Encyclopedia

കൂടിയാട്ടം

കൂടിച്ചേര്‍ന്നുള്ള ആട്ടത്തില്‍ നിന്നാണത്രേ കൂടിയാട്ടം എന്ന പേരുണ്ടായത്, ആട്ടം എന്നാല്‍ നൃത്തം നൃത്തത്തോടു കൂടിയ അഭിനയം എന്നൊക്കെ അര്‍ത്ഥമുണ്ട്, അപ്പോള്‍ കൂടിയാട്ടം എന്നാല്‍ ആട്ടം കൂടിയത് എന്നുമാവാം.ചാക്യാര്‍, നമ്പ്യാര്‍ സമുദായക്കാര്‍ മാത്രം അവതരിപ്പിച്ചിരുന്ന ക്ഷേത്രകലയായിരുന്നു ഇത്.

  കൂത്തിലെ അഭിനയവും അവതരണവുമെല്ലാം ഒരാള്‍ തന്നെയാണല്ലോ, എന്നാല്‍ കൂടിയാട്ടത്തില്‍ അങ്ങനെയല്ല. വിവിധ കഥാപാത്രങ്ങള്‍ വ്യത്യസ്ത വേഷങ്ങളായി ഇതില്‍ രംഗത്തെത്തുന്നു. കൈമുദ്രകള്‍ ഉപയോഗിച്ചുള്ള അംഗികാഭിനയവും നവരസങ്ങളെഅടിസ്ഥാനമാക്കിയുള്ള സാത്വികാഭിനയവും കൂടിയാട്ടത്തിന്‍റെ പ്രത്യേകതയാണ്. അഭിനേതാക്കള്‍ തന്നെ ശ്ലോകങ്ങളും ഗദ്യങ്ങളും ചൊല്ലുന്ന പതിവുമുണ്ട്. ഉത്തമ കഥാപാത്രങ്ങള്‍ക്ക് സംസ്കൃതവും മറ്റുള്ളവര്‍ക്ക് പ്രാകൃതവും എന്നതാണ് ഭാഷാവ്യവസ്ഥ. വിദൂഷകന് മലയാളത്തില്‍ സംസാരിക്കാം. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന സാമൂഹിക വിമര്‍ശനം വിദൂഷന്റെ പ്രത്യേകതയാണ്.വിദൂഷകനില്ലാത്ത കൂടിയാട്ടങ്ങളുമുണ്ട്.

  ഏകദേശം രണ്ടായിരം വര്‍ഷം പഴക്കമുണ്ട് കൂടിയാട്ടത്തിനെന്നാണ് ചരിത്രഗവേഷകര്‍ പറയുന്നത്.സംസ്കൃതനാടകങ്ങള്‍ രംഗത്ത് അവതരിപ്പിക്കാന്‍ വേണ്ടിയാണ് ഈ കലാരൂപം രൂപപ്പെടുത്തിയത്, എന്നാല്‍ അന്നത്തെ നിലയിലല്ല ഇപ്പോഴത്തെ കൂടിയാട്ടം ഏതാണ്ട്, ആയിരം വര്‍ഷങ്ങള്‍ക്കു മുമ്പ് കുലശേഖരവര്‍മന്‍ എന്ന ചേരരാജാവ് പരിഷ്ക്കരിച്ച രൂപമാണ് ഇന്ന് ഈ കലാരൂപത്തിനുള്ളത്. രാജാവിനെ അതിനു സഹായിച്ചത് അദ്ദേഹത്തിന്‍റെ സുഹൃത്തും ആശ്രിതനുമായിരുന്ന ഫലിതസാമ്രാട്ട് തോലനാണ്.

  അഭിനയത്തിന് വളരെ പ്രാധാന്യമുള്ള കലയാണ്‌ കൂടിയാട്ടം. ഇളകിയാട്ടം, ഇരുന്നാട്ടം, പകര്‍ന്നാട്ടം എന്നിങ്ങനെയുള്ള അഭിനയരീതികള്‍ ഇതിലുണ്ട്. കഥാപാത്രങ്ങളുടെ പ്രകൃതത്തിന് അനുസരിച്ച് പച്ച, മിനുക്ക്‌, കത്തി, ചുവന്ന താടി, കറുത്ത താടി, വെള്ളത്താടി, പഴുക്ക തുടങ്ങിയ വേഷങ്ങള്‍ ഉപയോഗിക്കും.

  മിഴാവാണ് കൂടിയാട്ടത്തിലെ പ്രധാന വാദ്യം.ഇടയ്ക്ക, ശംഖ്, കുറുംകുഴല്‍, കുഴിത്താളം, തിമില എന്നിവയാണ് മറ്റു വാദ്യങ്ങള്‍, കൂത്തമ്പലത്തിലാണ് ഇതും അരങ്ങേറുന്നത്.

  അവതരണം കൊണ്ടും കഥാപാത്രങ്ങളുടെ വേഷവെവിധ്യം കൊണ്ടും ആ കര്‍ഷകമായ കലാരൂപമാണ് കൂടിയാട്ടം.