കൊളംബസിന് ശേഷം
യൂറോപ്പിന് അമേരിക്കന്‍ ഭൂഖണ്ഡത്തിലേക്കുള്ള വഴി തുറന്നുകൊടുത്തു എന്നതാണ് കൊളംബസിന്റെ ഏറ്റവും വലിയ സംഭാവന. അദ്ദേഹത്തിനു ശേഷം നൂറ്റാണ്ടുകളോളം ഈ പ്രദേശങ്ങളിലേക്ക് പര്യവേഷകരും ചൂഷകരും ഒരു പോലെ വന്നെത്തി.
കൊളംബസും പിന്‍ഗാമികളും കീഴടക്കിയ നാടുകളിലെ ജനങ്ങളുടെ ജീവിതം ദുരിതപൂര്‍ണ്ണമായിരുന്നു. അടിമക്കച്ചവടവും കൊന്നൊടുക്കലുകളും പകര്‍ച്ചവ്യാധികളും പരിസ്ഥിതിയിലുണ്ടായ മാറ്റങ്ങളും അവരുടെ ജനസംഖ്യ ക്രമാതീതമായി കുറച്ചു. അതേസമയം യൂറോപ്യന്മാര്‍ ആ നാടുകളിലെ പ്രകൃതിവിഭവങ്ങള്‍ കൊള്ളയടിച്ചുകൊണ്ടിരുന്നു. സ്പെയിനും പോര്‍ച്ചുഗലുമൊക്കെ അതിസമ്പന്ന രാഷ്ട്രങ്ങളായി. അമേരിക്കയെ അവര്‍ പങ്കിട്ടെടുത്തു. കച്ചവടത്തിന്റെ പേരില്‍ കടല്‍ കടന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ പിന്നീട് ഏഷ്യയും അഫ്രിക്കയുമെല്ലാം അവരുടെ കോളനികളാക്കി നൂറ്റാണ്ടുകളോളം ഭരിച്ചു.
ഇതിനൊക്കെ തുടക്കം കുറിച്ച കൊളംബസ് ഇന്ന് രണ്ടു തരത്തിലാണ് ഓര്‍മിക്കപ്പെടുന്നത്. പുതിയ ലോകത്തേക്ക് വഴി തുറന്ന മഹാനാവികനായും ഒപ്പം കണ്ടെത്തിയ നാടുകളിലെ ജനങ്ങളുടെ ജീവിതം നരകമാക്കിയ ചൂഷകനായും.!