ഒറ്റയ്ക്ക് ഒരു രാജ്യം
അയല്‍രാജ്യങ്ങലുമായും ബ്രിട്ടനുമായും നല്ല ബന്ധം നിലനിര്‍ത്തിയപ്പോഴും ഒരു തരം ഒറ്റപ്പെടല്‍ നയമാണ് ഭൂട്ടാന്‍ സ്വീകരിച്ചിരുന്നത്. ഉഗ്യന്‍ വാങ്ചുകിന്റെ മരണത്തെ തുടര്‍ന്ന് ഭൂട്ടാന്റെ രണ്ടാമത്തെ രാജാവായ ജിഗ്മെ വാങ് ചുകും ഈ നയം മാറ്റിയില്ല.
രാജ്യത്തിന്റെ ആഭ്യന്തരഭരണസംവിധാനവും നികുതിഘടനയും ശക്തിപ്പെടുത്തുന്നതിന് ജിഗ്മെ ഊന്നല്‍ നല്‍കി. ഭരണത്തിന്റെ നിയന്ത്രണം തന്നില്‍ കേന്ദ്രീകരിക്കാനും രാജാവു ശ്രദ്ധിച്ചു.അതിര്‍ത്തിക്കപ്പുറത്ത് കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ഈ ‘ഒറ്റപ്പെടല്‍’ പതിറ്റാണ്ടുകളോളം ഭൂട്ടാന് അനുഗ്രഹമായിത്തീര്‍ന്നു.
എങ്കിലും ഈ ഒറ്റപ്പെടല്‍ പൂര്‍ണ്ണമായിരുന്നില്ല.രാജാവ് തന്റെ അവകാശികളെ വിദ്യാഭ്യാസത്തിനായി ഇന്ത്യയിലേക്കും ഇംഗ്ലണ്ടിലേക്കും അയച്ചിരുന്നു.ബ്രിട്ടന്റെ സാമ്പത്തിക സഹായത്തോടെ ആദ്യത്തെ വെസ്റ്റെര്‍ന്‍ മോഡല്‍ സ്കൂളുകളും ഭൂട്ടാനില്‍ ആരംഭിക്കുകയും ചെയ്തു.മികച്ച വിദ്യാര്‍ത്ഥികളെ വിദേശരാജ്യങ്ങളിലേക്ക് ഉന്നത പഠനത്തിനയക്കാനും രാജാവ് സമ്മതിച്ചു.