അക്കേഷ്യ
സാധാരണയായി വാറ്റിൽ എന്ന് അറിയപ്പെടുന്ന അക്കേഷ്യ (Acacia) ഫാബേസീ സസ്യകുടുംബത്തിലെ വളരെയേറെ സ്പീഷിസുകൾ ഉള്ള ഒരു ജനുസാണ്. ആഫ്രിക്കയിലെയും ആസ്ത്രേലിയയിലെയും തദ്ദേശവാസികളായ കുറെ സ്പീഷിസുകൾ ആണ് ഇതിൽ ആദ്യം ഉണ്ടായിരുന്നത്. എന്നാൽ 2000 -ന്റെ തുടക്കത്തിൽ ഇവ രണ്ടും ഒരേ പൂർവ്വികരിൽ നിന്നും ഉടലെടുത്തതല്ലെന്ന വിവാദം പൊട്ടിപ്പുറപ്പെട്ടു. പലതിനെയും പല ജനുസുകളിൽ പെടുത്തേണ്ടതാണെന്ന വാദവും ഉണ്ടായി. ടൈപ് സ്പീഷിസ് ആയ അക്കേഷ്യ നിലോട്ടിക്കയുമായി ബന്ധമില്ലാത്തവയാണ് ആസ്ത്രേലിയയിൽ കാണുന്ന 900- ത്തോളം സ്പീഷിസ് എന്ന വിവരവും പുറത്തുവന്നു. അതിനാൽ ആഫ്രിക്കയിൽ ഉള്ളതിനേക്കാൾ എണ്ണം കൂടുതൽ ഉള്ള ആസ്ത്രേലിയയിലെ സ്പീഷിസുകൾ വേറെ ജനുസ് ആയി പുനർനാമകരണം ചെയ്യേണ്ട അവസ്ഥയായി. സസ്യശാസ്ത്രജ്ഞൻ ആയ ലെസ് പെഡ്‌ലി അതിനെ റാക്കോസ്പേർമ എന്ന് പേരിട്ടെങ്കിലും അത് പൂർണ്ണമായി സ്വീകൃതമായില്ല. ആസ്ട്രേലിയക്കാരായ ശാസ്ത്രജ്ഞർ അവരുടേതാണ് കൂടുതൽ എണ്ണം ഉള്ളതെന്നും അക്കേഷ്യ പെന്നിനേർവിസിനെ പുതിയ ടൈപ് സ്പീഷ്ജിസ് ആക്കിക്കൊണ്ട് അവരുടേത് അക്കേഷ്യ എന്ന് തന്നെ നിലനിർത്തണമെന്നും ആഫ്രിക്കയിലേതിന് വച്ചേലിയ എന്ന് പേർ നൽകണമെന്നും ആവശ്യം ഉന്നയിച്ചു. ഇതിന് സ്വീകാര്യത കിട്ടിയെങ്കിലും ആഫ്രിക്കയിലെയും മറ്റു പലയിടത്തെയും ശാസ്ത്രജ്ഞർ അതിനെ എതിർത്തു.