അകത്തി
ഫാബേസീ സസ്യകുടുംബത്തിൽപ്പെട്ട ഒരു ചെറുമരമാണ് അകത്തി. സംസ്കൃതത്തിൽ അഗസ്തി, അഗസ്തിക, മുനിദ്രുമം, വംഗസേന എന്നീ പേരുകളിൽ അറിയപ്പെടുന്നു. മധ്യകേരളത്തിൽ “അഗസ്ത്യാർ മുരിങ്ങ” എന്നും തമിഴിൽ (അകത്തി) എന്നും അറിയപ്പെടുന്നു. 6 മീറ്റർ മുതൽ 8 മീറ്റർ വരെ ഉയരത്തിൽ വരെ ഈ സസ്യം വളരുന്നു. ഉഷ്ണമേഖലാ പ്രദേശങ്ങളിൽ സാധാരണയായി കണ്ടുവരുന്ന ഈ ചെടിയുടെ ജന്മദേശം ഇന്ത്യയോ തെക്കുകിഴക്കൻ ഏഷ്യയോ ആണെന്നു കരുതപ്പെടുന്നു. ആപേക്ഷിക ആർദ്രതയും ചൂടും കൂടുതലുള്ള പ്രദേശങ്ങളിലാണ് ഇത് പൊതുവേ വളരുന്നത്. തെക്കുകിഴക്കൻ ഏഷ്യയിലെ ചില പ്രദേശങ്ങളിൽ അകത്തിയുടെ പൂവ്, ഫലം, ഇല എന്നിവ ആഹാരമായി ഉപയോഗിക്കുന്നു.
പ്രത്യേകതകൾ
വെളുപ്പും, ചുവപ്പും, മഞ്ഞയും, നീലയും നിറമുളള പൂവുകളൊടു കൂടിയ നാലിനം അകത്തികൾ ഉണ്ട്. പക്ഷേ ചുവന്ന പൂക്കളും വെള്ള പൂക്കളും ഉള്ള ഇനങ്ങളാണ് സാധാരണ കണ്ടുവരുന്നത്. ഇലകൾ സംയുക്തപർണങ്ങളും അവയുടെ ക്രമീകരണം സമ്മുഖരീതി (opposite) യിലുമാണ്. പർണവൃത്ത തല്പങ്ങളും (Pulvinus), അനുപർണങ്ങളും (Stipules)ഉണ്ട്. ഫെബ്രുവരി മാർച്ച് മാസങ്ങളിൽ ഇലക്കും തണ്ടിനും ഇടക്കുള്ള കക്ഷത്തിൽ പുഷ്പമഞ്ജരികൾ ഉണ്ടാകുന്നു. പൂമൊട്ടിന് അരിവാളിന്റെ ആകൃതിയാണ്. പുഷ്പങ്ങളുടെ ബാഹ്യദളപുടത്തിൽ (Calyx) അഞ്ചു ബാഹ്യദളങ്ങളും (Sepals), ദളപുടത്തിൽ (Corolla) സ്വതന്ത്രമായ അഞ്ചു ദലങ്ങളും കാണാം. ഒരു പതാക ദളവും (standard petal) രണ്ടു പക്ഷ ദളങ്ങളും (wing petals) രണ്ടു പോതക ദളങ്ങ(keel petals)ളും പത്തു കേസരങ്ങളുമുണ്ട്. കേസരങ്ങളിൽ ഒമ്പതെണ്ണം ഒരു കറ്റയായും ഒരെണ്ണം സ്വതന്ത്രമായും കാണപ്പെടുന്നു. പുഷ്പങ്ങൾ ദ്വിലിംഗങ്ങൾ (Bisexuals) ആണ്. കേസരപുടത്തിൽ (Androecium) പത്തു കേസരങ്ങളും ‘(Stamen)’ ജനിപുടത്തിൽ (Gynoecium) ഒരു ജനിപത്രവും (Carpel) ഒരു അണ്ഡാശയവും (Ovary) കാണുന്നു. ഒറ്റ അറമാത്രമുള്ള ഊർധ്വവർത്തി അണ്ഡാശയ മാണിതിന്. കായ്കൾക്കു ഏകദേശം 30-40 സെ. മീ. നീളം. അകത്തി വീടുകളിലെ തൊട്ടങ്ങളിൽ വച്ചുപിടിക്കാവുന്ന ഒരു സസ്യമാണ്. ഇലയും പൂവും കറി വയ്ക്കാൻ ഉപയോഗിക്കുന്നു. മുരിങ്ങക്കായ് പോലുള്ള കായയ്ക്ക് 30 സെ.മീ നീളവും 3-4 മി മീ ഘനവും ഉണ്ടാകും. ഒരു കായയിൽ 15-50 വിത്തുകളുണ്ടാവും