മുഹമ്മദ് ഹിദായത്തുള്ള
മുഹമ്മദ് ഹിദായത്തുള്ള (17 ഡിസംബർ 1905 – 18 സെപ്റ്റംബർ 1992) സ്വതന്ത്ര ഇന്ത്യയുടെ ആക്ടിംഗ് രാഷ്ട്രപതിയായി രണ്ടു തവണ സേവനം അനുഷ്ടിച്ച വ്യക്തിയാണ്. സുപ്രീംകോടതിയിലെ പതിനൊന്നാമത്തെ മുഖ്യന്യായാധിപൻ കൂടിയായിരുന്നു ഹിദായത്തുള്ള. ഒരു മുസ്ലീം കുടുംബത്തിൽ നിന്നും വന്ന ഇന്ത്യയുടെ ആദ്യത്തെ ചീഫ് ജസ്റ്റിസും ആയിരുന്നു ഹിദായത്തുള്ള. ഇന്ത്യയുടെ ഉപരാഷ്ട്രപതിയായും ഇദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്. സുപ്രീംകോടതി മുഖ്യന്യായാധിപനായിരിക്കേ തന്നെ ഇടക്കാലത്തേക്ക് ഇന്ത്യയുടെ രാഷ്ട്രപതി പദവും ഇദ്ദേഹം അലങ്കരിച്ചിട്ടുണ്ട്.
1905 ഡിസംബർ 17 ന് ഒരു ഉന്നത കുടുംബത്തിലാണ് ഹിദായത്തുള്ള ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് വിലായത്തുള്ള അറിയപ്പെടുന്ന ഒരു കവിയായിരുന്നു. പിതാവിന്റെ കലാസ്വാദനമാവാം ഹിദായത്തുള്ളയുടെ സാഹിത്യത്തോടും. ഭാഷയോടുമുള്ള താൽപര്യത്തിനു കാരണം. ഹിദായത്തുള്ളയുടെ ബന്ധുക്കളെല്ലാം മികച്ച വിദ്യാഭ്യാസം നേടിയവരും,സർക്കാർ സേവന മേഖലയിൽ പ്രവർത്തിക്കുന്നവരുമായിരുന്നു. ഉറുദു ഭാഷയിലുള്ള കവിതകളിൽ ഹിദായത്തുള്ളക്ക് ഒരു പ്രത്യേക അഭിരുചി ഉണ്ടായിരുന്നു. റായ്പൂർ സർക്കാർ സ്കൂളിൽ നിന്നും ഹിദായത്തുള്ള പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. ബിരുദ പഠനത്തിനായി നാഗ്പൂരിലുള്ള മോറിസ് കോളേജിൽ ചേർന്നു. പിന്നീട് നിയമത്തിൽ ബിരുദം സമ്പാദിക്കാനായി കേംബ്രിഡ്ജ് സർവ്വകലാശാലയിലെ ട്രിനിറ്റി കോളേജിൽ പ്രവേശനം നേടി. അവിടെ നിന്നും സ്വർണ്ണമെഡലോടെയാണ് ഹിദായത്തുള്ള പഠനം പൂർത്തിയാക്കിയത്. തന്റെ 25 ആമത്തെ വയസ്സിൽ ലണ്ടനിലെ പ്രശസ്തമായ ലിങ്കൺ ഇൻ എന്ന കോടതിയിൽ അഭിഭാഷകനായി ജോലിയിൽ പ്രവേശിച്ചു.
ലണ്ടനിൽ നിന്നും മടങ്ങിയെത്തിയ ഹിദായത്തുള്ള നാഗ്പൂർ ഹൈക്കോടതിയിൽ അഭിഭാഷകനായി ജോലിയിൽ പ്രവേശിച്ചു. 1943 ഓഗസ്റ്റ് 2 ന് ഇപ്പോഴത്തെ മദ്ധ്യപ്രദേശ് സംസ്ഥാനത്തിന്റെ അഡ്വക്കേറ്റ് ജനറലായി സ്ഥാനമേറ്റെടുത്തു. 1946 ജൂൺ മാസത്തിൽ ഹൈക്കോടതി ജഡ്ജിയായി ഉദ്യോഗക്കയറ്റം ലഭിച്ചു.