Encyclopedia

ഓര്‍ക്കിഡുകളിലെ പ്രധാന ഇനങ്ങള്‍

ബള്‍ബ് ഓര്‍ക്കിഡുകള്‍

  ഏറ്റവുമധികം അംഗങ്ങളുള്ള ഓര്‍ക്കിഡ് വിഭാഗമാണ്‌ ബള്‍ബോ ഫില്ലം. 2000-ലധികം ഇനങ്ങള്‍ ഈ കൂട്ടത്തിലുണ്ട്, ചെടിയുടെ തണ്ടിന് പകരം ബള്‍ബ് പോലുള്ള ഭാഗമാണ് ഇവയില്‍ രൂപപ്പെടുക. ബള്‍ബിനു മുകളിലായി ഒരില മാത്രമേ ഉണ്ടാകൂ. ഒറ്റ പൂവ് മുതല്‍ ധാരാളം പൂക്കള്‍ വരെ ഉണ്ടാകുന്ന ഇനങ്ങളുണ്ട്. ആഫ്രിക്കയടക്കമുള്ള ഒട്ടുമിക്ക ഉഷ്ണമേഖല പ്രദേശങ്ങളിലും ബള്‍ബോഫില്ലo ഓര്‍ക്കിഡുകള്‍ കാണപ്പെടുന്നു. ബോര്‍ണിയോ കാടുകളില്‍ വളരുന്ന bulbophyllum beccarii എന്നയിനമാണ് ഈ കൂട്ടത്തിലെ വമ്പന്‍. ഇവയുടെ പൂക്കള്‍ക്ക് അഴുകിയ മാംസത്തിന്റെ മണമുള്ളതിനാല്‍ അലങ്കാരസസ്യമായി വളര്‍ത്താറില്ല. bulbophyllum lemniscatoides, bulbophyllum barbigerum, bulbophyllum monstrabile, bulbophyllum phalaenopsis തുടങ്ങിയ ഇനങ്ങള്‍ ഈ കൂട്ടത്തിലെ പ്രധാനപ്പെട്ടവയാണ്.

ഡെന്‍ഡ്രോബിയം

ഓര്‍ക്കിഡ് കുടുംബത്തില്‍ എണ്ണം കൊണ്ട് രണ്ടാംസ്ഥാനമുള്ള വിഭാഗമാണ്‌ ഡെന്‍ഡ്രോബിയം, ഏതാണ്ട് 1,800 ഇനങ്ങള്‍ ഇക്കൂട്ടത്തിലുണ്ടെന്നാണ് കരുതുന്നത്, മരങ്ങള്‍ക്ക് മുകളില്‍ വളരുന്ന ചെറിയ ഇനങ്ങളാണ് ഇവയിലധികവും എന്നാല്‍, പാറകള്‍ക്കു മുകളിലും മണ്ണിലും വളരുന്ന ചെടികളും ഇക്കൂട്ടത്തിലുണ്ട്. ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ ധാരാളമായി കാണപ്പെടുന്ന ഓര്‍ക്കിഡുകളാണിവ. ഇന്ത്യയില്‍ ഏറ്റവുമധികം കാണപ്പെടുന്ന ഓര്‍ക്കിഡ് വിഭാഗവും ഇതുതന്നെ. ഭംഗിയുള്ള പൂക്കളുണ്ടാകുന്ന ഡെന്‍ഡ്രോബിയങ്ങള്‍ ഓര്‍ക്കിഡ് പ്രേമികളുടെ പ്രിയപ്പെട്ട ഇനങ്ങളാണ് സുഗന്ധമുള്ള ഇവയുടെ പൂക്കള്‍ കുലകളായി ഉണ്ടാകുന്നു, ഏറെനാള്‍ കൊഴിയാതെ നില്‍ക്കുന്ന പൂക്കളാണ് ഡെന്‍ഡ്രോബിയം ഓര്‍ക്കിഡുകളുടേത്.

എപ്പിഡെന്‍ഡ്രം

 മരത്തിനു മുകളില്‍ വളരുന്നത് എന്നാണ് എപ്പിഡെന്‍ഡ്രം എന്ന വാക്കിനര്‍ഥം. പേര്പോലെതന്നെ മരത്തിനു മുകളില്‍ വളരുന്ന ഓര്‍ക്കിഡുകള്‍ ആണ് ഇവ. 1,500-ഓളം ഇനങ്ങള്‍ ഈ ഓര്‍ക്കിഡ് വിഭാഗത്തിലുണ്ട്. 1763-ല്‍ കാള്‍ ലിനേയസാണ് ഇവയ്ക്ക് ഈ പേര് നല്‍കിയത്. അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ 1000-3000 അടി ഉയരമുള്ള മലനിരകളിലെ മരങ്ങളിലാണ് ഇവയില്‍ മിക്കതും വളരുന്നത്. ഈ ഓര്‍ക്കിഡുകളുടെ പൂക്കള്‍ കുലകളായി രൂപപ്പെടുന്നു.

