EncyclopediaHistory

സ്വര്‍ണ്ണം തേടിയൊരു യാത്ര

സ്വര്‍ണ്ണനിക്ഷേപം നിറഞ്ഞ സ്ഥലങ്ങള്‍ കണ്ടെത്തണം’ ഈ ചിന്ത ശക്തമായതോടെ കൊളംബസ് വീണ്ടും കപ്പല്‍യാത്രയ്ക്ക് ഇറങ്ങി. 1494 ഏപ്രില്‍ അവസാനത്തോടെയായിരുന്നു ഇത്.
യാത്ര തുടങ്ങി ഒരു മാസത്തിനുശേഷം കൊളംബസ് ജമൈക്ക കണ്ടെത്തി. പക്ഷെ അവിടെ സ്വര്‍ണ്ണമോ വിലപിടിച്ച മറ്റു സാധനങ്ങളോ ഉണ്ടായിരുന്നില്ല. കൊളംബസ് അതീവ ദുഖിതനും നിരാശനുമായി. ഇതിനിടയില്‍ പിടികൂടിയ പനി അദ്ദേഹത്തിന്റെ മാനസികനിലയാകെമാറ്റി മറിച്ചു. ഒരു ഭ്രാന്തനെ പ്പോലെയായി കൊളംബസിന്റെ പെരുമാറ്റം.
ആദ്യയാത്രയില്‍ താന്‍ കണ്ടെത്തിയ ക്യൂബയാണ്‌ ഏഷ്യയിലെ പ്രധാന പട്ടണമെന്ന് കൊളംബസ് ഉറച്ചു വിശ്വസിച്ചു. തന്റെ വിശ്വാസം ശരിയാണെന്ന് സ്ഥാപിക്കാന്‍ വിചിത്രമായ പ്രവൃത്തിയാണ്‌ അദ്ദേഹം ചെയ്തത്. കപ്പലിലുണ്ടായിരുന്ന എല്ലാവരെയും നിരത്തി നിര്‍ത്തിയ അദ്ദേഹം’ ക്യൂബ ഏഷ്യയിലെ പ്രധാന പട്ടണമാണെന്ന് നാവ് കുഴയുന്നതുവരെ അവരെ ക്കൊണ്ട് പറയിച്ചു!
സെപ്റ്റംബര്‍ അവസാനം കൊളംബസും സംഘവും ഇസബെല്ല ദ്വീപിലേക്ക് മടങ്ങി. അടുത്ത ഒന്നരവര്‍ഷം അദ്ദേഹം അവിടെ കഴിച്ചുകൂട്ടി.
നിരന്തരം കലാപമുണ്ടാക്കുന്ന ദ്വീപുനിവാസികളില്‍ നിന്ന് നാവികരെ സംരക്ഷിക്കാന്‍ കൊളംബസ് വളരെ കഷ്ടപ്പെട്ടു.വിഷജന്തുക്കളുടെ ഭീഷണിയുമുണ്ടായിരുന്നു. എത്തിച്ചേര്‍ന്ന സ്ഥലം താമസത്തിന് പറ്റിയതല്ലെന്ന് കൊളംബസിന് മനസ്സിലായി ഭക്ഷണം തീര്‍ന്നു കൊണ്ടിരിക്കുന്നു. രോഗങ്ങളും തലപൊക്കി ത്തുടങ്ങി. വേഗം എന്തെങ്കിലും ചെയ്തേപറ്റൂ. കൊളംബസ് ഉറപ്പിച്ചു.
ഇസബെല്ല ഉപേക്ഷിച്ചു മറ്റൊരു താമസസ്ഥലം കണ്ടെത്താന്‍ അനുയായികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയശേഷം 1496 മാര്‍ച്ചില്‍ കൊളംബസ് സ്പെയിനിലേക്ക് മടങ്ങി.