Encyclopedia

ഏറ്റവും പ്രാചീന ലോഹം

മനുഷ്യന്‍ ഏറ്റവുമാദ്യം വ്യാപകമായി ഉപയോഗിച്ച ലോഹമാണല്ലോ ചെമ്പ്. ഇന്നും നാം ഏറ്റവുമധികം ഉപയോഗിക്കുന്ന ലോഹങ്ങളിലൊന്നും ചെമ്പുതന്നെ. ലോകത്ത് ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കുന്ന ലോഹങ്ങളില്‍ മൂന്നാം സ്ഥാനമുണ്ട് ചെമ്പിന്.

   ചെമ്പിന്‍റെ ചില ഗുണങ്ങള്‍ തന്നെയാണ് ഇതിനെ മനുഷ്യന്‍റെ വലിയ കൂട്ടുകാരനാക്കിയത്. ചെമ്പ് എളുപ്പത്തില്‍ തകിടും കമ്പിയുമാക്കാം. വെള്ളത്തിലിട്ടാലോ നീരാവിയേറ്റാലോ ഇത് നശിക്കില്ല. ഇരുമ്പിനെപ്പോലെ തുരുമ്പ് എടുക്കുകയുമില്ല. വൈദ്യുതി നന്നായി കടത്തിവിടുന്നതിനാല്‍ വൈദ്യുതിയുപകരണങ്ങളിലും ചെമ്പ് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നതും വൈദ്യുതിയുമായി ബന്ധപ്പെട്ട വ്യവസായങ്ങളില്‍ തന്നെ.

  പൊതുവെ കാഠിന്യം കുറഞ്ഞ ലോഹമാണ് ചെമ്പ്, എന്നാല്‍ മറ്റു ചില ലോഹങ്ങളുമായി ചേര്‍ത്താല്‍ കട്ടിയുള്ള കൂട്ടുലോഹങ്ങള്‍ ഉണ്ടാക്കാം. വെങ്കലം, ഓട്, പിത്തള തുടങ്ങിയവ ചെമ്പ് ചേര്‍ത്ത കൂട്ടുലോഹങ്ങളില്‍ ചിലതാണ്.

  ചെമ്പു ചേര്‍ത്ത പല മിശ്രിതങ്ങളും മരുന്നായി ഉപയോഗിക്കുന്നു. കോപ്പര്‍ കാര്‍ബനെറ്റ്, കോപ്പര്‍ സിലിക്കേറ്റ്, കോപ്പര്‍ ഓക്സൈഡ്, കോപ്പര്‍ ക്ലോറൈഡ് തുടങ്ങിയവ അവയില്‍ ചിലതാണ്. പുരാതന ഈജിപ്തുകാര്‍ കുടിവെള്ളം ശുദ്ധീകരിക്കാന്‍ ചെമ്പ് ഉപയോഗിച്ചിരുന്നു.

  മനുഷ്യശരീരത്തില്‍ ചെമ്പിന്‍റെ അംശമുണ്ട്. ശരീരത്തിന്‍റെ ശരിയായ പ്രവര്‍ത്തനത്തിനും അത് ആവശ്യമാണ്‌. അതുപോലെ സസ്യങ്ങളില്‍ ഹരിതകം ഉണ്ടാകാനും ചെമ്പ് വേണം. സസ്യങ്ങള്‍ക്കും ജന്തുക്കള്‍ക്കും ഒരുപോലെ ആവശ്യമായതിനാല്‍ ചെമ്പിനെ ജൈവമൂലകം എന്ന് വിളിക്കാറുണ്ട്.