Encyclopedia

ഡോ.ജോണ്‍ സ്നോ

1831-ല്‍ ഇംഗ്ലണ്ടില്‍ കോളറ പടര്‍ന്നു പിടിച്ചപ്പോള്‍ വില്യം ഹാര്‍ഡ് കാസില്‍ എന്ന സര്‍ജന്റെ സഹായിയായി ജോലി നോക്കുകയായിരുന്നു ജോണ്‍ സ്നോ.കോളറ എന്ന് കേട്ടാലേ പേടിച്ചു വിറച്ചു ജീവന്‍ പോവുന്ന അവസ്ഥയായിരുന്നു അക്കാലത്ത്. എന്നിട്ടും പതിനെട്ടു വയസ്സുമാത്രമുള്ള സ്നോ കോളറ രോഗികള്‍ക്കിടയിലേക്കിറങ്ങി, എങ്ങനെ ഈ മഹാമാരിയെ തടുക്കാം എന്ന ചിന്ത സ്നോയെ അലട്ടി. സ്നോ 1844-ല്‍ ലണ്ടന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും എം.ഡി നേടി. 1848-ല്‍ ഇംഗ്ലണ്ടില്‍ കോളറ വീണ്ടും മരണം വിതയ്ക്കാന്‍ തുടങ്ങി. ചില വസ്തുക്കള്‍ ചീയുമ്പോള്‍ വായു ദുഷിക്കുമെന്നും ഈ ദുഷിച്ച വായു അഥവാ മിയോസ്മ ശ്വസിക്കുന്നതു കൊണ്ടാണ് കോളറ ഉണ്ടാവുന്നത് എന്നുമായിരുന്നു അക്കാലത്തെ വിശ്വാസം. സ്നോയ്ക്ക് ഇത് വിശ്വസനീയമായിത്തോന്നിയില്ല. അതിനിടയില്‍ ഒരു കാര്യം അദ്ദേഹത്തിന്‍റെ ശ്രദ്ധയാകര്‍ഷിച്ചു.ലണ്ടനിലെ ബ്രോഡ് സ്ട്രീറ്റില്‍ ഒരു പൊതു ടാപ്പില്‍ നിന്നും ജലമുപയോഗിച്ചവരില്‍ കോളറ പടര്‍ന്നുപിടിച്ചിട്ടുണ്ട്. മലിനമായ ജലം രോഗം പകരുന്നത് എന്ന തിരിച്ചറിവില്‍ എത്തിച്ചേരുകയായിരുന്നു ഡോക്ടര്‍ സ്നോ. 1849-ല്‍ തന്‍റെ നിരീക്ഷണങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഓണ്‍ മോഡ് ഓഫ് കമ്മ്യൂണിക്കേഷന്‍ ഓഫ് കോളറ എന്ന ലഘുലേഖ പ്രസദ്ധീകരിച്ചു അദ്ദേഹം.1854-ല്‍ ഇംഗ്ലണ്ടില്‍ കോളറ വീണ്ടുമെത്തിയപ്പോള്‍ ലണ്ടനിലെ ബ്രോസ് സ്ട്രീറ്റിലെ പൊതു ജലപമ്പിന്റെ ഹാന്‍ഡില്‍ എടുത്തുമാറ്റാന്‍ സ്നോ അധികാരികളോട് അഭ്യര്‍ത്ഥിച്ചു.തെംസ് നദിയുടെ മലിനമായ ഭാഗത്ത് നിന്നാണ് സൗത്ത് വാര്‍ക്ക്, വോക്സ്ഹാള്‍ വാട്ടര്‍വര്‍ക്സ് എന്നീ കമ്പനികള്‍ ജലവിതരണം നടത്തുന്നതെന്നു അദ്ദേഹം മനസ്സിലാക്കി.കോളറ ബാധിച്ചു ശരീരത്തില്‍ നിന്ന് ജലനഷ്ടം സംഭവിക്കുന്ന രോഗികള്‍ക്ക് ഉപ്പുവെള്ളം കൊടുക്കുന്നതു നല്ലതാണെന്നും സ്നോ തിരിച്ചറിഞ്ഞു.പകര്‍ച്ചവ്യാധികളെക്കുറിച്ചുള്ള പഠനത്തിലെ ഒരു നാഴികക്കല്ല് തന്നെയായിരുന്നു സ്നോയുടെ നേട്ടം.