വേഷം വിശേഷം
മൃഗങ്ങളുടെ തോലും മരത്തൊലിയും ഒക്കെയാണ് പണ്ടത്തെ വസ്ത്രം ഇന്നും ആഫ്രിക്കയില്‍ ചുരുക്കം ചിലര്‍ അതൊക്കെ ഉപയോഗിക്കുന്നുണ്ട്.
തന്നെക്കുറിച്ചുള്ള വിവരങ്ങള്‍ മറ്റുള്ളവരെ അറിയിക്കാന്‍ കൂടിയുള്ള മാര്‍ഗമാണ് ആഫ്രിക്കക്കാര്‍ക്ക് വസ്ത്രം.ഒരു ആഫ്രിക്കക്കാരന്റെ വസ്ത്രത്തില്‍ നിന്നു അയാളുടെ വര്‍ഗം, തൊഴില്‍, താമസിക്കുന്ന പ്രദേശം, കാലാവസ്ഥ, സാമ്പത്തിക നില, സമൂഹത്തിലെ അയാളുടെ സ്ഥാനം എന്നിവയെല്ലാം തിരിച്ചറിയാം.
കടുംനിറങ്ങളും ധാരാളം ഡിസൈനുകളുമുള്ള വസ്ത്രങ്ങളോടാണ് ആഫ്രിക്കക്കാര്‍ക്ക് പ്രിയം.
നമീബിയയിലെ ഹെരേരോ സ്ത്രീകള്‍ തുകല്‍ കൊണ്ടുള്ള മേല്‍ക്കുപ്പായവും ധാന്യമണികള്‍ കോര്‍ത്ത ആഭരണങ്ങളുമാണ് ധരിച്ചിരുന്നത്.
ക്വന്യാമ എന്ന വര്‍ഗത്തിലെ പെണ്‍കുട്ടികളുടെ വിവാഹനിശ്ചയം രസകരമാണ്.പെണ്‍കുട്ടിക്ക് ഒരു കൃത്രിമമുടിയും താടിയും കൊടുക്കും.ചടങ്ങിനൊടുവില്‍ കൃത്രിമമുടിയുടെ അടിഭാഗം കത്തിക്കും.മറ്റൊരു കൃത്രിമമുടിയും താടിയും പെണ്‍കുട്ടിക്ക് നല്‍കും.പെണ്‍കുട്ടി പുരുഷന്മാരെപ്പോലെ അതു ധരിക്കുകയും ചെയ്യും. അതോടെ അവള്‍ വിവാഹിതയാവാന്‍ യോഗ്യമായി എന്നാണ് വിശ്വാസം.
ആഫ്രിക്കയിലെ പുരുഷന്മാരില്‍ ഭൂരിഭാഗവും തൊപ്പിവയ്ക്കുന്നവരാണ്. എന്നാല്‍ സുഡാന്‍ പോലുള്ള മരുപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ തലയും കണ്ണോഴികെയുള്ള മുഖഭാഗവും തുണികൊണ്ട് ചുറ്റിമറയ്ക്കും.
മുടി പറ്റെ വെട്ടുന്നവരാണ് പശ്ചിമാഫ്രിക്കക്കാര്‍. അവര്‍ വസ്ത്രത്തിനു യോജിക്കുന്ന ചെറിയ തൊപ്പി ധരിക്കുന്നു. മുത്തുകള്‍ പതിച്ച തൊപ്പിയാണ് നൈജീരിയക്കാരുടേത്.
ഉഗാണ്ടയിലെ കരമോജോംഗ് വര്‍ഗത്തിലെ പുരുഷന്മാര്‍ പശുവിന്റെ തലയുടെ ആകൃതിയുള്ള വലിയ തലപ്പാവ് വിശേഷാവസരങ്ങളില്‍ ധരിക്കാറുണ്ട്. മനുഷ്യരുടെ മുടിയും കളിമണ്ണും ചേര്‍ത്തുണ്ടാക്കുന്ന ഇതില്‍ ഒട്ടകപ്പക്ഷിയുടെ തൂവല്‍ ഉറപ്പിക്കും. അണിയുന്ന ആളിന്റെ സ്ഥാനത്തിനു അനുസരിച്ചാണ് തൂവലുകളുടെ എണ്ണം.
