പൂവണിയുന്ന സ്വപ്നം
യാത്രയ്ക്കൊരുങ്ങുമ്പോള്‍ കൊളംബസിന്റെ പ്രായം എത്രയായിരുന്നുവെന്നോ? 41 വയസ്സ്! അദ്ദേഹത്തിന്റെ വ്യവസ്ഥകള്‍ അംഗീകരിച്ച രാജാവും രാജ്ഞിയും യാത്രയ്ക്ക് വേണ്ട എല്ലാ സഹായങ്ങളും നല്കി. മാസങ്ങള്‍ നീണ്ട ഒരുക്കങ്ങള്‍ക്ക്ശേഷം ഒടുവില്‍ ആ ദിവസം വന്നെത്തി.
1492 ഓഗസ്റ്റ് മൂന്ന്.സ്പെയിനിലെ പാലോസ് തുറമുഖത്ത് പിന്റ, നീന, സാന്റാ മരിയ എന്നീ മൂന്ന് പായ്ക്കപ്പലുകള്‍ യാത്രയ്ക്കൊരുങ്ങിനിന്നു. അക്കാലത്തെ പതിവ് കപ്പലുകളില്‍നിന്ന് വ്യത്യസ്തമായി താരതമ്യേന ചെറിയ കപ്പലുകളാണ് കൊളംബസ് തിരഞ്ഞെടുത്തത്. 90 ടണ്‍ ഭാരമുള്ള സാന്റാ മരിയ ആയിരുന്നു കൂട്ടത്തില്‍ ഏറ്റവും വലുത്. അതിന്റെ അമരക്കാരനായിരുന്നു. കൊളംബസ്. എങ്കിലും കൂട്ടത്തില്‍ ഏറ്റവും ചെറിയ നീനയായിരുന്നു അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ട കപ്പല്‍/
കൊളംബസിന്റെ സംഘത്തില്‍ ആകെ 120 പേരുണ്ടായിരുന്നു. ഒരു വര്‍ഷത്തേക്ക് വേണ്ട ആഹാരം, വെള്ളം എന്നിവയ്ക്ക് പുറമേ പീരങ്കികള്‍ ഉള്‍പ്പടെയുള്ള ആയുധങ്ങളും കപ്പലുകളില്‍ ശേഖരിച്ചു.ജപ്പാനിലെ ചക്രവര്‍ത്തിക്കും അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു കൊണ്ടുള്ള സ്പെയിന് രാജാവിന്റെ കത്തുകളും കൊളംബസ് കയ്യില്‍ കരുതിയിരുന്നു.
എന്നാല്‍, കത്തുകളൊന്നും ലക്ഷ്യത്തിലെത്തിയില്ല!