EncyclopediaWild Life

മണ്ണു തുരക്കും മാര്‍സൂപ്പിയല്‍ മോള്‍

പഴുതാരയെ തിന്നുന്ന ഭയങ്കരന്‍! മാര്‍സൂപ്പിയല്‍ മോളുകളെ ഇങ്ങനെ വിശേഷിപ്പിക്കാം, പഴുതാരയും പല്ലിയും അതുപോലുള്ള ചെറു ജീവികളാണ് ഇക്കൂട്ടരുടെ പ്രധാന ആഹാരം. അവയെ പിടികൂടാന്‍ മുന്‍കാലുകളില്‍ ഉഗ്രന്‍ നഖങ്ങളും മോളുകള്‍ക്കുണ്ട്. ഇരയുടെ മണo പിടിച്ച് മാളത്തിലേക്ക് ചെന്നാണ് അവയെ പിടികൂടുന്നത്. മഴ പെയ്തു കഴിഞ്ഞാലുടനെ ഇവ ഇരതേടി പുറത്തിറങ്ങും. പകല്‍ കൂടുതല്‍ സമയവും മണ്ണു തുരന്നുണ്ടാക്കുന്ന മാളങ്ങളിലാണ് കഴിച്ചു കൂട്ടുന്നത്. മരുഭൂമിയിലും ഇളകിയ മണ്ണുള്ള മറ്റു പ്രദേശങ്ങളിലും എട്ടു അടി വരെ നീളത്തില്‍ മാളങ്ങള്‍ ഉണ്ടാക്കാന്‍ ഇക്കൂട്ടര്‍ക്ക് കഴിയും.
മുന്നിലെ മണ്ണ് നീക്കാന്‍ കൊമ്പ്പോലെ സഹായിക്കുന്ന നോസ് പാഡ് ഉണ്ട്. മുന്‍കാലുകളും പിന്‍കാലുകളും മണ്ണ് ഇരുവശത്തേക്കും തള്ളി മാറ്റുന്നു. പിന്‍കാലില്‍ ഇതിനായി വലിയ മൂന്നു നഖങ്ങളും അവയ്ക്കുണ്ട്. മണ്‍കോരിയുടെ ആകൃതിയാണ് നഖങ്ങള്‍ക്ക്. ഇങ്ങനെ തുരക്കാന്‍ വിരുതന്മാരായിരുന്നതിനാല്‍ ബറോയിംഗ് മെഷീന്‍ എന്നും ഇക്കൂട്ടരെ വിശേഷിപ്പിക്കാറുണ്ട്.
മാര്‍സൂപ്പിയല്‍ മോളുകളുടെ വലിപ്പം 12 മുതല്‍ 18 സെന്റിമീറ്റര്‍ വരെയാണ് വാലിന് രണ്ടര സെന്റിമീറ്റര്‍ നീളമേ കാണൂ. 40 മുതല്‍ 70 ഗ്രാം വരെ ഭാരവും ഉണ്ടാകും. ഇവരുടെ കണ്ണും മൂക്കും തീരെ ചെറുതാണ്. പട്ടുപോലെ മിനുസമുള്ള രോമങ്ങള്‍ മണ്ണില്‍ തുരന്നു നീങ്ങുമ്പോള്‍ തിളങ്ങുന്നതു കാണാം.
പെണ്‍ മോളുകള്‍ ഒരു സമയം രണ്ടു കുഞ്ഞുങ്ങള്‍ക്ക്‌ വരെ ജന്മം നല്‍കും. ജനിച്ചയുടനെ കുഞ്ഞുങ്ങള്‍ അമ്മയുടെ സഞ്ചിയില്‍ കയറിപ്പറ്റും. പിന്നിലേക്കു തുറക്കുന്ന വിധമുള്ള സഞ്ചിയാണ് ഇക്കൂട്ടര്‍ക്ക്. അതിനാല്‍ അമ്മ മാളമുണ്ടാക്കുമ്പോഴും മണ്ണ് കുഞ്ഞിന്‍റെ ദേഹത്തു വീഴില്ല.
മോള്‍ വിഭാഗത്തില്‍പ്പെട്ട എല്ലാ ജീവികളും സഞ്ചിമൃഗങ്ങളല്ല. സഞ്ചിമൃഗങ്ങളില്‍ നിന്ന് മറ്റു സസ്തനികളിലേക്കുള്ള പരിണാമഘട്ടത്തിലെ ഒരു ജീവിയായി ശാസ്ത്രജ്ഞന്മാര്‍ ഇതിനെ കണക്കാകുന്നു. ഇവര്‍ക്ക് സഞ്ചിമൃഗങ്ങളേക്കാള്‍ സാമ്യം മറ്റു സസ്തിനികളോടാണ്. തെക്കേ ഓസ്ട്രേലിയയില്‍ കാണപ്പെടുന്ന മാര്‍സൂപ്പിയല്‍ മോളുകള്‍ ഇപ്പോള്‍ വംശനാശ ഭീഷണി നേരിടുകയാണ്.