും അഭിവൃദ്ധിയിലേയ്ക്ക് കുതിക്കുന്നതായാണ്.

ഇൽഖാനേറ്റിന്റെ ഭരണകാലത്ത് നഗരത്തിന് അതിന്റെ ഗതകാല പ്രാമുഖ്യം നഷ്ടപ്പെട്ടു. പതിനാലാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ഹംദല്ല മുസ്തൗഫി തൻറെ കുറിപ്പുകളിൽ അഹറിനെ ഒരു ചെറിയ പട്ടണമായി വിശേഷിപ്പിക്കുന്നു. നിലവിൽ ഒരു ഇടത്തരം ഗ്രാമമായിരുന്ന മർദാനകോമുമായി ഇതിൻറെ നികുതി വരുമാനത്തെ താരതമ്യപ്പെടുത്താവുന്നതാണെന്ന് അദ്ദേഹം കണക്കാക്കുന്നു.

അസർബെയ്ജാനെ സഫാവി സാമ്രാജ്യത്തിൻറെ ആധിപത്യത്തിലാക്കുന്നതിനുള്ള സഫാവിദ് രാജാക്കന്മാരുടെ ഒരു അജണ്ടയെന്ന നിലയിൽ അവർ അഹാർ നഗരത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. അങ്ങനെ, ഷെയ്ഖ് ഷിഹാബ്-അൽ-ദീന്റെ ശവകുടീരം ഷാ അബ്ബാസ് അഹാർ നഗരത്തിൽ പുനർനിർമ്മിക്കപ്പെട്ടു.

യഥാക്രമം (1804-13), (1826-28) കാലഘട്ടങ്ങളിലെ രണ്ട് റുസ്സോ-പേർഷ്യൻ യുദ്ധങ്ങളിലും അഹാർ നഗരം വളരെയധികം കഷ്ടനഷ്ടങ്ങൾ അനുഭവിച്ചു. 1837-1843 കാലഘട്ടത്തിൽ പാശ്ചാത്യ സഞ്ചാരികൾ 700 ഓളം കുടുംബങ്ങളുള്ള അഹാർ എന്ന നഗരത്തെ വളരെ ദയനീയമായ അവസ്ഥയിൽ കണ്ടെത്തി. ഖറാദാഗിലെ ഗവർണർമാരായി അയയ്ക്കപ്പെട്ട ഖ്വജർ രാജകുമാരന്മാർ തങ്ങളെ സ്ഥാനങ്ങളിൽനിന്ന് നീക്കം ചെയ്യുന്നതിനുമുമ്പ് കഴിയുന്നത്ര സമ്പത്ത് ശേഖരിക്കാൻ തിടുക്കം കൂട്ടുന്നതായി അവർക്ക് തോന്നി.

അറസ്ബരൻ ഗോത്രങ്ങളുടെ സായുധ പോരാട്ടങ്ങളിൽ പങ്കാളിയായിരുന്ന അഹാർ നഗരം പേർഷ്യൻ ഭരണഘടനാ വിപ്ലവത്തിന്റെ പ്രഭവകേന്ദ്രങ്ങളിലൊന്നായിരുന്നു. വിപ്ലവ, പ്രതിവപ്ലവ ക്യാമ്പുകൾക്ക് യഥാക്രമം നേതൃത്വം നൽകിയത് ഖ്വറാദാഗ് മേഖലയിൽ നിന്നുള്ള സത്താർ ഖാനും റഹിംഖാൻ ചലാബിയാൻലൂവുമായിരുന്നു. 1925-ൽ റെസാ ഷായുടെ സൈന്യം അഹമ്മദ് ഷാ ഖജറിനെ സ്ഥാനഭ്രഷ്ടനാക്കി പഹ്‌ലവി രാജവംശം സ്ഥാപിച്ചപ്പോൾ, അഹാർ നഗരത്തിൻറെ ക്രമാനുഗതമായ പതനം ആരംഭിച്ചു. പുതിയ രാജാവ് വംശീയ ദേശീയതയിലും സാംസ്കാരിക ഏകീകൃതതയിലും ഉറച്ചുനിൽക്കുകയും നിർബന്ധിതമായ പുനർവിഭജനം, വികേന്ദ്രീകരണം എന്നിവ ഉപയോഗിച്ച് തന്റെ നയങ്ങൾ നടപ്പിലാക്കുകയും ചെയ്തു. നിവാസികളുടെ തുർക്കി സ്വത്വം നിഷേധിക്കാൻ അദ്ദേഹം ഖരദാഗിനെ അരാസ്ബറൻ എന്ന് പുനർനാമകരണം ചെയ്തു.