Encyclopedia

ജോസഫ് ലിസ്റ്റര്‍

പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ അവസാനകാലം വരെ ശസ്ത്രക്രിയ ആളുകള്‍ക്കൊരു പേടിസ്വപ്നമായിരുന്നു. വേദനയെക്കുറിച്ചുള്ള പേടി അനസ്തേഷ്യയുടെ വരവോടെ കുറഞ്ഞെങ്കിലും മുറിവിലുണ്ടാവുന്ന പഴുപ്പ് പല രോഗികളെയും മരണത്തിലേക്ക് നയിച്ചു കൊണ്ടിരുന്നു. ഇതിനൊരു പ്രതിവിധിയായി കടന്നുവന്ന മഹാനാണ് ജോസഫ് ലിസ്റ്റര്‍, 1827-ല്‍ ഇംഗ്ലണ്ടിലാണ് ലിസ്റ്റര്‍ ജനിച്ചത്. വൈദ്യശാസ്ത്രം പഠിച്ച ലിസ്റ്റര്‍ ഒരു ശസ്ത്രക്രിയ വിദഗ്ദനായി മാറുകയും 1853-ല്‍ എഡിന്‍ബറോയില്‍ പ്രാക്റ്റീസ് ആരംഭിക്കുകയും ചെയ്തു. ലിസ്റ്ററുടെ ഭാര്യ ആഗ്നസിനു ഫ്രഞ്ച് ഭാഷ അറിയാമായിരുന്നു. അവര്‍ ലൂയി പാസ്റ്ററുടെ ഫ്രഞ്ച് ഭാഷയില്‍ പ്രസദ്ധീകരിച്ച പ്രബന്ധങ്ങള്‍ ലിസ്റ്റര്‍ക്കു പരിഭാഷപ്പെടുത്തി നല്‍കുമായിരുന്നു. അങ്ങനെയാണ് പാസ്റ്ററുടെ പ്രസിദ്ധമായ രോഗാണു സിദ്ധാന്തം ലിസ്റ്ററുടെ ശ്രദ്ധയില്‍പ്പെടുന്നത്. ലക്ഷക്കണക്കിനു മനുഷ്യരുടെ ജീവന്‍റെ രക്ഷയ്ക്കുള്ള വഴിതെളിയുകയായിരുന്നു അവിടെ.പാസ്റ്ററുടെ സിദ്ധാന്തപ്രകാരം അണുക്കള്‍ ആണ് പല രോഗങ്ങള്‍ക്കും കാരണം, ആഹാരസാധനങ്ങള്‍ ചീത്തയാക്കുന്നതും ചില സൂക്ഷ്മജീവികള്‍ തന്നെ. എങ്കില്‍ ശസ്ത്രക്രിയ നടത്തിയ മുറിവില്‍ പഴുപ്പുണ്ടാക്കുന്നതും രോഗാണുക്കള്‍ തന്നെയാവുമല്ലോ. ഇത്തരം അണുക്കളെ രാസവസ്തുക്കള്‍ ഉപയോഗിച്ച് നശിപ്പിക്കാന്‍ കഴിഞ്ഞാല്‍ ശാസ്ത്രക്രിയ കഴിഞ്ഞ രോഗികളെ അണുബാധയില്‍ നിന്നും രക്ഷിക്കാം എന്നു ലിസ്റ്റര്‍ ഊഹിച്ചു. ഒടുവില്‍ ഫിനോള്‍ അഥവാ കാര്‍ബോളിക് അമ്ലം ഉപയോഗിച്ചു രോഗാണുക്കളെ കൊല്ലാമെന്ന് അദ്ദേഹം കണ്ടെത്തുക തന്നെ ചെയ്തു. ഫിനോളിന്‍റെ ലായനി ഉപയോഗിച്ചു രോഗിയുടെ മുറിവും ശസ്ത്രക്രിയോപകരണങ്ങളുമൊക്കെ അണുവിമുക്തമാക്കാന്‍ തുടങ്ങിയതോടെ മുറിവിലെ അണുബാധമൂലമുള്ള മരണം കുറഞ്ഞു. ആന്റിസെപ്റ്റിക്ക് സര്‍ജറിയുടെ പിതാവ് എന്നറിയപ്പെടുന്ന ആ പ്രതിഭശാലി 1912-ല്‍ അന്തരിച്ചു.