കിടക്കാനൊരിടം
കാലാവസ്ഥയോടും വിശപ്പിനോടും മല്ലടിച്ചു കഴിയുന്ന ആഫ്രിക്കയിലെ സാധാരണക്കാര്‍ക്ക് വീട് സുഖജീവിതത്തിനുള്ളതല്ല. കാറ്റും മഴയും മഞ്ഞും വെയിലും ഏല്‍ക്കാതിരിക്കാനുള്ള ഒരു കൂടാരം മാത്രം! ഓരോ വിഭാഗത്തിന്‍റെയും വീടുകള്‍ അവരുടെ തൊഴിലിനു അനുസരിച്ചുള്ളതാണ്.
വീടുകള്‍ രണ്ടു തരത്തിലുണ്ട് സ്ഥിരവീടുകളും താല്‍ക്കാലികവീടുകളും. സ്ഥിര വീടുകള്‍ കൂടുതലും കൃഷിക്കാര്‍ക്കാണ്.വേട്ടക്കാരും കന്നുകാലികളെ വളര്‍ത്തുന്നവരുമാണ് താല്‍ക്കാലികവീടുകള്‍ പണിയുന്നത്.ഒരിടത്തും സ്ഥിരമായി താമസിക്കാത്തവരാണിവര്‍.
ആഫ്രിക്കന്‍ ആദിവാസികളുടെ വീടുകള്‍ മിക്കതും ഒറ്റവാതിലുള്ള ഒറ്റമുറിക്കെട്ടിടമാണ്. ചെളിക്കട്ടകള്‍ കൊണ്ട് വൃത്താകൃതിയില്‍ കെട്ടിയുയര്‍ത്തിയ ചുമര്,അതിനു ചുറ്റും വീതി കുറഞ്ഞ തിണണ, ചുമരിനു ചുറ്റും നാട്ടിയ തൂണുകള്‍ക്കു മുകളില്‍ തടികൊണ്ടുള്ള മേല്‍ക്കൂര, പുല്ലുമേഞ്ഞ മേല്‍ക്കൂരയുള്ള വീടിനു ഒരു കൂണിന്റെ ആകൃതിയാണ്.
ബോട്സ്വനിയില്‍ വിളവെടുപ്പിനു ശേഷമുള്ള ഇടവേളയിലാണ് പുതിയ വീടുകള്‍ പണിയുന്നതും പഴയതിന്റെ കേടുപാടുകള്‍ തീര്‍ക്കുന്നതും. സ്ത്രീകളും പുരുഷന്മാരും ഒന്നിച്ചാണ് വീട് നിര്‍മ്മാണം, പാചകം ചെയ്യുന്നതിനും വളര്‍ത്തുമൃഗങ്ങളെ സൂക്ഷിക്കാനുമായി വീടിനടുത്ത് വെവ്വേറെ കൂടാരങ്ങള്‍ പണിയുന്നു.
ചോളകര്‍ഷകരായ പശ്ചിമാഫ്രിക്കയിലെ ചാഡുകളെ നൈജീരിയയിലെ നൂപുകളും വയലുകള്‍ക്കരികെയാണ് താമസം.കുറേ വീടുകള്‍ ചേര്‍ന്ന ഓരോ ഗ്രാമത്തിനും ചുറ്റും മതില്‍ കെട്ടിയിട്ടുമുണ്ട്.
അംഗോളയിലെ ക്വന്യാമകള്‍ വീട് പണിയുന്നത് കൃഷിസ്ഥലത്തിനടുത്ത് വെള്ളം കിട്ടുന്നിടം നോക്കിയാണ്.പല വീടുകളുടെ കൂട്ടമാണ് ഇവരുടെ വീട്.കുടുംബനാഥനും സ്ത്രീകള്‍ക്കും കുടുംബത്തിലെ ഓരോ അംഗത്തിനും പ്രത്യേകo വീടുണ്ട്.അതിഥികളെ സല്‍ക്കരിക്കാനുള്ള കൂടാരങ്ങള്‍ വേറെയും കൂടാതെ മുതിര്‍ന്നവര്‍ക്ക് ഉറങ്ങാന്‍ വെവ്വേറെ വീടുകള്‍.ഓരോ പുരയ്ക്കു ചുറ്റും വേലിയുള്ളത് കൂടാതെ പുറമേ എല്ലാത്തിനും കൂടി വലിയ വേലികെട്ട്. ഭാര്യമാരുടെ എണ്ണവും ധാന്യപ്പുരകളും വലിപ്പവും നോക്കിയാണ് പുരുഷന്മാരുടെ സാമ്പത്തികസ്ഥിതി നിശ്ചയിക്കുക.
മാലിയിലെ ഡോഗന്‍ വര്‍ഗക്കാര്‍ ശത്രുക്കളുടെ ആക്രമണം ഭയന്ന് ചരിഞ്ഞ പ്രദേശത്താണ് വീടുകള്‍ പണിയുക.ഈ വീടുകളില്‍ സ്ത്രീകളും കുട്ടികളുമെ പാര്‍ക്കാറുള്ളൂ. ഗ്രാമത്തിനു ചുറ്റുമുള്ള മതിലിനു വെളിയിലാണ് പുരുഷന്മാരുടെ താമസം.
പെട്ടെന്ന് പൊളിച്ചെടുക്കാവുന്ന വീടുകളാണ് സെമാലിയക്കാരുടെത്. വീട് പണിയുന്നതും പൊളിച്ചു മാറ്റുന്നതും വിവാഹിതരായ സ്ത്രീകളാണ്. പുതിയ സ്ഥലത്തേക്ക് മാറുമ്പോള്‍ വീട് ഒട്ടകത്തിന്റെ പുറത്ത് വച്ചു കൊണ്ടുപോകും.
വേട്ടയാടല്‍ തൊഴിലാക്കിയത് പിഗ്മികള്‍, സാനുകള്‍, ഡിങ്കോകള്‍ തുടങ്ങിയ വര്‍ഗങ്ങളാണ്. മധ്യആഫ്രിക്കയില്‍ കാടുകള്‍ ഏറെയുള്ള സയര്‍ എന്ന രാജ്യത്താണ് പിഗ്മികള്‍ കൂടുതലുള്ളത്.വിഷം പുരട്ടിയ കുന്തമെറിഞ്ഞ് ആനയെ പിടിക്കാന്‍ ഇവര്‍ ബഹുകേമന്മാരാണ്.
അലഞ്ഞുതിരിയുന്നത്തിനിടയില്‍ വെള്ളവും പഴവര്‍ഗങ്ങളുമുള്ള സ്ഥലത്ത് കൂടാരം തീര്‍ത്ത് പാര്‍ക്കുന്നവരാണ് സാനുകള്‍, ഒട്ടകപ്പക്ഷിയുടെ മുട്ടത്തോട് ഇവര്‍ പാത്രമായി ഉപയോഗിക്കുന്നു.
ഏതാണ്ട് ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ആഫ്രിക്കയില്‍ കൃഷിയും കാലിവളര്‍ത്തലും തൊഴിലായത്.അതോടെ കൃഷിക്കാര്‍ ഒരിടത്ത് സ്ഥിരതാമസം തുടങ്ങി.കാടുകളില്‍ തന്നെ കഴിഞ്ഞ ചില വിഭാഗങ്ങള്‍ വേട്ടയാടലും പഴവര്‍ഗ്ഗങ്ങള്‍ ശേഖരിക്കലും ഇന്നും തുടരുന്നു.