CookingEncyclopedia

തെങ്ങിന്‍ ശര്‍ക്കരനിര്‍മ്മാണം

 അതിരാവിലെ ഓരോ തെങ്ങില്‍നിന്ന് കള്ളും ഇറക്കി ശര്‍ക്കര പാകം ചെയ്യുന്ന സ്ഥലത്തേക്ക് കൊണ്ടുപോകുന്നു. ചെത്തുന്ന തോട്ടിനടുത്ത് തന്നെ ഒരു ഷെഡ്‌ ഉണ്ടാക്കി അവിടെയാണ് സാധാരണ ശര്‍ക്കര ഉണ്ടാക്കുന്നത്. കള്ള് തിളപ്പിക്കുന്നതിനു മുമ്പ് അതിലുള്ള ഓലക്കഷ്ണങ്ങളെയും പ്രാണികളെയും അരിപ്പവച്ച് നീക്കം ചെയ്യുന്നു. പഴയ കാലത്ത് മണ്‍കലങ്ങളാണ് കള്ള് തിളപ്പിക്കാന്‍ ഉപയോഗിക്കുന്നത്. ഇരുമ്പ് പാത്രങ്ങളും ചെമ്പ്പാത്രങ്ങളും ഉപയോഗിക്കാറുണ്ടെങ്കിലും ശാസ്ത്രീയമായ രീതിയിലല്ല പലരും ശര്‍ക്കര നിര്‍മിക്കുന്നത്. കള്ള് അരിച്ചതിനുശേഷം അടുപ്പില്‍ വച്ചിരിക്കുന്ന പാത്രത്തില്‍ ഒഴിച്ച് തുടര്‍ച്ചയായി തീകത്തിക്കുന്നു. തിളയ്ക്കുന്നതിനു കുറച്ച് മുമ്പ് കള്ള് പതഞ്ഞ് മീതെ പാട ചൂടുന്നു. അപ്പോള്‍ കുറച്ച് വെളിച്ചെണ്ണ ഒഴിച്ചാല്‍ പത അമരും. പതഅമര്‍ന്നു കഴിഞ്ഞാല്‍ ഒരു തുളച്ച തവികൊണ്ട് പാടയെടുത്തു കളയാം. ഇപ്രകാരം മൂന്നു നാല് മണിക്കൂര്‍ തീകൊടുക്കുന്നത് കൊണ്ട് കള്ള് തിളച്ചു കുറുകുന്നു. കുറുകിയ കള്ള് ഒരു മരതവികൊണ്ട് തുടര്‍ച്ചയായി ഇളക്കണം. പാത്രം അടുപ്പില്‍ നിന്ന് ഇറക്കിയാലും ഇപ്രകാരം ഇളക്കിക്കൊണ്ടിരിക്കണം അങ്ങനെ അത് ഉറയ്ക്കുവാന്‍ തുടങ്ങും ഉടനെ അത് ഓല കൊണ്ടോ ചിരട്ട കൊണ്ടോ ഉണ്ടാക്കിയ അച്ചുകളില്‍ പകരുന്നു. ഏതാണ്ട് പകുതി ഉറച്ച ഈ ദ്രാവകം വായുതട്ടി തണുത്തുക്കഴിഞ്ഞാല്‍ നല്ലൊരു വെളുത്ത ശര്‍ക്കര ആകും.