സ്വര്‍ണത്തേക്കാള്‍ വമ്പന്‍
വിലയിലും ഭംഗിയിലും സ്വര്‍ണത്തേക്കാള്‍ ഒരുപടി മുന്നില്‍ നില്ക്കുന്ന ലോഹമാണ് പ്ലാറ്റിനം. സ്പെയിന്‍കാരാണ് ഈ ലോഹത്തിനു പ്ലാറ്റിനം എന്ന് പേര് നല്‍കിയത്.
പതിനാറാം നൂറ്റാണ്ടില്‍ തെക്കേ അമേരിക്കയില്‍ നിന്നാണ് ഈ ലോഹം സ്പെയിനിലെത്തിയത്. സ്പെയിന്‍കാരുടെ ആസ്ടെക് വര്‍ഗക്കാര്‍ പ്ലാറ്റിനം ലോഹപ്പണിയില്‍ പേരുകേട്ടവരായിരുന്നു. അവരുടെ അവസാന ചക്രവര്‍ത്തിയായ മൊണ്ടേസു രണ്ടാമന് പ്ലാറ്റിനം കൊണ്ട് നിര്‍മിച്ച കണ്ണാടികള്‍ സ്പെയിനിലെ രാജാവിനെ സമ്മാനമായി നല്‍കിയിരുന്നു. വളരെ ഉയര്‍ന്ന ചൂടില്‍ മാത്രം ഉരുകുന്ന ഈ ലോഹത്തെ അവര്‍ എങ്ങനെ മെരുക്കിയെടുത്തു എന്നത് ഇന്നും അത്ഭുതമാണ്.
പെട്ടെന്ന് ചൂടാവുകയും അതുപോലെ തണുക്കുകയും ചെയ്യുന്ന ലോഹമാണ് പ്ലാറ്റിനം. ഇതിനു സ്വര്‍ണത്തെക്കാള്‍ കടുപ്പമുണ്ട്. അടിച്ചു പരത്താനും വലിച്ചു നീട്ടാനും വളരെ എളുപ്പമാണ്. ഒരു മില്ലിമീറ്ററിന്റെ ആയിരത്തിലൊന്ന് കനമുള്ള പ്ലാറ്റിനം കമ്പികള്‍ വരെ നിര്‍മിക്കാനാകും! ആഭരണങ്ങള്‍ ഉണ്ടാക്കാനാണ് പ്ലാറ്റിനം കൂടുതലായും ഉപയോഗിക്കുന്നത്. കൂടാതെ വൈദ്യശാസ്ത്രരംഗത്തും ഇലക്ട്രോണിക്സ് രംഗത്തും വാഹനനിര്മാണത്തിലുമെല്ലാം ഇതിന് ഉപയോഗമുണ്ട്, കാന്‍സര്‍ ചികിത്സയ്ക്കുപയോഗിക്കുന്ന സിസ്പ്ലാറ്റിന് ഒരു പ്ലാറ്റിനം സംയുക്തമാണ്.
പ്ലാറ്റിനത്തിന്റെ സ്വഭാവസവിശേഷതകളോട് ചേര്‍ന്ന് നില്ക്കുന്ന ലോഹങ്ങളാണ് റുഥിനിയം, റോഡിയം, പലേഡിയം, ഓസ്മിയം, ഇറിഡിയം എന്നിവ. എല്ലാത്തിനെയും ചേര്‍ത്ത് പ്ലാറ്റിനം ഗ്രൂപ്പ് ലോഹങ്ങള്‍ എന്നു പറയുന്നു. കാറിലും മറ്റ് വാഹനങ്ങളിലും മലിനീകരണം കുറയ്ക്കാന്‍ സഹായിക്കുന്ന ഉപകരണമായ കാറ്റലിറ്റിക് കണ്‍വര്‍ട്ടര്‍ ഉണ്ടാക്കുന്നത്. പ്ലാറ്റിനം ഗ്രൂപ്പ് ലോഹങ്ങള്‍ ഉപയോഗിച്ചാണ്.
ഛിന്നഗ്രഹങ്ങളില്‍ ധാരാളമുള്ള ലോഹമാണ് ഇറിഡിയം. വലിയ ഒരു ഛിന്നഗ്രഹo ഭൂമിയില്‍ പതിച്ചാണ് ദിനോസറുകള്‍ നശിക്കാന്‍ കാരണമെന്ന് ഒരു വാദമുണ്ട്. ഇതിനു തെളിവായി ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നത് ഭൂമിയുടെ പുറംപാളിയില്‍ ചിലയിടത്ത് ഇറിഡിയത്തിന്റെ അളവ് കൂടുതലുണ്ടെന്നതാണ്. ഛിന്നഗ്രഹങ്ങള്‍ പതിച്ചതുകൊണ്ടാവാം ഇറിഡിയത്തിന്റെ അളവ് കൂടുതല്‍ എന്നാണ് അവരുടെ വാദം.
ആവര്‍ത്തനപ്പട്ടികയില്‍ പ്ലാറ്റിനത്തിനു മുകളില്‍ കിടക്കുന്ന ലോഹമാണ് പലേഡിയം. പത്തൊമ്പതാം നൂറ്റാണ്ടില്‍ പലേഡിയം കണ്ടെത്തുന്നതിനു തൊട്ടു മുമ്പ് കണ്ടെത്തിയ ഛിന്നഗ്രഹമായിരുന്നു പലാസ്. ഇതിന്റെ പേരില്‍ നിന്നാണ് പലേഡിയത്തിന് ആ പേര് കിട്ടിയത്.