Encyclopedia

കൂത്ത്

കേരളത്തിലെ ഏറ്റവും പഴക്കമുള്ള രണ്ട് ക്ഷേത്ര കലകളാണ് കൂത്തും കൂടിയാട്ടവും. പരമ്പരാഗതമായി കേരളത്തിലെ ചാക്യാര്‍ സമുദായത്തില്‍പ്പെട്ടവര്‍ മാത്രം അവതരിപ്പിച്ചു പോന്നിരുന്നതിനാല്‍ കൂത്ത്, ചാക്യാര്‍കൂത്ത് എന്നും അറിയപ്പെടുന്നു. എന്നാല്‍ ഇന്ന്, മറ്റു സമുദായങ്ങളില്‍ പെട്ടവരും കൂത്ത് അഭ്യസിക്കുകയും അവതരിപ്പിക്കുകയും ചെയ്യാറുണ്ട്.

  സംസ്കൃതരചനകളായ ചമ്പുക്കളെ ആധാരമാക്കിയാണ് കൂത്ത് അവതരിപ്പിക്കുന്നത്.പുരാണങ്ങളിലെയും ഇതിഹാസങ്ങളിലെയും കഥകളാണ് ഇവയുടെ പ്രമേയo. അഭിനയത്തിനും സംഭാഷണത്തിനും കൂത്തില്‍ ഒരുപോലെ സ്ഥാനമുണ്ട്.രണ്ടും ചെയ്യുന്നത് ഒരാള്‍ തന്നെ.

  ഫലിതത്തോടുo പരിഹാസത്തോടും കൂടി ചാക്യാര്‍ നടത്തുന്ന പുരാണ കഥാപ്രസംഗമാണ് ചാക്യാര്‍കൂത്ത് എന്നു പറയാം. ചമ്പു പ്രബന്ധങ്ങളിലെ ഗദ്യങ്ങളും ശ്ലോകങ്ങളും ചൊല്ലി വിസ്തരിച്ച് വ്യാഖ്യാനിക്കുകയാണ് കൂത്തിന്റെ രീതി. അതിനു യോജിച്ച കഥകളും ഉപകഥകളും മേമ്പൊടിയായി ചേര്‍ക്കും. അതിനിടെ സന്ദര്‍ഭോചിതമായി സാമൂഹ്യ വിമര്‍ശനവും നടത്തും. കൂത്ത് കണ്ടുകൊണ്ടിരിക്കുന്ന ആരെയെങ്കിലും ചൂണ്ടിക്കാണിച്ചു കളിയാക്കിയെന്നും വരാം. ഇതിനെല്ലാമുള്ള സ്വാതന്ത്ര്യം പണ്ടുമുതലേ ചാക്യാര്‍ക്കുണ്ട്. കൂത്തിന്റെ മര്‍മപ്രധാനമായ രസം ഹാസ്യമാണ്.

  ചാക്യാര്‍കൂത്തിലെ മുഖ്യവാദ്യം മിഴാവാണ്. നമ്പ്യാര്‍ സമുദായത്തില്‍പ്പെട്ടവരാണ് മിഴാവ് വായിച്ചിരുന്നത്. കൂത്ത് തുടങ്ങാറായി എന്ന് കാണികളെ അറിയിച്ചിരുന്നത് മിഴാവു കൊട്ടിയാണ്, അതിനു ശേഷം നടന്‍ പ്രവേശിക്കും. വേദിയില്‍ കത്തിച്ചുവച്ച നിലവിളക്കിന് പിന്നില്‍ നിന്നാണ് ചാക്യാരുടെ പ്രകടനം.

  നടന്‍ രംഗത്ത് വന്നാല്‍ ആദ്യം ചാരി എന്ന പേരിലുള്ള നൃത്തമാണ് തുടര്‍ന്നു ശരീരശുദ്ധി വരുത്തുന്നതായി സങ്കല്പിച്ചുള്ള അഭിനയം, ഇതിനു വിദൂഷക സ്തോംഭം എന്നു പറയും അതു കഴിഞ്ഞ് ഇഷ്ടദേവസ്തുതി പീഠികപറച്ചില്‍ എന്നീ ചടങ്ങുകള്‍, അതിനുശേഷമെ കൂത്ത് പറയാന്‍ തുടങ്ങൂ. പ്രത്യേകരീതിയില്‍ അണിഞ്ഞൊരുങ്ങിയാണ് ചാക്യാര്‍കൂത്ത് അവതരിപ്പിക്കുന്നത്.

  സംസ്കൃതനാടകപ്രധാനമായ കൂത്തിനെ സാധാരണക്കാര്‍ക്കു രസിക്കും വിധം ലളിതമാക്കി പരിഷ്കരിച്ചത് ശാക്യമൂനിയാണ്. അക്കാലത്ത് കൂത്തിനെ ശാക്യാര്‍കൂത്ത് എന്നും അഭിനേതാക്കളെ ശാക്യാരെ എന്നും വിളിച്ചിരുന്നത്രേ. പ്രബന്ധക്കൂത്ത് എന്നും ചാക്യാര്‍കൂത്തിനെ വിളിക്കാറുണ്ട്.  ശാക്യാര്‍കൂത്തിനെക്കുറിച്ച് പരാമര്‍ശിക്കുന്ന ആദ്യഗ്രന്ഥം ചിലപ്പതികാരം ആണ്.എ.ഡി രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നതായി കരുതുന്ന കേരള ചക്രവര്‍ത്തിയായ ചെങ്കുട്ടുവപ്പെരുമാളിന്‍റെ അനുജന്‍ ഇളങ്കോ അടികള്‍ രചിച്ച ആ ഗ്രന്ഥത്തില്‍ വടക്കന്‍ പറവൂര്‍ക്കാരനായ ഒരു ചാക്യാര്‍ ശിവപാര്‍വതി നൃത്തം ചെയ്ത് ചക്രവര്‍ത്തിയെ രസിപ്പിച്ചതായി വര്‍ണിക്കുന്നുണ്ട്. ഇത്രയും പഴക്കം ചെന്നിട്ടും വേഷവിധാനത്തിലോ ഭാഷയിലോ ചടങ്ങുകളിലോ പറയത്തക്ക മാറ്റങ്ങള്‍ ഒന്നും ചാക്യാര്‍കൂത്ത് എന്ന കലാരൂപത്തിന് ഉണ്ടായിട്ടില്ല