മുടിയേറ്റും പടയണിയും
മധ്യകേരളത്തിന്റെ അനുഷ്ഠാന കലകള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന രണ്ടു കലകളാണ് മുടിയേറ്റും പടയണിയും.പടേനി എന്നും ഇതിനു പേരുണ്ട്. ആലപ്പുഴ,പത്തനംതിട്ട, ജില്ലകളിലാണ് പടയണി കൂടുതലും.പത്തനംതിട്ട ജില്ലയിലെ കടമ്മനിട്ടയാണ് ഇന്ന് പടയണിക്ക് പ്രശസ്തമായ ദേശം.
ഭദ്രകാളി ദാരികനെ പോരിനു വിളിക്കുന്നതും അവര്‍ തമ്മില്‍ യുദ്ധം ചെയ്യുന്നതും ദാരികനെ വധിക്കുന്നതുമാണ് മുടിയേറ്റിലെ ഇതിവൃത്തം. ആദ്യമായി മുടിയേറ്റ് ഉണ്ടെന്നു ദേശക്കാരെ അറിയിക്കാന്‍ കൊട്ടിയറീക്കല്‍ നടത്തും. കഥകളിയിലെ കേളികൊട്ടു പോലെയാണത്. തുടര്‍ന്നു ഭദ്രകാളിക്കളം വരയ്ക്കും. ദാരികനെ കൊന്നിട്ടും കോപം അടങ്ങാതെ‘ ഭദ്രകാളിയുടെ അപ്പോഴത്തെ രൂപം സുബ്രഹ്മണ്യന് വഴിയില്‍ വരച്ചെന്നും അതുകൊണ്ട് കാളി ശാന്തയായെന്നുമുള്ള കഥയാണ് കളം വരയ്ക്കലിനു അടിസ്ഥാനം.
വരച്ചു കഴിഞ്ഞു കളത്തിലെ വിളക്കില്‍ നിന്ന് തിരി കത്തിച്ച് വേദിയിലെ ആട്ടവിളക്ക് തെളിക്കുന്നതോടെയാണ് ശരിക്കും മുടിയേറ്റ് ആരംഭിക്കുന്നത്. ഇതിലൂടെ കളത്തിലെ ദേവിചൈതന്യം വേദിയിലെത്തുന്നു എന്നാണ് വിശ്വാസം രണ്ടുപേര്‍ തിരശ്ശീലയുമായി വന്ന് ആട്ടവിളക്കിനു പിന്നില്‍ നില്ക്കുന്നു, അടുത്തതായി തിരശ്ശീലയ്ക്ക് പിന്നില്‍ ശിവന്റെ തലയും കാളയുടെ രൂപവും പ്രത്യക്ഷപ്പെടുന്ന തിരനോട്ടം. ദാരികനെ കുറിച്ചുള്ള പരാതികള്‍ നാരദന് ശിവനെ അറിയിക്കുന്ന ശിവനാരദസംവാദം മുതല്‍ ആകെ എട്ടു രംഗങ്ങളാണ് മുടിയേറ്റിനുള്ളത്.
ദാരികവധത്തിനു ശേഷം മുടിയഴിച്ച് ഭൂതഗണങ്ങള്‍ക്ക് ബലി കൊടുക്കുന്നതാണ് അവസാനരംഗം, ഓരോ രംഗത്തിനും യോജിച്ച തരത്തില്‍ ഇരുന്നാട്ടം, പടിഞ്ഞാട്ടം, ഇളകിയാട്ടം എന്നീ മൂന്നുതരം ആട്ടങ്ങളും മുടിയേറ്റിലുണ്ട്.
മുടിയേറ്റിലെ പ്രധാനഭാഗം കാളിയും ദാരികനുമായുള്ള സംവാദവും യുദ്ധവുമാണ്.അതു കാവിലോ ക്ഷേത്രത്തിലോ ഒരുക്കുന്ന വേദിയില്‍ മാത്രം ഒതുങ്ങണമെന്നില്ല. മുന്‍കാലത്ത് ഗ്രാമാതിര്‍ത്തിയോളം അത് എത്തുമായിരുന്നു. സദസ്യര്ക്കിടയിലൂടെയും കഥാപാത്രങ്ങള്‍ ഓടി നടക്കും. പന്തം പിടിച്ചു കൊണ്ടാണ് ഈ പോക്ക് തെള്ളിപ്പൊടി വിതറും. ഇതോടൊപ്പം ചെണ്ട, പറ തുടങ്ങിയ വാദ്യങ്ങള്‍ ഉച്ചത്തില്‍ മുഴക്കുന്നുണ്ടാകും. ഒപ്പം ആളുകളുടെ ആര്‍പ്പുവിളികളും പല ഭാഗങ്ങളില്‍ നിന്നുള്ള താലപ്പൊലിയുമെല്ലാം ചേര്‍ന്ന് ഒരു പ്രത്യേക അന്തരീക്ഷം തന്നെ രൂപപ്പെടും.
