EncyclopediaMajor personalities

എ.കെ. ആന്റണി

ഭാരതത്തിന്റെ പ്രതിരോധമന്ത്രി, കേരളത്തിന്റെ മുൻ മുഖ്യമന്ത്രി, കേരള നിയമസഭാ പ്രതിപക്ഷനേതാവ് എന്നീ നിലകളിൽ പ്രശസ്തനായ കോൺഗ്രസിൻറെ മുതിർന്ന നേതാവാണ് അറയ്ക്കപ്പറമ്പിൽ കുര്യൻ ആൻറണി എന്നറിയപ്പെടുന്ന എ.കെ.ആൻറണി. (ജനനം: 28 ഡിസംബർ 1940) 2006 മുതൽ 2014 വരെ ഇന്ത്യയുടെ പ്രതിരോധ വകുപ്പ് മന്ത്രി. 1977-1978, 1995-1996, 2001-2004 കാലയളവുകളിൽ കേരളത്തിന്റെ മുഖ്യമന്ത്രി. 1996 മുതൽ 2001 വരെ കേരള നിയമസഭയിലെ പ്രതിപക്ഷനേതാവ് എന്നീ നിലകളിൽ പ്രവർത്തിച്ചു. 1977-ൽ ആദ്യമായി കേരളത്തിൻറെ മുഖ്യമന്ത്രിയാകുമ്പോൾ 37 വയസ്സായിരുന്ന ആന്റണി കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായിരുന്നു. നിലവിൽ 2022 ഏപ്രിൽ രണ്ടിന് രാജ്യസഭ കാലാവധി പൂർത്തിയായതിനെ തുടർന്ന് സജീവമായി തുടർന്നിരുന്ന ദേശീയ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ആൻറണി 2022 ഏപ്രിൽ 28 മുതൽ തിരുവനന്തപുരത്ത് വഴുതക്കാട് ഉള്ള വീട്ടിൽ വിശ്രമജീവിതത്തിലാണ്.

ജീവിതരേഖ

1940 ഡിസംബർ 28 നു അറയ്ക്കപറമ്പിൽ കുര്യൻ പിള്ളയുടെയും ഏലിക്കുട്ടിയുടേയും മകനായി ആലപ്പുഴ ജില്ലയിലെ ചേർത്തലയിലാണ് എ.കെ.ആന്റണി ജനിച്ചത്. പ്രാഥമിക വിദ്യാസം ഗവ. ഹൈസ്കൂൾ ചേർത്തലയിൽ. പിന്നീട് എറണാകുളം മഹാരാജാസിൽ നിന്നും ബിരുദവും, എറണാകുളം ലോ കോളേജിൽ നിന്നും നിയമ ബിരുദവും നേടി.

രാഷ്ട്രീയ ജീവിതം

പടിപടിയായി ആയിട്ടായിരുന്നു എ.കെ.ആൻറണി എന്ന രാഷ്ട്രീയ നേതാവിൻറെ വളർച്ച. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്ത് എത്തിയ വ്യക്തിയാണ് ആൻറണി. സാമ്പത്തിക ബുദ്ധിമുട്ടിലും സ്വയം ജോലി ചെയ്താണ് അദ്ദേഹം പഠനത്തിനും രാഷ്ട്രീയ പ്രവർത്തനത്തിനും പണം കണ്ടെത്തിയിരുന്നത്.

കേരള സ്റ്റുഡൻസ് യൂണിയൻ കെ.എസ്.യു അംഗമായതോടെയാണ് അദ്ദേഹം രാഷ്ട്രീയത്തിൽ സജീവമായത്. കെ.എസ്.യു, യൂത്ത് കോൺഗ്രസ് എന്നീ വിദ്യാർത്ഥി, യുവജന സംഘടനകളുടെ സംസ്ഥാന പ്രസിഡൻറായിരുന്ന ആൻറണി 1969-ൽ കെ.പി.സി.സി ജനറൽ സെക്രട്ടറിയായി.

1970-ൽ ചേർത്തല അസംബ്ലി മണ്ഡലത്തിൽ നിന്ന് ആദ്യമായി നിയമസഭയിലേയ്ക്ക് മത്സരിച്ച ആൻറണി നിയമസഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു ഒപ്പം തന്നെ ഐക്യ ജനാധിപത്യ മുന്നണി കൺവീനറും ആയി.

1973-ൽ ആദ്യമായി കെ.പി.സി.സിയുടെ പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ട ആൻറണി 1977-വരെ ആ സ്ഥാനത്ത് തുടർന്നു. പിന്നീട് 1978-1982, 1987-1992 എന്നീ വർഷങ്ങളിലും കെ.പി.സി.സി പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ടു.

1977-ൽ കെ. കരുണാകരൻ മുഖ്യമന്ത്രി പദം രാജിവച്ചപ്പോൾ എ.കെ. ആൻറണി ആദ്യമായി കേരളത്തിൻറെ മുഖ്യമന്ത്രിയായി സ്ഥാനമേറ്റു. ഏറ്റവും കുറഞ്ഞ പ്രായത്തിൽ കേരള മുഖ്യമന്ത്രിയായ വ്യക്തിയാണ് ആൻറണി.

1977 ഏപ്രിൽ 27 ന് ആദ്യമായി മുഖ്യമന്ത്രിയാകുമ്പോൾ അദ്ദേഹത്തിന് വെറും 37 വയസു മാത്രമായിരുന്നു പ്രായം. കേരള മുഖ്യമന്ത്രിയായ ശേഷം കേന്ദ്രമന്ത്രിയായ ആദ്യത്തെയാളും ആൻറണിയാണ്.

ആദ്യമായി മുഖ്യമന്ത്രിയായ ശേഷം നടന്ന 1977-ലെ നിയമസഭ ഉപതിരഞ്ഞെടുപ്പിൽ കഴക്കൂട്ടം മണ്ഡലത്തിൽ നിന്ന് വിജയിച്ചു നിയമസഭാംഗമായി. എന്നാൽ തൊട്ടടുത്ത വർഷം അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന ലോക്സഭാ ഇലക്ഷനിൽ പരാജയപ്പെട്ടതിനെ തുടർന്ന് വീണ്ടും ചിക്കമംഗ്ലൂരിൽ മത്സരിച്ച ഇന്ദിരാഗാന്ധിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് 1978-ൽ അദ്ദേഹം മുഖ്യമന്ത്രി പദം രാജി വയ്ച്ചു. ഏറെ വൈകാതെ തന്നെ കേരളത്തിലെ കോൺഗ്രസ് പാർട്ടിയിൽ (എ) ഗ്രൂപ്പ് രൂപീകരിച്ച് പാർട്ടി വിട്ടു ഇടതു മുന്നണിയിൽ ചേർന്നു.

അന്ന് യു.ഡി.എഫ് വിട്ട കേരള കോൺഗ്രസിലെ കെ.എം. മാണി വിഭാഗത്തിനേറെയും കോൺഗ്രസ് പാർട്ടിയിലെ (എ) ഗ്രൂപ്പിൻറെയും പിന്തുണയോടെ 1980-ൽ കേരളത്തിൽ ഇടതുമുന്നണി അധികാരത്തിൽ എത്തി ഇ.കെ. നായനാർ മുഖ്യമന്ത്രിയായി. എന്നാൽ അടുത്ത വർഷം 1981-ൽ മാണി വിഭാഗവും കോൺഗ്രസ് (എ) ഗ്രൂപ്പും ഇടതുമുന്നണി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു ഐക്യ ജനാധിപത്യ മുന്നണിയിലേയ്ക്ക് ചേക്കേറി. ഇതോടെ ഇ.കെ. നായനാർ രാജിവയ്ച്ചു. 1982 ഡിസംബറിൽ എ.കെ. ആൻറണിയുടെ (എ) ഗ്രൂപ്പും കെ. കരുണാകരൻ നേതൃത്വം നൽകിയ (ഐ) ഗ്രൂപ്പും തമ്മിൽ ലയിച്ചതോടെ കെ. കരുണാകരനു ശേഷം കേരളത്തിലെ കോൺഗ്രസ് പാർട്ടിയിലെ രണ്ടാമത്തെ സീനിയർ നേതാവായി എ.കെ. ആൻറണി മാറി.

