മാതൃഭാഷാദിനം
ഭാഷകളുടെ വ്യാപനത്തിനും വൈവിധ്യത്തിനും വിവരസാങ്കേതിക വിദ്യ ഉപയോഗിക്കുക എന്നതായിരുന്നു 2011-ല്‍ ലോക മാതൃഭാഷാദിനത്തിന്‍റെ മുദ്രാവാക്യം,യുണൈറ്റഡ് നേഷന്‍സ് എജ്യുക്കേഷണല്‍ സയന്റിഫിക് ആന്‍ഡ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ ആണ് എല്ലാ വര്‍ഷവും ഫെബ്രുവരി 21 ലോക മാതൃഭാഷാദിനമായി ആചരിക്കാന്‍ 1999-ല്‍ തീരുമാനിച്ചത്.
ബംഗ്ലാ ഭാഷയോട് സര്‍ക്കാര്‍ കാണിക്കുന്ന വിവേചനം അവസാനിപ്പിക്കാനായി 1952 ഫെബ്രുവരി 21-ന് ഇന്നത്തെ ബംഗ്ലാദേശിന്‍റെ തലസ്ഥാനമായ ധാക്കയില്‍ വിദ്യാര്‍ത്ഥികള്‍ പ്രകടനം നടത്തി, സമരക്കാരെ പോലീസ് അതിക്രൂരമായി നേരിട്ടു, നിരവധി വിദ്യാര്‍ത്ഥികള്‍ മരിച്ചു വീണു. അന്ന് പാക്കിസ്ഥാന്‍റെ ഭാഗമായിരുന്നു ധാക്ക. ഈ സംഭവത്തിന്‍റെ ഓര്‍മയ്ക്കായാണ് ഫെബ്രുവരി 21 ലോക മാതൃഭാഷാദിനമായി തിരഞ്ഞെടുത്തത്.വിവിധ ഭാഷകളുടെ പ്രോത്സാഹനവും വികസനവുമാണ് ദിനാചരണത്തിന്‍റെ ലക്ഷ്യം. ലോകത്തിലെ ഓരോ ഭാഷയും മഹത്തായ സംസ്കാരങ്ങളെ ഉള്‍ക്കൊള്ളുന്നു.അതിനാല്‍ അവയെല്ലാം അമൂല്യമാണ്.എല്ലാ ഭാഷകളും അതിന്‍റെ സവിശേഷതകളോടെ സംരക്ഷിക്കപ്പെടണം എന്നതാണ് മാതൃഭാഷാദിനത്തിന്‍റെ സന്ദേശം.