ഇനി പടയണിയുടെ ഐതിഹ്യം നോക്കാം. ദാരികനെ വധിച്ചിട്ടും കാളിയുടെ കോപം അടങ്ങുന്നില്ല. തുടര്‍ന്ന് സുബ്രഹ്മണ്യന്റെ ഉപദേശ പ്രകാരം ശിവന് തന്റെ പരിവാരങ്ങളെ പലരൂപത്തിലും ഭാവത്തിലുമുള്ള കോലങ്ങള്‍ വരച്ചുകെട്ടി വിടുന്നു. അതുകണ്ട് കാളി കോപം മറന്ന് പൊട്ടിച്ചിരിച്ചത്രേ. ഇതാണ് പടയണിക്ക് ആധാരമായ കഥ.
പടയണിയിലെ കഥാപാത്രങ്ങള്‍ കോലങ്ങളാണ്. ഭൈരവിക്കോലം, മറുതാക്കോലം, കാലാരിക്കോലം, യക്ഷിക്കോലം, പക്ഷിക്കോലം, കുതിരക്കോലം എന്നിങ്ങനെ പലതരം കോലങ്ങള്‍ ഉണ്ട്. ഓരോ കോലവും ഓരോ ദേവതയാണ്,ഉദാഹരണത്തിനു ഭൈരവിക്കോലം ഭദ്രകാളിയുടെയും കാലാരിക്കോലം ശിവന്റേതുമാണ്. കോലങ്ങള്‍ ഉണ്ടാക്കുന്നത് കവുങ്ങിന് പാളകൊണ്ടാണ്.16 മുതല്‍ 101 വരെ പാളകള്‍ ഇതിന് എടുക്കാറുണ്ട്. ദേവപ്രീതിയ്ക്കും പകര്‍ച്ചവ്യാധികള്‍ പ്രകൃതിക്ഷോഭങ്ങള്‍ തുടങ്ങിയവയില്‍ നിന്നുള്ള രക്ഷക്കും നല്ല വിളവിനും മറ്റുമാണ് കോലങ്ങള്‍ കെട്ടുന്നത്. കൂട്ടത്തില്‍ വഴിപാടായി കെട്ടുന്ന കോലങ്ങള്‍ ഉണ്ട്.
ഉത്സവങ്ങള്‍ക്ക് എന്നപോലെ കൊടിമരം നാട്ടുന്നതോടെയാണ് പടയണിയ്ക്ക് തുടക്കമിടുന്നത്. മൊത്തം ഇരുപത്തിയെട്ടു ദിവസത്തെ പരിപാടിയാണ്. ഇന്ന് ഒന്നു മുതല്‍ നാലുദിവസം വരെയാക്കി പടയണികള്‍ പലയിടത്തും ചുരുക്കിയിട്ടുണ്ട്.
ചൂട്ടുവയ്പ്, തപ്പുമേളം, താവാടി, പുലവൃത്തം, പരദേശി, കുതിര എന്നിങ്ങനെ ഓരോ ദിവസം ചടങ്ങാണ്. ആദ്യകാലത്ത് മൂന്നാം ദിവസം മുതലാണ് കോലങ്ങള്‍ കെട്ടിയാടുക, ആദ്യത്തേത് ഗണപതിക്കോലമായിരിക്കും.
ഗ്രാമത്തിലെ മുഴുവന്‍ ജനങ്ങളുടെയും പങ്കാളിത്തത്തോടെയാണ് മുന്‍കാലത്ത് പടയണി നടത്തിയിരുന്നത്. സാധനസാമഗ്രഹികള്‍ മുതല്‍ കോലം വരയ്ക്കലും കെട്ടിയാടലും വരെ ഓരോന്നും ഓരോ സമുദായക്കാരാണ് നിര്‍വഹിച്ചിരുന്നത്. ഇന്നും ഓലചൂട്ടിന്റെ വെളിച്ചത്തില്‍ രാത്രിയിലാണ് പടയണി അവതരിപ്പിക്കാറു.
പടയണിയിലെ നൃത്തങ്ങള്‍ക്ക് പൊതുവെ പറയുന്ന പേരാണ് കലായം എന്നത്. പ്രത്യേകമായ താളത്തിലും ഈണത്തിലുമുള്ളവയാണ് പടയണിപ്പാട്ടുകള്‍, പടയണിയിലെ പ്രധാനവാദ്യം തപ്പാണ്. ഇതിനു പുറമേ ചെണ്ട, വീക്കന്‍ ചെണ്ട, ഇലത്താളം, കുറുംകുഴല്‍ തുടങ്ങിയ വാദ്യങ്ങളും ഉപയോഗിക്കാറുണ്ട്.
എ.ഡി എട്ടാം നൂറ്റാണ്ടു മുതലേ പടയണി നിലവിലുണ്ടായിരുന്നതായി സൂചനകളുണ്ട്.