അടൂർ ഭാസി
മലയാള സിനിമാ ഹാസ്യത്തിന് ഒരു പുതിയ ദിശ നൽകിയ ഒരു ഹാസ്യനടനായിരുന്നു അടൂർ ഭാസി (ജീവിതകാലം: 1 മാർച്ച് 1927 – 29 മാർച്ച് 1990). എന്നും നായകന്റെ അടുത്തു നിൽക്കുന്ന ഒരു കഥപാത്രമായിട്ടാണ് ഭാസി സിനിമകളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ആദ്യ കാല ബ്ലാക്ക് & വൈറ്റ് മലയാളചിത്രങ്ങളിൽ ഹാസ്യത്തിന്റെ ഒരു അവിഭാജ്യഘടകമായിരുന്നു ഭാസി. അഭിനയം കൂടാതെ രചയിതാവ്, പത്ര പ്രവർത്തകൻ, ഗായകൻ , നിർമാതാവ് എന്നീ നിലകളിലും ഭാസി പ്രവർത്തിച്ചിട്ടുണ്ട്. പ്രശസ്ത നടനായിരുന്ന ബഹദൂറുമായി ചേർന്നുള്ള സഖ്യം മലയാള സിനിമയിൽ ഒരു ഭാസി-ബഹദൂർ എന്ന ഒരു സംസ്കാരം തന്നെ സൃഷ്ടിച്ചു. ഇതിനു ആസ്പദമായി കേരളത്തിൽ പുറത്തിറങ്ങിയ കാർട്ടൂൺ പരമ്പരയും പ്രശസ്തമാണ്.
ജീവിതരേഖ
1927 മാർച്ച് ഒന്നിനു (കുംഭമാസത്തിൽ അവിട്ടം നക്ഷത്രത്തിൽ)ഹാസ്യസാഹിത്യകാരനായിരുന്ന ഇ.വി. കൃഷ്ണപ്പിള്ളയുടേയും, സി.വി. രാമൻ പിള്ളയുടെ മകൾ കെ. മഹേശ്വരി അമ്മയുടേയും ഏഴുമക്കളിൽ നാലാമനായി കെ. ഭാസ്കരൻ നായർ എന്ന ഭാസി തിരുവനന്തപുരം വഴുതക്കാട്ട് റോസ്കോട്ട് ബംഗ്ലാവിൽ ജനിച്ചു. പ്രമുഖ ചലച്ചിത്രനടനായിരുന്ന പരേതനായ ചന്ദ്രാജി (രാമചന്ദ്രൻ നായർ), പരേതയായ ഓമനയമ്മ, രാജലക്ഷ്മിയമ്മ, പ്രശസ്ത മാധ്യമപ്രവർത്തകനായിരുന്ന പത്മനാഭൻ നായർ, പരേതരായ ശങ്കരൻ നായർ, കൃഷ്ണൻ നായർ എന്നിവരായിരുന്നു അദ്ദേഹത്തിൻറെ സഹോദരങ്ങൾ. പ്രശസ്ത സാഹിത്യകാരൻ സി.വി. രാമൻപിള്ളയുടെ മകളാണ് ഇദ്ദേഹത്തിന്റെ അമ്മ. സന്തോഷത്തോടെ ജീവിക്കുന്നതിനിടയിൽ പിതാവായ ഇ.വി. കൃഷ്ണപിള്ള മരിച്ചു. അച്ഛന്റെ മരണത്തോടെ അവർ അടൂരിലേക്ക് താമസം മാറ്റി. ചെറിയക്ലാസുകൾ അടൂരിൽ പഠിച്ച ഭാസി ഇന്റർമീഡിയേറ്റ് പഠിക്കാനാണ് പിന്നീട് തിരുവനന്തപുരത്തെത്തുന്നത്. അടൂർ പെരിങ്ങനാട് ചെറുതെങ്ങിലഴികത്ത് തറവാട്ടിലാണ് ജനിച്ചത് എന്നും അഭിപ്രായം ഉണ്ട്. ആദ്യം മധുരയിലായിരുന്നു അദ്ദേഹം ജോലി ചെയ്തിരുന്നത്. തിരുവനന്തപുരം ആകാശവാണിയിൽ ഉദ്യോഗത്തിലിരിക്കുമ്പോൾ പ്രശസ്ത സാഹിത്യകാരനായിരുന്ന ടി എൻ ഗോപിനാഥൻനായരെ പരിചയപ്പെട്ടു. അദ്ദേഹം പത്രാധിപരായിരുന്ന ‘സഖി‘ വാരികയിൽ അദ്ദേഹം സഹപത്രാധിപരായി നിയമിതനായി. അക്കാലത്ത് തിരുവനന്തപുരത്തെ പ്രശസ്ത അമച്വർ നാടക സംഘടനയായ കലാവേദിയിൽ അഭിനയിക്കാൻ അവസരം ലഭിച്ചു. ടി. ആർ. സുകുമാരൻനായർ, ടി എൻ ഗോപിനാഥൻനായർ, ജഗതി എൻ കെ ആചാരി, നാഗവള്ളി ആർ എസ് കുറുപ്പ്, പി കെ വിക്രമൻനായർ തുടങ്ങിയവരോടൊപ്പം നാടകരംഗത്ത് ദീർഘകാലം പ്രവർത്തിച്ചു. വൃക്കരോഗബാധയെ തുടർന്ന് 1990 മാർച്ച് 29-ന് 63-ആം വയസ്സിൽ തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ച് അദ്ദേഹം അന്തരിച്ചു . അച്ഛന്റെ 52-ആം ചരമവാർഷികത്തിന്റെ തലേദിവസമായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. മൃതദേഹം വിലാപയാത്രയായി അടൂരിലെ തറവാട്ടുവീട്ടിലെത്തിച്ചശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു.