EncyclopediaHistory

ഭൂമിക്കുള്ളിലേക്ക് ഒരു യാത്ര

ഭൂമിയുടെ ഉള്ളില്‍ എന്തൊക്കെയാണുള്ളതെന്നതിനെക്കുറിച്ച് പണ്ട് ആര്‍ക്കും കാര്യമായ അറിവുണ്ടായിരുന്നില്ല. എന്നാല്‍ പില്‍ക്കാലത്ത് ഭൂമിയുടെ ഉള്‍വശത്തെക്കുറിച്ച് ശാസ്ത്രജ്ഞന്മാര്‍ ഭൂമിയുടെ ഉള്‍വശത്തെക്കുറിച്ച് ശാസ്ത്രജ്ഞന്മാര്‍ പഠിച്ചു.ഭൂകമ്പങ്ങളും അഗ്നിപര്‍വ്വതങ്ങളില്‍ നിന്നു പുറത്തെത്തിയ പാറകഷ്ണങ്ങളുമൊക്കെയാണു ശാസ്ത്രജ്ഞന്മാരെ ഇതിനു സഹായിച്ചത്.
ഭൂമി ശരിക്കുമൊരു ഉള്ളി പോലെയാണെന്ന് പറയാം.ഉള്ളിയെപ്പോലെ ഭൂമിക്കും പല അടുക്കുകളുണ്ട്. മണ്ണും പാറയുമൊക്കെയുള്ള ഏറ്റവും പുറമെയുള്ള അടുക്കിനു ക്രസ്റ്റ് എന്നാണ് പേര്. വെറും 35 കിലോമീറ്റര്‍ കനമേയുള്ളൂ അതിന്. ഭൂമിയുടെ വലിപ്പവുമായി താരതമ്യം ചെയ്‌താല്‍ ക്രസ്റ്റിന്റെ കനം തീരെ കുറവാണ്.
ഭൂമധ്യരേഖയിലൂടെ ഒരു ചരടു കൊണ്ട് ഭൂമിയെ ചുറ്റിയെന്നു കരുതൂ. ഒരു തവണ ചുറ്റിയെത്താന്‍ ആ ചരടിന് ഏതാണ്ട് 40.000 കിലോമീറ്റര്‍ നീളം വേണം, ഭൂമിയുടെ നടുവിലൂടെ മറുപുറത്തേക്ക് ഒരു തുരങ്കമുണ്ടാക്കിയാല്‍ ആ തുരങ്കത്തിന് 12,756 കിലോമീറ്റര്‍ നീളം കാണും.
36 സെന്റിമീറ്റര്‍ വ്യാസമുള്ള ഒരു ബലൂണാണ് ഭൂമി എന്നു വിചാരിക്കുക. എങ്കില്‍ ക്രസ്റ്റിന് വെറും ഒരു മില്ലിമീറ്റര്‍ കട്ടിയേ ഉണ്ടാകൂ.ഇത് കരഭാഗത്തെ കാര്യം മാത്രമാണ്. സമുദ്രത്തിനടിയിലെ ക്രസ്റ്റിന് വെറും ആറു കിലോമീറ്ററാണ് കനം.
ക്രസ്റ്റിന്‍റെ അടിയിലുള്ള അടുക്കിന് മാര്‍റില്‍ എന്നാണ് പേര്.2870 കിലോമീറ്റര്‍ കനമുണ്ട് മാന്‍റിലിനു.അഗ്നിപര്‍വ്വതങ്ങള്‍ പൊട്ടി ലാവയും മറ്റും പുറത്തു വരുന്നത് മാന്‍റിലില്‍ നിന്നാണ്.
ഭൂമിയുടെ ഏറ്റവും ഉള്ളിലുള്ള ഭാഗത്തെ കോര്‍ എന്നു വിളിക്കും.കോര്‍ എന്ന വാക്കിനു കാമ്പ് എന്നാണല്ലോ അര്‍ത്ഥം.ഭൂമിയുടെ കാമ്പ് തന്നെയാണ് ഈ ഭാഗം. തിളച്ചുമറിയുന്ന പലതരം ലോഹങ്ങളാണ് ഇവിടെ, ഇരുമ്പ്, നിക്കല്‍ തുടങ്ങിയ ലോഹങ്ങളാണ് പ്രധാനമായും ഉള്ളത്.എന്നാല്‍ ഭൂമിയുടെ ഒത്ത നടുക്ക് ഉരുകാത്ത കട്ടിയായ ഇരുമ്പും നിക്കലുമാണെന്നാണ് ശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തിയിട്ടുള്ളത്.
ഭൂമി തുരന്നു പുരാതന കാലത്തെ കാലാവസ്ഥയെക്കുറിച്ച് പഠിക്കുന്ന രീതിയുമുണ്ട്.ധ്രുവപ്രദേശത്താണ് തുരക്കുക.അവിടെ അടരടരായി കിടക്കുന്ന ഐസ് പാളികള്‍ തുരന്നെടുത്ത് പഠിച്ചാണ് കാലാവസ്ഥയെക്കുറിച്ച് പഠിക്കുക.
ഇനി ഭൂമിയുടെ ഉപരിതലത്തെക്കുറിച്ച് ചില കാര്യങ്ങള്‍ കൂടി കേട്ടോളൂ, ഭൗമോപരിതലം എപ്പോഴും ചലിച്ചു കൊണ്ടാണിരിക്കുന്നത്. ഭൂമിയുടെ പുറംപാളിക്ക് രൂപം നല്‍കുന്ന പ്ലേറ്റുകള്‍ നിരന്തരചലനത്തിലാണ്. എന്നാല്‍ അതൊന്നും നാമറിയുന്നില്ലെന്ന് മാത്രം ചിലപ്പോള്‍ അവ നിരങ്ങി നീങ്ങും, മറ്റു ചിലപ്പോള്‍ ഒന്ന് മറ്റൊന്നിന്റെ അടിയിലേക്ക് തെന്നി നീങ്ങും. ചിലപ്പോഴാകട്ടെ അവ തമ്മില്‍ കൂട്ടിയിടിക്കുകയും ചെയ്യും.
പ്ലേറ്റുകള്‍ ഒന്നിച്ചു വരുന്ന സ്ഥലങ്ങളില്‍ ഭൂവല്‍ക്കത്തില്‍ ഒരു നിശ്ചിത അളവ് അസ്വസ്ഥതയുണ്ടാകും.ഇത് ചിലപ്പോള്‍ അഗ്നിപര്‍വ്വത സ്ഫോടനമോ ഭൂകമ്പമോ ആകാം.