റാം നാഥ് കോവിന്ദ്
ഇന്ത്യയുടെ പതിനാലാമത്തെ രാഷ്ട്രപതിയാണ് റാം നാഥ് കോവിന്ദ്.മുൻ ബിഹാർ ഗവർണറായിരുന്ന ഇദ്ദേഹം കാൺപൂരിൽനിന്നുള്ള ദലിത് നേതാവാണ്.1945 ഒക്ടോബർ ഒന്നിന് കാൻപൂരിലാണ് റാം നാഥ് കോവിന്ദ് ജനിച്ചത്. കാൻപൂർ സർവകലാശാലയിൽനിന്ന് ബികോം, നിയമ ബിരുദങ്ങൾ നേടിയ ശേഷം പതിനാറു വർഷം ഡൽഹി ഹൈക്കോടതിയിലും സുപ്രീം കോടതിയിലും പ്രാക്ടീസ് ചെയ്തു. 1980 മുതൽ 1993 വരെ സുപ്രീം കോടതിയിൽ കേന്ദ്രസർക്കാരിന്റെ സ്റ്റാൻഡിങ് കോൺസൽ ആയിരുന്നു.
ഉത്തർപ്രദേശിൽനിന്നു രാജ്യസഭയിലേക്കു രണ്ടുവട്ടം (1994–2000), (2000–2006) തിരഞ്ഞെടുക്കപ്പെട്ടു. പട്ടിക ജാതി / വർഗ ക്ഷേമം, ആഭ്യന്തരം, സാമൂഹികനീതി, നിയമം, പെട്രോളിയം തുടങ്ങിയ വിവിധ പാർലമെന്ററി കമ്മറ്റികളിൽ അംഗമായിരുന്നു. ലക്നൗ ബി.ആർ. അംബേദ്ക്കർ സർവകലാശാല ബോർഡ് ഓഫ് മാനേജ്മെന്റ്, കൽക്കത്ത സർവകലാശാല ബോർഡ് ഓഫ് ഗവേണൻസ് എന്നിവടങ്ങളിൽ അംഗമാണ്. 2002–ൽ ഐക്യരാഷ്ട്ര സംഘടനയിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു. പാർലമെന്റ് അംഗമായിരിക്കുമ്പോൾ ഗ്രാമീണ മേഖലയിൽ വിദ്യാഭ്യാസ സൗകര്യങ്ങൾ ഒരുക്കുന്നതിൽ അദ്ദേഹം ഏറെ ശ്രദ്ധിച്ചിരുന്നു. ദുർബല വിഭാഗങ്ങൾക്കും സ്ത്രീകൾക്കും സൗജന്യ നിയമസഹായം നൽകുന്ന പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി.
1977-ൽ ഡൽഹി ഹൈക്കോടതിയിൽ കേന്ദ്രസർക്കാരിന്റെ അഭിഭാഷകനായ കോവിന്ദ് 1981-ൽ സുപ്രീം കോടതിയിൽ സർക്കാരിന്റെ ജൂനിയർ അഭിഭാഷകനായി. ദലിത്, പിന്നാക്ക, പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർ കേസുകൾ നടത്താൻ നേരിടുന്ന പ്രയാസങ്ങൾ നേരിട്ടു മനസ്സിലാക്കിയ റാം നാഥ് അവർക്കായി ഡിപ്രസ്ഡ് ക്ലാസസ് ലീഗൽ എയ്ഡ് ബ്യൂറോയിൽ സജീവമായി. 1978-ൽ സുപ്രീം കോടതിയിൽ അഡ്വക്കറ്റ് ഓൺ റെക്കോഡ് ആയി. 1991-ൽ ബിജെപിയിൽ അംഗമായ കോവിന്ദിന്റെ പ്രവർത്തനം അന്നത്തെ പാർട്ടിനേതാക്കളായ അടൽ ബിഹാരി വാജ്പേയി, എൽ. കെ. അഡ്വാനി, മുരളീ മനോഹർ ജോഷി എന്നിവരുടെ ശ്രദ്ധയിൽപ്പെട്ടു. അങ്ങനെ 1994 ഏപ്രിലിൽ ഉത്തർപ്രദേശിൽ നിന്നു രാജ്യസഭാംഗമായി. പിന്നെയും മൂന്നു വർഷം കഴിഞ്ഞ് 1997- ലാണ് കോവിന്ദ് ആദ്യമായി ബിജെപി ദേശീയ നിർവാഹക സമിതി അംഗമാകുന്നത്.
പാർലമെന്റിൽ കോവിന്ദിന്റെ പ്രവർത്തനം ശ്രദ്ധേയമായതു മൂന്നു കമ്മിറ്റികളിൽ അംഗമെന്ന നിലയിലാണ് – പട്ടികജാതി, പട്ടികവർഗ ക്ഷേമ സമിതി, സാമൂഹികനീതി ശാക്തീകരണ സമിതി, നിയമ, നീതി സമിതി. പട്ടികജാതി –പട്ടികവർഗക്കാർക്കു തികച്ചും എതിരായ ചില ഉത്തരവുകൾ 1997-ൽ കേന്ദ്രസർക്കാർ പുറപ്പെടുവിച്ചപ്പോൾ അതിനെതിരെ ശക്തമായ പ്രക്ഷോഭം നടത്താൻ അദ്ദേഹം മുന്നിട്ടിറങ്ങി. അടൽ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിൽ ദേശീയ ജനാധിപത്യ മുന്നണി സർക്കാർ അധികാരമേറ്റപ്പോൾ ഈ ഉത്തരവുകളെല്ലാം ഭരണഘടനാ ഭേദഗതികളിലൂടെ തിരുത്താൻ കോവിന്ദ് മുൻകയ്യെടുത്തു. രാജ്യസഭയിൽ അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ ശ്രദ്ധേയമായപ്പോഴാണ് 2002ൽ കേന്ദ്രസർക്കാർ അദ്ദേഹത്തെ ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ സംസാരിക്കാൻ നിയോഗിച്ചത്.
2015-ൽ കെ.എൻ. ത്രിപാഠിയുടെ പിൻഗാമിയായി ബീഹാർ ഗവർണർ സ്ഥാനമേറ്റെടുത്ത കോവിന്ദിനെ 2017 ജൂണിൽ എൻ.ഡി.എ.യുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി തിരഞ്ഞെടുത്തു. എതിർസ്ഥാനാർത്ഥിയായിരുന്ന മുൻ ലോക്സഭാ സ്പീക്കർ മീര കുമാറിനെ തോല്പിച്ച് 2017 ജൂലൈ 25-ന് അദ്ദേഹം രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തു.