ഓര്‍ക്കിഡ് വൈവിധ്യം
സമുദ്രനിരപ്പില്‍ നിന്ന് 4,600 മീറ്റര്‍ ഉയരത്തില്‍ വരെ ഓര്‍ക്കിഡുകള്‍ വളരുന്നു. ഭൂമധ്യരേഖാ പ്രദേശത്താണ് ഇവയുടെ വൈവിധ്യം ഏറ്റവും കൂടുതല്‍ കാണാനാവുക. ആയുസ്സിന്റെ അടിസ്ഥാനത്തില്‍ വാര്‍ഷിക സസ്യങ്ങള്‍, ദ്വിവര്‍ഷി സസ്യങ്ങള്‍, ബഹുവര്‍ഷി സസ്യങ്ങള്‍ എന്നിങ്ങനെ പല തരക്കാര്‍ ഓര്‍ക്കിഡ് കുടുoബത്തിലുണ്ട്. മറ്റു മരങ്ങള്‍ക്കു മുകളില്‍ കഴിയുന്നവ, പാറപ്പുറത്ത് വളരുന്നവ. മണ്ണില്‍ വളരുന്നവ എന്നിങ്ങനെയും ഓര്‍ക്കിഡുകളെ തരംതിരിക്കാം.
നിലംപറ്റി വളരുന്ന ചെറുചെടികള്‍ മുതല്‍ മീറ്ററുകളോളം വലുപ്പം വയ്ക്കുന്ന കുറ്റിച്ചെടികള്‍ വരെ ഓര്ക്കിഡുകളിലുണ്ട്. മറ്റു മരങ്ങള്‍ക്ക് മുകളിലേക്ക് പടര്‍ന്നുകയറി വള്ളിച്ചെടിയായി വളരുന്ന ഓര്‍ക്കിഡുകളില്‍ സാധാരണ വേരുകള്‍ക്ക് പകരം rhizoids എന്ന വേരുപടലങ്ങളും വെലാമന്‍ വേരുകളുമാണ് കാണാനാവുക. മരങ്ങള്‍ക്ക് മുകളില്‍ വളരുന്ന ഓര്‍ക്കിഡുകളിലെ വെലാമന്‍ വേരുകള്‍ ചെടികളെ മരത്തില്‍ ചേര്‍ത്തുനിര്‍ത്താന്‍ മാത്രമല്ല, പ്രകാശസംശ്ലേഷണത്തിനും സഹായിക്കും, ഈ വേരുകള്‍ക്കുള്ളില്‍ ബാക്ടീരിയയും ഫംഗസും കാണാറുണ്ട്.
ഒരില മുതല്‍ ഒട്ടനവധി ഇലകള്‍ വരെ ഉണ്ടാകുന്ന ഓര്‍ക്കിഡുകള്‍ ഉണ്ട്, നിലത്ത് പറ്റിച്ചേര്‍ന്നു വളരുന്ന ഓര്‍ക്കിഡുകളില്‍ സാധാരണയായി കനം കുറഞ്ഞ ഇലകളാണ് ഉണ്ടാവുക. എന്നാല്‍ വലിയ ഓര്‍ക്കിഡുകളില്‍ കട്ടിയേറിയതും നന്നായി ജലം ശേഖരിക്കുന്നതുമായ ഇലകള്‍ കാണപ്പെടുന്നു. ചിലയിനം ഓര്ക്കിഡുകളിലാവട്ടെ ഉരുണ്ട ഇലകളാണ് ഉണ്ടാവുക.
ഒരു പൂവ് മുതല്‍ നൂറുകണക്കിനു പൂക്കള്‍ ഉണ്ടാവുന്ന ഇനങ്ങള്‍ വരെ ഓര്‍ക്കിഡുകളില്‍ ഉണ്ട്. ചിലയിനങ്ങളുടെ പൂങ്കുലകള്‍ക്ക് കിലോക്കണക്കിന് ഭാരമുണ്ടാകും. ആറു മാസം വരെ വാടാതെ നില്ക്കുന്നയിനo പൂക്കള്‍ ഇവയില്‍ ഉണ്ടാകാറുണ്ട്.
മോണോപോഡിയല്‍, സിംപോഡിയല്‍ എന്നിങ്ങനെ രണ്ടുതരം ശാഖകള്‍ ഓര്‍ക്കിഡുകളില്‍ കാണാറുണ്ട്. ശാഖകളായി പിരിഞ്ഞുപോകുന്നവയെ സിംപോഡിയല്‍ എന്നും തായ്ത്തണ്ടില്‍ നിന്നും മുകളിലേക്കുയര്ന്നുവരുന്ന ഒറ്റയൊറ്റ തണ്ടുകളെ മോണോപോഡിയല്‍ എന്നും വിളിക്കാം. ചിലയിനം ഓര്‍ക്കിടുകളില്‍ വേരുപടലങ്ങള്‍ക്കും മുകളിലായി ജലവും ധാതുലവണങ്ങളും ശേഖരിക്കുന്ന ഉരുണ്ട ഒരു കാണ്ഡം രൂപപ്പെടാറുണ്ട്.