Encyclopedia

അഗ്നി 5

ഇന്ത്യയുടെ ഡിഫൻസ് റിസേർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ വികസിപ്പിച്ചെടുത്ത അതി ദീർഘദൂര ബാലിസ്റ്റിക് മിസൈലാണ് അഗ്നി 5. ഭൂഖണ്ഡാന്തര മിസൈലുകളുടെ ശേഷിക്കു സമീപം ശേഷിയുള്ള ഈ മിസൈലിനു 7500 കിലോമീറ്റർ ദൂരം സഞ്ചരിച്ച് ലക്ഷ്യത്തിൽ ആക്രമണം നടത്താൻ കഴിയും. 17 മീറ്റർ നീളവും 50 ടൺ ഭാരവുമാണ് ഈ മിസൈൽ ഖര ഇന്ധനം ഉപയോഗിക്കുന്നതും മൂന്നു ഘട്ടങ്ങൾ ഉള്ളതുമാണ്. അഗ്നി 5-നു ആകെ ഒരു ടൺ വരെ ഭാരമുള്ള പത്ത് ആക്രമണ മുനകൾ വരെ വഹിക്കാൻ ശേഷിയുണ്ട്. മലയാളിയായ ടെസ്സി തോമസാണ് ഈ പദ്ധതിയുടെ പ്രോജക്റ്റ് ഡയറക്ടർ[9]. 2012 ഏപ്രിൽ 19-നു് ആയിരുന്നു ആദ്യ പരീക്ഷണ വിക്ഷേപണം. കരയിൽ നിന്ന് തൊടുക്കാവുന്ന പതിപ്പായിരുന്നു അത്. ഒഡീഷയിലെ വീലർ ദ്വീപിൽ നിന്നായിരുന്നു ആദ്യ മിസൈൽ വിക്ഷേപിക്കപ്പെട്ടത്.

സാങ്കേതിക വിദ്യ

മിസൈൽരംഗത്തെ ഒട്ടേറെ ആധുനിക സാങ്കേതിക വിദ്യകൾ കൂടിയാണ് അഗ്‌നി-5 ൽ പരീക്ഷണ വിധേയമാക്കുന്നത്. വിവിധ പദാർഥങ്ങൾ ചേർത്തുണ്ടാക്കിയ പ്രത്യേകതരം വസ്തുകൊണ്ടാണ് (കോമ്പോസിറ്റ് മെറ്റീരിയൽ) ഇതിന്റെ രണ്ടും മൂന്നും ഘട്ടങ്ങളിലെ റോക്കറ്റ് എൻജിൻ നിർമിച്ചിരിക്കുന്നത്. സ്റ്റീൽ കൊണ്ടുള്ള പതിവുരീതി ഉപേക്ഷിച്ചാണിത്. എൻജിന്റെ ഭാരം കുറയുന്നതിനൊപ്പം പ്രവർത്തനക്ഷമത ഇതിലൂടെ വർധിക്കുകയും ചെയ്യും. മൂന്നാംഘട്ടത്തിൽകോണിക്കൽരൂപത്തിലുള്ള മോട്ടോറാണ്. ഇന്ത്യൻ മിസൈൽ പദ്ധതിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരം മോട്ടോർ പരീക്ഷിക്കുന്നത്. കേബിളിന്റെ എണ്ണം കുറയ്ക്കുന്നതിനായി മിസൈലിലെ ഇലക്‌ട്രോണിക് ഘടകങ്ങളെത്തമ്മിൽ ഡിജിറ്റൽ വിദ്യയിലൂടെയാണ് പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നത്. നേരത്തേ ഒരു മിസൈലിനുള്ളിൽ എല്ലാംകൂടി ഏകദേശം പത്തുകിലോമീറ്റർ നീളത്തിൽ കേബിളുകൾ ഉപയോഗിച്ചിരുന്നു. മിസൈലിന്റെ പ്രയാണഗതിയെ സ്വയംനിയന്ത്രിക്കുന്ന പുതിയ റിങ് ലേസർ ഗിയറോ, മൈക്രോ നാവിഗേഷണൽ സിസ്റ്റം എന്നിവയും അഗ്‌നി-5-ൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഭൂമിയിൽനിന്ന് ബഹിരാകാശ സമാനമായ ഉയരത്തിലേക്ക് പറന്നുയർന്നശേഷം ആക്രമണലക്ഷ്യത്തിനടുത്തുവെച്ച് തിരികെ അന്തരീക്ഷത്തിൽ പ്രവേശിക്കുകയാണ് ദീർഘദൂര ബാലിസ്റ്റിക് മിസൈലുകൾ ചെയ്യുക. അതിവേഗത്തിൽ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമ്പോൾ ഘർഷണം മൂലമുണ്ടാകുന്ന ഉയർന്ന ചൂട് താങ്ങാനുള്ള പ്രത്യേകതരം കവചവും മൂന്നാംഘട്ടത്തിൽ ചേർത്തിട്ടുണ്ട്.