1984-ൽ എ.ഐ.സി.സി ജനറൽ സെക്രട്ടറിയായി. 1985-ൽ ആദ്യമായി രാജ്യസഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1991-ൽ രണ്ടാം വട്ടവും രാജ്യസഭ അംഗമായ എ.കെ. ആൻറണി 1991-1996 കാലഘട്ടത്തിൽ കേന്ദ്രത്തിൽ അധികാരത്തിലിരുന്ന പി.വി. നരസിംഹറാവു മന്ത്രിസഭയിൽ സിവിൽ സപ്ലൈസ് കാബിനറ്റ് വകുപ്പ് മന്ത്രിയായിരുന്നു. 1992 മുതൽ കോൺഗ്രസ് വർക്കിംഗ് കമ്മറ്റി അംഗമാണ്. 1995-ൽ കേന്ദ്ര പൊതുവിതരണ വകുപ്പ് മന്ത്രിയായിരിക്കെ ഉയർന്ന പഞ്ചസാര അഴിമതി ആരോപണത്തെ തുടർന്ന് കേന്ദ്ര മന്ത്രി സ്ഥാനം രാജി വയ്ക്കുകയുണ്ടായി.

പിന്നീട് സംസ്ഥാന രാഷ്ട്രീയത്തിൽ തിരിച്ചെത്തിയ എ.കെ.ആൻറണി രണ്ടാം വട്ടം മുഖ്യമന്ത്രിയായത് 1995-ലാണ്. രാജ്യസഭയിൽ അംഗമായിരിക്കെ കേരള മുഖ്യമന്ത്രിയായ രണ്ടാമത്തെ നേതാവാണ് ആൻറണി. മറ്റൊരാൾ സി. അച്യുതമേനോൻ ആണ്. മുഖ്യമന്ത്രിയായപ്പോൾ നിയമസഭാ അംഗമല്ലാതിരുന്നതിനാൽ തിരൂരങ്ങാടി മണ്ഡലത്തിൽ നിന്ന് ഉപതിരഞ്ഞെടുപ്പിൽ വിജയം കണ്ടെത്തിയ എ.കെ. ആൻറണി 1996 വരെ മുഖ്യമന്ത്രിയായി തുടർന്നു.

1996-ൽ നടന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ചേർത്തലയിൽ നിന്ന് നിയമസഭ അംഗമായി. 1996 മുതൽ 2001 വരെ കേരള നിയമസഭയിൽ പ്രതിപക്ഷനേതാവ് ആയിരുന്ന ആൻറണി 2001-ൽ ചേർത്തലയിൽ വീണ്ടും ജയിച്ച് മൂന്നാം വട്ടം കേരളത്തിൻറെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.

2004-ൽ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് ൻറെ പരാജയത്തിൻറെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി സ്ഥാനം രാജിവയ്ച്ചു. പിന്നീട് 2005-ൽ രാജ്യസഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആൻറണി 2006-ലും 2009-ലും രാജ്യത്തിൻറെ പ്രതിരോധം വകുപ്പ് മന്ത്രിയായി സ്ഥാനമേറ്റു. 2014-ൽ നടന്ന 16-മത് ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തോൽക്കുന്നത് വരെ കേന്ദ്ര പ്രതിരോധം വകുപ്പ് മന്ത്രി സ്ഥാനത്ത് തുടർന്നു.