EncyclopediaWild Life

ജീവിക്കുന്ന ഫോസില്‍

ഇരുണ്ട പച്ചനിറമുള്ള ശരീരം,ദേഹം നിറയെ മങ്ങിയ മഞ്ഞ കുത്തുകള്‍, മുതുകിലും കഴുത്തിലും എഴുന്നു നില്‍ക്കുന്ന ത്രികൊണാകൃതിയിലുള്ള പരന്ന ചെതുമ്പലുകള്‍, മൂന്നടിയില്‍ താഴെ മാത്രം നീളമുള്ള ശരീരം, കുറുകിയ വാല്, വളരെ സാവധാനത്തിലുള്ള നടത്തം- ജീവിക്കുന്ന ഫോസില്‍ എന്നറിയപ്പെടുന്ന ദുവടോറ യെക്കുറിച്ചാണ് പറഞ്ഞു വരുന്നത്.
ദിനോസറുകളുടെ കാലത്തുണ്ടായിരുന്ന ഒരു ഉരഗവര്‍ഗത്തിലെ അവസാനത്തെ കണ്ണിയാണ് ടുവടോറയെന്നു പറഞ്ഞല്ലോ.കാഴ്ചയില്‍ ഓന്തിനോട് സാമ്യം തോന്നുമെങ്കിലും ഇവയ്ക്ക് ഓന്തുമായി പ്രത്യേകിച്ച് ബന്ധമൊന്നുമില്ല.മാത്രമല്ല ഇന്നുള്ള ഉരഗവര്‍ഗങ്ങളില്‍ ഒന്നിനോടും ഇവയ്ക്ക് സാദൃശ്യമില്ല. അതിനാല്‍ ഇവയെ ഉറഗങ്ങളിലെ ഒരു പ്രത്യേകകുടുംബമായാണ് കരുതുന്നത്. ‘സ്ഫിനോഡോണ്‍ പന്‍ക്ടാറ്റസ്’ എന്നാണിവയുടെ ശാസ്ത്രനാമം.
ഒരു കാലത്ത് ന്യൂസിലാന്‍ഡില്‍ എല്ലായിടത്തും ടുവടോറകളുണ്ടായിരുന്നു. പക്ഷെ ഇന്ന് ഇവ സമീപത്തുള്ള ചില ദ്വീപുകളില്‍ മാത്രമായി ഒതുങ്ങിയിരിക്കുന്നു. ‘ ,മട്ടണ്‍ ബേര്‍ഡ്’ എന്ന് ന്യൂസിലാന്‍ഡില്‍ വിളിക്കുന്ന ഒരിനം പക്ഷികള്‍ മൃദുവായ മണ്ണിലുണ്ടാക്കുന്ന മാളങ്ങളിലാണ് ടുവടോറ വസിക്കുന്നത്. പക്ഷികളുമായി യാതൊരു കലഹവുമില്ലാതെ!
പ്രാണികളാണ് ടുവടോറകളുടെ പ്രധാനഭക്ഷണം.ചിലപ്പോള്‍ ചെറിയ പല്ലികളേയും പക്ഷിക്കുഞ്ഞുങ്ങളേയും മുട്ടകളും അകത്താക്കാറുണ്ട്.
വളരെ സാവധാനം വളരുന്ന ഇവയ്ക്ക് 100 വര്‍ഷം വരെ ആയുസ്സുണ്ടത്രെ.50-60 വയസു വരെ ഇവ വളര്‍ന്നു കൊണ്ടിരിക്കും.
ന്യൂസിലാന്‍ഡിലും പരിസരദ്വീപുകളിലും കുടിയേറിയവര്‍ ഒപ്പം കൊണ്ട് വന്ന മൃഗങ്ങളാണ് ടുവടോറയുടെ പ്രധാനശത്രുക്കള്‍.പൂച്ച,പട്ടി മുതലായവ ഇവയെ ഇരയാക്കുമ്പോള്‍ ആടും കന്നുകാലികളും ഇവയുടെ വാസസ്ഥലങ്ങള്‍ നശിപ്പിക്കുന്നു. കര്‍ശനമായ സംരക്ഷണമാര്‍ഗങ്ങള്‍ നടപ്പാക്കിയതിനാലാണ് ഇവയുടെ വംശം ഇപ്പോഴും നിലനില്‍ക്കുന്നത്.