എലിയെപ്പോലൊരു കങ്കാരു
റാറ്റ് കങ്കാരു എന്നാണ് പേര്. പക്ഷേ ഇക്കൂട്ടര്‍ എലിയുമല്ല, കങ്കാരുമല്ല. സഞ്ചിമൃഗങ്ങളിലെ കുഞ്ഞന്‍ ജീവികളാണിവ. മസ്കി റാറ്റ് കങ്കാരു, ലോംഗ് ഫൂട്ടട് പൊട്ടോരു എന്നിങ്ങനെ പത്തിനങ്ങള്‍ അക്കൂട്ടരില്‍ പെടുന്നു. പോട്ടൊരു എന്നതിന്റെ അര്‍ത്ഥവും എലിക്കങ്കാരു എന്ന് തന്നെ.
മസ്കി റാറ്റ് കങ്കാരുവിന് ഒരു പ്രത്യേക മണം പുറപ്പെടുവിക്കാന്‍ കഴിവുണ്ട്. കങ്കാരുവിനെപ്പോലെ വലിപ്പവും ശക്തിയുമുള്ള പിന്കാലുകള് എലികങ്കാരുവിനുണ്ട്. എന്നാല്‍ നാലുകാലും കുത്തിയാണ് അവയുടെ ഓട്ടം.
ശരീരം മുഴുവന്‍ തവിട്ടു നിറത്തിലോ ചാരനിറത്തിലോ തിങ്ങി വളരുന്ന രോമം ഇവയ്ക്കുണ്ട്. ഉടലിനടിഭാഗത്തെ രോമങ്ങള്‍ക്ക് കനം കുറവായിരിക്കും, നീളന്‍ വാലിലെ രോമങ്ങള്‍ക്ക് നീളവും കുറവാണ്. ചില കൂട്ടരില്‍ വാലില്‍ രോമം കാണുകയുമില്ല.
പിന്നീടു ഭക്ഷിക്കാന്‍ വിത്തുകള്‍ കുഴിച്ചിടുന്ന വിചിത്ര സ്വഭാവവും ഇക്കൂട്ടര്‍ക്കുണ്ട്. എന്നാല്‍ ചിലപ്പോള്‍ അത് അവിടെ കിടന്നു മുളച്ചു വലുതാകും പകലാണ് എലികങ്കാരു ഇരതേടുക. വിത്തുകളും പഴങ്ങളും മാത്രമല്ല പൂക്കളും ഇലകളും വേരും മരത്തൊലിയും പൂപ്പലുമൊക്കെ അവ അകത്താക്കും. അതുപോലെ കാടിന്റെ അടിത്തട്ടിലെ ചവറില്‍ മുന്‍കാലുകള്‍കൊണ്ട് ചികഞ്ഞ് അവ പ്രാണികളേയും പുഴുക്കളേയും പിടി കൂടി ശാപ്പിടാറുണ്ട്. ഭക്ഷണത്തിനു ശേഷം തുറസ്സായ പ്രദേശത്തെത്തി വെയിലുകൊള്ളുന്ന ശീലവും ഇക്കൂട്ടര്‍ക്കുണ്ട്. എലിക്കങ്കാരുവിന് 21 മുതല്‍ 34 സെന്റിമീറ്റര്‍ വരെ നീളവും 680 ഗ്രാം വരെ തൂക്കവും ഉണ്ടാകും. ഉഷ്ണമേഖല മഴക്കാടുകളിലാണ് അവയെ കൂടുതലായി കണ്ടുവരുന്നത്. വേരുകള്‍ക്കിടയിലോ മരത്തിലോ വള്ളികളിലോ ഇവര്‍ കൂടു കെട്ടുന്നു.
ഇരട്ടയായിട്ടാണ് കുഞ്ഞുങ്ങളാണ് ഉണ്ടാകുന്നത്. അഞ്ചുമാസം അവ സഞ്ചിയില്‍ വളരും പിന്നീട് രണ്ടുമൂന്നു മാസങ്ങള്‍ അവ അമ്മയോടൊപ്പം തന്നെ കഴിയും. പതിനെട്ടു മുതല്‍ ഇരുപത്തൊന്നു മാസം വരെ വേണം പ്രായപൂര്‍ത്തിയാകാന്‍.
വടക്ക് കിഴക്കന്‍ ക്യൂന്‍സ്ലാന്റിലും ഓസ്ട്രേലിയയിലും ഇവയെ ധാരാളമായി കണ്ടുവരുന്നു എന്നാലിപ്പോള്‍ മഴക്കാടുകള്‍ കൃഷിസ്ഥലമായി മാറ്റിക്കൊണ്ടിരിക്കുന്നതിനാല്‍ എലിക്കങ്കാരുവിന്റെ മാളങ്ങളും വന്‍തോതില്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു.