BhutanCountryEncyclopedia

ടിബറ്റില്‍ നിന്ന് വന്ന മതം

ബുദ്ധമതസാഹിത്യകൃതികളോടും ചരിത്രരേഖകളോടുമൊപ്പമാണ് ഭൂട്ടാന്റെ എഴുതപ്പെട്ട ചരിത്രം ആരംഭിക്കുന്നത്. ഏഴാംനൂറ്റാണ്ടിലാണ് ഭൂട്ടാനില്‍ ബുദ്ധമതം എത്തിയത്.അന്നത്തെ ടിബറ്റ്‌ രാജാവായിരുന്ന സ്രോങ്സെന്‍ ഗാംപോ രണ്ടു ബുദ്ധമതക്ഷേത്രങ്ങള്‍ നിര്‍മിക്കാന്‍ ഉത്തരവിട്ടു.ഒന്ന്‍ പാരോ താഴ്വരയിലെ ക്യിച്ചിലും മറ്റൊന്ന് മധ്യഭൂട്ടാനിലെ ബൂംതാങ്കിലുമായിരുന്നു. ഇന്നും തലയുയര്‍ത്തി നില്‍ക്കുന്ന ഈ ക്ഷേത്രങ്ങളില്‍ ധാരാളം തീര്‍ത്ഥാടകരെത്തുന്നു.
എട്ടാം നൂറ്റാണ്ടില്‍, പദ്മസാംബവ(ഗുരു റിംപോച്ചേ) എന്ന മതപണ്ഡിതന്‍ ഭൂട്ടാനിലും ടിബറ്റിലും താന്ത്രിക് ബുദ്ധിസം’ പ്രചരിപ്പിച്ചു.ഭൂട്ടാനിലുള്ളവര്‍ക്കിടയില്‍ നല്ല സ്വാധീനം ചെലുത്താന്‍ ഗുരു റിപോച്ചേക്കു കഴിഞ്ഞു. ‘രണ്ടാമത്തെ ബുദ്ധന്‍’ എന്നാണ് ഭൂട്ടാനില്‍ ഉള്ളവര്‍ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. ഗുരു റിം പോച്ചെയുടെ ധ്യാനമന്ദിരങ്ങളെല്ലാം ഇന്നും ഭൂട്ടാനിലുള്ളവര്‍ക്ക് തീര്‍ഥാടനത്തിനും പ്രാര്‍ത്ഥനയ്ക്കുമുള്ള കേന്ദ്രങ്ങളാണ്.
എ.ഡി.842 ല്‍ ടിബറ്റന്‍ രാജാവ്‌ കൊല്ലപ്പെട്ടു.തുടര്‍ന്ന് ടിബറ്റില്‍ കലാപം പൊട്ടിപ്പുറപ്പെട്ടു. അക്കാലത്ത് ടിബറ്റില്‍ നിന്ന് പലായനം ചെയ്ത പല കുലീനന്മാരും അനുയായികളോടൊപ്പം ഭൂട്ടാന്റെ മധ്യപടിഞ്ഞാറന്‍ താഴ്വരകളില്‍ താമസമാരംഭിച്ചു. ടിബറ്റിലെ കലാപത്തിന്റെ വിത്തുകള്‍ ഇവര്‍ കൂടെ കരുതി എന്നു വേണം കരുതാന്‍.കാരണം, പിന്നീട് ഭൂട്ടാനും ഇടവിട്ടിടവിട്ടുള്ള ആഭ്യന്തരയുദ്ധങ്ങള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടി വന്നു. പല താഴ്വരകളിലെയും ഭൂപ്രഭുക്കന്മാര്‍ പരസ്പരം ഏറ്റുമുട്ടി.
16 ആം നുറ്റാണ്ട് വരെ ഈ അവസ്ഥ തുടര്‍ന്നു. അക്കാലമായപ്പോഴേക്കും സംഘര്‍ഷം നിറഞ്ഞ ഈ അവസ്ഥയ്ക്കു മാറ്റം കുറിച്ചു കൊണ്ട് ഭൂട്ടാനില്‍ മതപരമായ ചിന്തകള്‍ വളര്‍ന്നു വന്നു. ടിബറ്റ് തന്നെയായിരുന്നു ഈ മതചിന്തകളുടെ ഉറവിടം.ടിബറ്റില്‍ നിന്നുള്ള ഫജോഡ്രൂഗം ഷിഗ് പോ എന്നയാള്‍ ഫജോഡി സ്ഥാപിച്ചു. ഭൂട്ടാന്‍ ജനതയെ ഡ്രൂക്പാ പ്രത്യേകമത ആചാരരീതി വ്യാഖ്യാനിച്ചു പഠിപ്പിച്ചു.