പ്രത്യേകതകൾ

ശത്രുരാജ്യങ്ങളുടെ മിസൈൽവേധപ്രതിരോധ സംവിധാനങ്ങളുടെ കണ്ണുവെട്ടിക്കാനുള്ള തന്ത്രങ്ങളും അഗ്‌നി-5 ലുണ്ട്. മറ്റ് മിസൈലുകളിൽനിന്ന് വ്യത്യസ്തമായി പ്രത്യേകതരം ലോഹ കവചത്തിനുള്ളിൽ (കാനിസ്റ്റർ) ആണ് അഗ്‌നി-5 ശേഖരിച്ചുവെക്കുകയെന്ന് അവിനാശ് ചന്ദർ പറഞ്ഞു. ഏറെക്കാലം കേടുപാടുകൂടാതെ മിസൈൽ സൂക്ഷിച്ചുവെക്കാൻ ഇതിലൂടെ കഴിയും. അതുകൊണ്ടുതന്നെ പ്രത്യേക തയ്യാറെടുപ്പൊന്നുമില്ലാതെ വളരെ പെട്ടെന്നുതന്നെ അഗ്‌നി-5 നെ ശത്രുവിനെതിരെ പ്രയോഗിക്കാൻ കഴിയും. എപ്പോഴും വിക്ഷേപണസജ്ജമായിരിക്കും എന്നതാണ് ഇതുകൊണ്ടുള്ള പ്രധാന പ്രയോജനം. കരമാർഗ്ഗം ഇന്ത്യയിലെവിടെയും എത്തിച്ച് എവിടെനിന്നും വിക്ഷേപിക്കാൻ കഴിയുന്ന റോഡ് മൊബൈൽ ലോഞ്ചറാണ് 20 മീറ്ററോളം (ഏകദേശം ഒരു അഞ്ചുനില കെട്ടിടത്തിന്റെ ഉയരം) നീളംവരുന്ന അഗ്‌നി-5 നായി തയ്യാറാക്കിയിരിക്കുന്നത്. കരസേനയ്ക്കുവേണ്ടിയുള്ള മോഡലാണ് ഇപ്പോൾ പരീക്ഷിക്കാൻ പോകുന്നത്. അഗ്‌നി-5 നെക്കുറിച്ച് ഇതുവരെ പുറത്തുവന്നിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽത്തന്നെ ഈ മിസൈൽ തങ്ങളുടെ വടക്കുകിഴക്കേ അറ്റത്തുള്ള ചെറിയ പട്ടണങ്ങൾക്കുപോലും ഭീഷണിയാണെന്ന് ചൈനയുടെ ഔദ്യോഗിക പത്രമായപീപ്പിൾസ് ഡെയ്‌ലിവിലയിരുത്തിക്കഴിഞ്ഞു. ചൈനയുടെ സൈനികശേഷി ഉയർത്തുന്ന ഭീഷണിക്കുള്ള മറുപടിയായാണ് ഈ മിസൈലിനെ ഇന്ത്യൻ സൈനിക വിദഗ്ദ്ധരും കാണുന്നത്. എന്നാൽ, പ്രതിരോധ ശാസ്ത്രജ്ഞരെ സംബന്ധിച്ചിടത്തോളം ഭൂഖണ്ഡാന്തര മിസൈൽ ശേഷിയിലേക്കുള്ള നിർണായകമായ ചവിട്ടുപടിയാണിത്. കൂടുതൽ വിപുലീകരിച്ച് അഗ്‌നി-6 ൽ ഉപയോഗിക്കാനുള്ള സാങ്കേതിക വിദ്യകളുടെ അടിസ്ഥാനരൂപങ്ങളാണ് അഗ്‌നി-5 ലുള്ളത്