ഫെലനോപ്സിസ്

 ഓര്‍ക്കിഡ് വളര്‍ത്തുന്നവരുടെ ഇഷ്ട ഇനങ്ങളിലൊന്നാണ് ഫെലനോപ്സിസ് ഓര്‍ക്കിഡുകള്‍. ശലഭങ്ങള്‍ക്ക് സമാനമായ രൂപമുള്ളതിനാല്‍ മോത്ത് ഓര്‍ക്കിഡ് എന്നും ഇവ അറിയപ്പെടുന്നു. മരത്തിനു മുകളിലും വളരുന്ന ഇനങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്, ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ സമൃദ്ധമായി വളരുന്ന ഓര്‍ക്കിഡുകള്‍ ആണിവ. വളരെ എളുപ്പത്തില്‍ വളര്‍ത്താവുന്ന ഈ ഓര്‍ക്കിഡുകളുടെ പൂക്കള്‍ ഭംഗിയേറിയതും വലുപ്പമുള്ളതും ദീര്‍ഘകാലം നിലനില്‍ക്കുന്നവയുമാണ്.

ഒബറോണിയ

 ഒബറോണ്‍ എന്ന പദത്തില്‍ നിന്നാണ് ഒബറോണിയ എന്ന പേര് വന്നത്. ഫെയറികളുടെ രാജാവിന് സാക്ഷാല്‍ വില്യം ഷെയ്ക്സ്‌പിയര്‍ നല്‍കിയ പേരാണ് ഒബറോണ്‍, തീരെച്ചെറിയ പൂക്കള്‍ അടുക്കുകളായുണ്ടാകുന്ന ഓര്‍ക്കിഡ് ആയതിനാലാണ് ഇവയ്ക്ക് ഈ പേര് വന്നത്. മരത്തിലും പാറപ്പുറത്തുമൊക്കെ വളരുന്ന ഇവയുടെ നാനൂറോളം ഇനങ്ങളെ കണ്ടെത്തിയിട്ടുണ്ട്, ഒന്നിന് മുകളില്‍ ഒന്നായി കാണുന്ന പരന്നുകൂര്‍ത്ത ഇലകളാണ് ഇവയുടെ പ്രത്യേകത.20-ലധികം ഒബറോണിയ ഓര്‍ക്കിഡുകളെ പശ്ചിമഘട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

കാറ്റ്ലിയ

 അലങ്കാര ഓര്‍ക്കിഡുകളിലെ താരമാണ് കാറ്റ്ലിയ ഓര്‍ക്കിഡുകള്‍. കോസ്റ്റ റീക്ക, അര്‍ജന്റീന എന്നിവിടങ്ങളാണ് സ്വദേശമെങ്കിലും ഇന്ന് മിക്ക രാജ്യങ്ങളിലും ഇവ വളരുന്നു. മനോഹരമായ വലുപ്പമേറിയ പൂക്കളാണ് ഇവയുടെ ആകര്‍ഷണം, മറ്റ്‌ ഇതളുകളില്‍ നിന്ന് കാണപ്പെടുന്ന പ്രധാന ഇതള്‍ ഇവയുടെ പ്രത്യേകതയാണ്. പുഷ്പമാര്‍ക്കറ്റില്‍ വലിയ വിലയുള്ള ഇനമാണ് കാറ്റ്ലിയ ഓര്‍ക്കിഡുകള്‍.

ഹെബനേറിയ

അന്റാര്‍ട്ടിക്ക ഒഴികെയുള്ള ഭൂഖണ്ഡങ്ങളിലെല്ലാം കാണപ്പെടുന്ന ഓര്‍ക്കിഡ് ഇനമാണ് ഹെബനേറിയ. 900-ലധികം അംഗങ്ങളുള്ള ഓര്‍ക്കിഡ് ഗ്രൂപ്പാണിത്. അരുവികളോട് ചേര്‍ന്ന് കാണപ്പെടുന്നതിനാല്‍ ചതുപ്പ് ഓര്‍ക്കിഡ് എന്നും ഇവയെ വിളിക്കാറുണ്ട്. മാലാഖമാരെപ്പോലെ ചിറകുവിരിച്ചു നില്‍ക്കുന്ന ഹെബനേറിയ പൂക്കള്‍ വെളുപ്പ്, മഞ്ഞ, ചുവപ്പ് നിറങ്ങളില്‍ കാണപ്പെടുന്നു. കേരളത്തില്‍ 20-ലധികം ഹെബനേറിയ ഇനങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ട്.

വാന്‍ഡഎളുപ്പം വളര്‍ത്താവുന്ന ഇനം ഓര്‍ക്കിഡുകളില്‍ പ്രധാനപ്പെട്ടവയാണ് വാന്‍ഡ ഓര്‍ക്കിഡ്. കാട്ടില്‍ വളരുന്ന 80 ഇനം വാന്‍ഡ ഓര്‍ക്കിഡുകളുണ്ട്, ഇവയില്‍ നിന്ന് വളര്‍ത്തിയെടുത്ത നൂറുകണക്കിന് സങ്കരയിനം ഓര്‍ക്കിഡുകള്‍ ഇന്ന് ലഭ്യമാണ്. ഫ്ലൂറസന്റ് നിറങ്ങളിലുള്ള വലുപ്പമേറിയ പൂക്കളാണ് വാന്‍ഡ ഇനങ്ങളുടെ പ്രത്യേകത, ഒട്ടുമിക്ക വാന്‍ഡ ഓര്‍ക്കിഡുകളും മരങ്ങളില്‍ വളരുന്നവയാണ്