Encyclopedia

ഗൂഗിള്‍ ചെയ്യാന്‍ ഗൂഗിള്‍

ലോകത്ത് ഇന്ന് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന സെര്‍ച്ച് എഞ്ചിന്‍ ഗൂഗിള്‍ ആണ്. ഇന്റര്‍നെറ്റ് രംഗത്ത് ഗൂഗിള്‍ ഒരു വിപ്ലവം സൃഷ്ടിച്ചു എന്ന് തന്നെ പറയാം. സെര്‍ച്ചിംഗ് എന്നതിന് പകരം ആളുകള്‍ ഗൂഗിളിoഗ് എന്ന് പറയാന്‍ തുടങ്ങി എന്നത് തന്നെയാണ് ഗൂഗിളിന്‍റെ വിജയത്തിനുള്ള ഏറ്റവും നല്ല അടയാളം.

  ലാറി പേജ്, സെര്‍ജി ബ്രിന്‍ എന്നിവരാണ് ഗൂഗിള്‍ സെര്‍ച്ച് എഞ്ചിന്‍ സ്ഥാപിച്ചത്. 1997 സെപ്റ്റംബര്‍ 15 നു നിലവില്‍ വന്ന ഗൂഗിള്‍ വളരെ പെട്ടെന്നാണ് വളര്‍ന്നതും ഇന്റര്‍നെറ്റിനെ കൈപ്പിടിയിലൊതുക്കിയതും. പേജ് റാങ്കിനെ അടിസ്ഥാനമാക്കിയാണ് ഗൂഗിളിന്റെ സേര്‍ച്ച് എഞ്ചിന്‍ പ്രവര്‍ത്തിക്കുന്നത്. പേജ് റാങ്ക് എന്നത് ഗൂഗിള്‍ തന്നെ വികസിപ്പിച്ചെടുത്തതാണ്. ഓരോ വെബ്സൈറ്റും എത്ര പേര്‍ സന്ദര്‍ശിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് പേജ് റാങ്ക് നല്‍കിയത്. സ്റ്റാന്‍സ്ഫഡ് സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികളായിരിക്കെയാണ് ലാറിയും സെര്‍ജിയും പുതിയൊരു സെര്‍ച്ചിംഗ് വിദ്യ കണ്ടുപിടിച്ചത്. അന്നത്തെ പ്രശസ്ത സെര്‍ച്ച് എഞ്ചിനായ അള്‍ട്ടാവിസ്റ്റയ്ക്ക് പത്തുലക്ഷം ഡോളറിനു അത് വില്‍ക്കാനായിരുന്നു അവരുടെ തീരുമാനം.

  അതിനായി ലാറിയും സെര്‍ജിയും അള്‍ട്ടാവിസ്റ്റയെ സമീപിച്ചു, അവര്‍ അത് വാങ്ങിയില്ല, തുടര്‍ന്നു യാഹുവിനെ സമീപിച്ചു. അവിടെയും നിരാശയായിരുന്നു ഫലം. അവസാനം അമേരിക്ക ഓണ്‍ലൈന്‍ കൂടി തിരിച്ചയച്ചതോടെ അവര്‍ ശ്രമം ഉപേക്ഷിച്ചു,

    സേര്‍ച്ച് എന്‍ജിന്‍ വില്‍ക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട അവര്‍ മറ്റൊരു വഴി ആലോചിച്ചു, സ്വന്തമായി തുടങ്ങിയാലോ? ആഗ്രഹം മാത്രമല്ല പണവും വേണമല്ലോ, പണം കണ്ടെത്തുന്നതിനു ഇറങ്ങിത്തിരിച്ചാല്‍ പഠനം മുടങ്ങുകയും ചെയ്യും. പക്ഷെ ഇക്കുറി ഭാഗ്യം അവരെ സഹായിച്ചു. ബെച്ചോള്‍ ഷീം എന്നയാള്‍ അവരുടെ സഹായത്തിനെത്തി.

  ബെച്ചോള്‍ഷീം സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുമ്പോള്‍ ഗൂഗിള്‍ എന്ന സ്ഥാപനം രജിസ്റ്റര്‍ ചെയ്തിട്ടുപോലുമുണ്ടായിരുന്നില്ല. ലാറിയും സെര്‍ജിയും പഠിച്ചിരുന്ന സ്റ്റാന്‍സ്ഫഡ് സര്‍വകലാശാലയുടെ സമീപമുള്ള ഒരു വര്‍ക്ക്ഷോപ്പിലായിരുന്ന കമ്പനി 1998 സെപ്റ്റംബര്‍ 7-നു പ്രവര്‍ത്തനം തുടങ്ങിയത്. അതൊരു തകര്‍പ്പന്‍ തുടക്കമായിരുന്നു. പിന്നീടൊരിക്കലും ഗൂഗിളിനു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഇന്ന് ലോകത്തിലെ വമ്പന്‍ സ്ഥാപനങ്ങളിലൊന്നാണ് ഗൂഗിള്‍.വിവിധ രാജ്യങ്ങളിലായി ഇരുപതിനായിരത്തോളം പേര്‍ ഗൂഗിളില്‍ ജോലി ചെയ്യുന്നു.കമ്പനി വരുമാനം ശതകോടികള്‍ കവിയും.