മാമ്പെ വര്‍ഗത്തിലെ പുരുഷന്മാര്‍ ശരീരം മുഴുവന്‍ കാവിമണ്ണ് പൂശാറുണ്ട്.ഇവര്‍ക്ക് മുടി ചീകി ചുരുട്ടിവയ്ക്കുന്നതും വലിയ ഇഷ്ടമാണ്.
മരത്തൊലി കൊണ്ട് വസ്ത്രങ്ങള്‍ നിര്‍മിക്കാന്‍ ആഫ്രിക്കക്കാര്‍ മിടുക്കന്മാരാണ്.ഇതിനായി മരത്തില്‍ നിന്നു തൊലി ഇളക്കി ഇലയില്‍ പൊതിഞ്ഞു വെള്ളത്തിലിട്ടു മൃദുവാക്കും. ആവിയില്‍ പുഴുങ്ങി മരച്ചുറ്റികകൊണ്ടടിച്ച് പതം വരുത്തിയിട്ടാണ് വസ്ത്രം തുന്നുന്നത്.
തടിയും തുകലും കൊണ്ടു നിര്‍മ്മിച്ച ചെരിപ്പുകള്‍ പണ്ടുമുതലേ ആഫ്രിക്കക്കാര്‍ ഉപയോഗിച്ചിരുന്നു. മരുപ്രദേശങ്ങളിലെ മുള്‍ച്ചെടികള്‍ നിറഞ്ഞ സ്ഥലങ്ങളില്‍ ചെരിപ്പില്ലാതെ നടക്കാന്‍ വലിയ പ്രയാസമാണ്. തുകല്‍ കൊണ്ട് ഷൂ പോലുള്ള ചെരുപ്പുകളും അവര്‍ നിര്‍മ്മിച്ചിരുന്നു.
സ്വന്തം ശരീരം അലങ്കരിക്കുന്നതില്‍ ആഫ്രിക്കക്കാര്‍ക്ക് വലിയ താല്പര്യമാണ്.അതിനായി ദേഹത്ത് ചായം തേക്കുകയും ആഭരണങ്ങള്‍ അണിയുകയും ചെയ്യുന്നു. ചിലര്‍ കത്തിമുനകൊണ്ട് പ്രത്യേകമാതൃകയില്‍ മുറിവുണ്ടാക്കിയാണ് ചായമിടുക.സംബരു, മസായ് വിഭാഗങ്ങളിലെ ചെറുപ്പക്കാര്‍ മുഖത്തും ദേഹത്തും ചുവന്ന കാവിമണ്ണ് പൂശി മുത്തുമാലകള്‍ അണിഞ്ഞ് നടക്കാറുണ്ട്.ഇവര്‍ സ്ത്രീകളെപ്പോലെ മുത്തുകള്‍ കോര്‍ത്ത് കൃത്രിമമുടി വയ്ക്കാറുണ്ട്.
കെനിയയിലെയും കികൂയുവിലെയും സ്ത്രീകള്‍ക്ക് തൂങ്ങിക്കിടക്കുന്ന നീളന്‍ കാതുകളും വലിയ കമ്മലുകളും പ്രധാന അലങ്കാരം, സൗന്ദര്യത്തിന്റെ ലക്ഷണമാണ് ഇതെന്നാണ് അവരുടെ വിശ്വാസം, ആഫ്രിക്കയിലെ സ്ത്രീകള്‍ സ്പ്രിംഗ് പോലെ വളച്ച ചെമ്പുകമ്പികള്‍ കയ്യില്‍ അണിഞ്ഞിരുന്നു.ഒറ്റനോട്ടത്തില്‍ ധാരാളം വളകള്‍ ഒന്നിച്ചു കിടക്കുകയാണെന്നേ ഇതു കണ്ടാല്‍ തോന്നൂ!