Encyclopedia

ഇന്‍റര്‍നെറ്റിന്‍റെ കഥ

നെറ്റ് എന്ന വാക്കിന് വല എന്നാണല്ലോ അര്‍ഥം. ഇന്‍റര്‍നെറ്റില്‍ കമ്പ്യൂട്ടറുകളെ ഒരു വലയിലെ കണ്ണികള്‍ പോലെ ബന്ധിച്ചിരിക്കുകയാണ്. വലയിലെ കണ്ണികളാവുന്നതോടെ ഈ കമ്പ്യൂട്ടറുകള്‍ ഉറ്റബന്ധുക്കളാവും, അതോടെ ഒരു കമ്പ്യൂട്ടറിന് അങ്ങകലെയുള്ള മറ്റൊരു കമ്പ്യൂട്ടറിനോട് സംസാരിക്കാനും സാധിക്കും.

  നിമിഷനേരം കൊണ്ട് സന്ദേശങ്ങള്‍ കൈമാറാം, ഏതു വിഷയത്തെപ്പറ്റിയും വിശദമായി അറിയാം. ഏതു നാട്ടിലെയും പത്രങ്ങള്‍ ചൂടോടെ വായിക്കാം. അമേരിക്കയിലാണ് ഇന്റര്‍നെറ്റിനു തുടക്കം കുറിച്ചത്, 1969-ല്‍ അമേരിക്കയുടെ പട്ടാള മേധാവികള്‍ അര്‍പാനെറ്റ് എന്നൊരു കമ്പ്യൂട്ടര്‍ ശൃംഖല സ്ഥാപിച്ചു, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചിതറിക്കിടക്കുന്ന സേനാവിഭാഗങ്ങള്‍ തമ്മില്‍ ആശയവിനിമയo നടത്താനായിരുന്നു ഇത്. ഏതെങ്കിലും ഒരു കമ്പ്യൂട്ടര്‍ പ്രവര്‍ത്തിക്കാതായാലും ബാക്കി കമ്പ്യൂട്ടറുകള്‍ പ്രവര്‍ത്തിച്ച് വിവരങ്ങള്‍ യഥാസ്ഥാനത്തെത്തിക്കും, അങ്ങനെയായിരുന്നു ഈ കമ്പ്യൂട്ടര്‍ ചങ്ങലയുടെ രൂപകല്‍പന. കൃത്യമായി ഒരു കേന്ദ്രം ഇല്ലാതിരുന്നതിനാല്‍ ഈ ചങ്ങല തകര്‍ക്കാനും വിഷമമായിരുന്നു.

  കൈമാറേണ്ട വിവരങ്ങള്‍ കൊച്ചു കൊച്ചു പാക്കറ്റുകളാക്കി പല വഴികളിലൂടെ പറഞ്ഞയച്ച് ലക്ഷ്യസ്ഥാനത്ത് എത്തിക്കുകയായിരുന്നു അര്‍പാനെറ്റിന്റെ രീതി. മറ്റാര്‍ക്കും തന്നെ ഈ പാക്കറ്റ് സന്ദേശങ്ങള്‍ ചോര്‍ത്തിയെടുക്കുവാനും കഴിയില്ല.

  ഏറെ താമസിയാതെ അര്‍പാനെറ്റ് പരിഷ്കരിച്ചു. ഇന്ന് നാം ഉപയോഗിക്കുന്ന ഇന്റര്‍നെറ്റ് പിറന്നത് അങ്ങനെയാണ്.

  ആദ്യകാലത്ത് സൈനികവിഭാഗങ്ങളുടെയും സര്‍ക്കാരിന് കീഴിലുള്ള സ്ഥാപനങ്ങളുടെയും മാത്രം കുത്തകയായിരുന്നു അര്‍പാനെറ്റ്.1970-കളില്‍ സൈനിക ആവശ്യങ്ങള്‍ക്കല്ലാതെയും അത് ഉപയോഗിച്ചു തുടങ്ങി.രാജ്യരക്ഷാഗവേഷണങ്ങള്‍ നടത്തുന്ന മറ്റു സ്ഥാപനങ്ങളും സര്‍വകലാശാലകളുമാണ് ആദ്യം ഈ ശൃംഖലയില്‍ ചേര്‍ന്നത്. പ്രമുഖ അമേരിക്കന്‍ നഗരങ്ങളിലൊക്കെ കമ്പ്യൂട്ടര്‍ ശൃംഖലകള്‍ തമ്മില്‍ ബന്ധിപ്പിക്കുവാനുള്ള ശ്രമങ്ങളും ആരംഭിച്ചു.

  ഇതിനിടെ അര്‍പനെറ്റിന് സമാന്തരമായി വിദ്യാലയങ്ങളെയും സര്‍വകലാശാലകളെയും ബന്ധിപ്പിക്കുന്ന യൂസ്നെറ്റ് ന്യൂസ് എന്ന ശൃംഖലയും വളര്‍ന്നുവന്നിരുന്നു.1979-ല്‍ അര്‍പനെറ്റ്‌ യൂസ്നെറ്റ് ന്യൂസുമായി ലയിപ്പിച്ചു. ഇതാണ് ഇന്നത്തെ ഇന്റര്‍നെറ്റ് ആയി മാറിയത്.

  1980-കളില്‍ അമേരിക്കന്‍ സര്‍ക്കാര്‍ ഏജന്‍സിയായ നാഷണല്‍ സയന്‍സ് ഫൌണ്ടേഷന്‍ അഞ്ച് സൂപ്പര്‍ കമ്പ്യൂട്ടര്‍ കേന്ദ്രങ്ങള്‍ സ്ഥാപിച്ചു. അവ ഇന്‍റര്‍നെറ്റിന്‍റെ മുഖ്യ നിയന്ത്രണകേന്ദ്രങ്ങളായി മാറി. ക്രമേണ ഇന്റര്‍നെറ്റുമായി ബന്ധിച്ച കംപ്യൂട്ടറുകളുടെയും ശൃംഖലകളുടെയും എണ്ണം അത്ഭുതകരമായി വളര്‍ന്നു.

  വലയിലെ കണ്ണിയായ കമ്പ്യൂട്ടറിന് ഹോസ്റ്റ് എന്നാണ് പേര്.1983-ല്‍ അഞ്ഞൂറോളം ഹോസ്റ്റുകള്‍ ഉണ്ടായിരുന്നു. മിക്കവയും സര്‍ക്കാര്‍ പരീക്ഷണശാലകളും കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗങ്ങളായിരുന്നു. 1987 ആയപ്പോഴേക്കും ഗവേഷണ പഠനമേഖലകളിലെ എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് ഉപയോഗിക്കാമെന്നായി, അപ്പോഴേക്കും ഹോസ്റ്റുകളുടെ എണ്ണം 30,000 കവിഞ്ഞിരുന്നു.1995-ല്‍ അത് 50 ലക്ഷമായി.

  ലോകത്തിലുള്ള കമ്പ്യൂട്ടറുകളെ ടെലിഫോണ്‍ വഴിയും മറ്റുമാണ് ഇന്റര്‍നെറ്റില്‍ ബന്ധിപ്പിക്കുന്നത്,ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുന്ന സാറ്റ്ലൈറ്റുകള്‍ക്കും ഇതില്‍ വലിയ പങ്കുണ്ട്. ഇന്റര്‍നെറ്റില്‍ ബന്ധം സ്ഥാപിക്കുന്നതോടെ കമ്പ്യൂട്ടറുകള്‍ തമ്മില്‍ ആശയവിനിമയത്തിനു സജ്ജമാകുന്നു.

  വേള്‍ഡ് വൈഡ് വെബ് എന്നാ ആശയം കണ്ടെത്തിയത് ടിം ബെര്‍ണെഴ്സ്ലീ എന്ന ശാസ്ത്രജ്ഞനാണ് എന്നാല്‍ ഇന്റര്‍നെറ്റിനു കൂടുതല്‍ പ്രചാരമുണ്ടാകാന്‍ സഹായിച്ചത് മാര്‍ക്ക് ആന്‍റെഴ്സണ്‍ എന്ന ഇരുപത്തൊന്നുകാരന്‍ വിദ്യാര്‍ത്ഥിയാണ്. വെറും അക്ഷരങ്ങള്‍ മാത്രമല്ല, ചിത്രങ്ങളും ശബ്ദവുമെല്ലാം ഇന്റര്‍നെറ്റില്‍ കടത്തിവെടാം എന്ന് അദ്ദേഹം കണ്ടെത്തി, എന്നാല്‍ ഇന്റര്‍നെറ്റിന്‍റെ പിതാവ് എന്നറിയപ്പെടുന്നത് ഇവരാരുമല്ല, വിന്റ് സര്‍ഫ് എന്നയാളാണ്.