വേദനയില്ലാത്ത ശസ്ത്രക്രിയ
ആദ്യകാലത്ത് ശസ്ത്രക്രിയ എന്നു കേട്ടാലേ മനുഷ്യന് തല കറങ്ങി വീഴുമായിരുന്നു, കാരണമുണ്ട് ബോധം കെടുത്താതെയാണ് ആദ്യകാലത്ത് ശസ്ത്രക്രിയകള്‍ നടത്തിയിരുന്നത്. വേദന സഹിക്കാതെ അലറിക്കരഞ്ഞു രോഗികളുടെ രോഗം പോകുമായിരുന്നത്രേ. അതുകൊണ്ട്തന്നെ ശസ്ത്രക്രിയേക്കാള് നല്ലത് മരണമാണെന്ന് വരെ ചിന്തിച്ചിരുന്നു പലരും പത്തൊമ്പതാം നൂറ്റാണ്ടില്‍ ചിലതരം രാസവസ്തുക്കള്‍ ഉപയോഗിച്ചു കൃത്യമായി ബോധം കെടുത്താം എന്നു വന്നതോടെയാണ് വേദനരഹിതമായ സര്‍ജറിയിലേക്കുള്ള വാതിലുകള്‍ തുറക്കപ്പെട്ടത്. ഇങ്ങനെ സര്‍ജറിക്ക് മുമ്പ് കൃത്യമായി ബോധം കെടുത്തുന്ന രീതിയാണ് അനസ്തേഷ്യ.ഒരു തരം അബോധാവസ്ഥ എന്നര്‍ത്ഥമുള്ള അനസ്തേഷ്യ എന്ന ഗ്രീക്ക് പദത്തില്‍ നിന്നാണ് ഈ വാക്കിന്റെ ഉത്ഭവം. 1799-ല്‍ തന്നെ ബ്രിട്ടീഷ് രസതന്ത്രജ്ഞനായ ഹംഫ്രി ഡേവി ചിരിപ്പിക്കുന്ന വാതകം എന്നറിയപ്പെടുന്ന നൈട്രസ് ഓക്സൈഡിന്റെ സവിശേഷതകള്‍ വിവരിക്കുന്ന ഒരു ഗ്രന്ഥം പ്രസിദ്ധീകരിച്ചിരുന്നു. ഇത് ശ്വസിച്ചാല്‍ സര്‍ജറി വേദനാ രഹിതമാക്കാമെന്നും പ്രവചിച്ചു. ഡേവി സള്‍ഫ്യൂറിക് ഈതറിന്റെ ബാഷ്പം ശ്വസിച്ചാല്‍ വേദനയില്ലാതാവുമെന്ന് 1818 മൈക്കല്‍ ഫാരഡെയും പ്രസ്താവിച്ചു.
ഈതറിനു മനുഷ്യനെ ബോധരഹിതനാക്കാനുള്ള കഴിവുണ്ടെന്നു തെളിഞ്ഞതോടെ ക്രോഫോര്‍ഡ് ലോങ്ങ് എന്ന ജോര്ജിയക്കാരന് ചികിത്സകന്റെ തലയില്‍ ഒരാശയം മിന്നി. എന്തുകൊണ്ട് ഈതര്‍ ഉപയോഗിച്ചു രോഗിയെ ബോധം കെടുത്തി സര്‍ജറി നടത്തിക്കൂടാ? 1842-ല്‍ സ്വന്തം ശിഷ്യനില്‍ തന്നെ ലോങ്ങ് പരീക്ഷണം നടത്തി വിജയിച്ചു. എങ്കിലും എതിര്‍പ്പുകളോടുള്ള ഭയം കാരണം വര്‍ഷങ്ങളോളം ഇക്കാര്യം മൂടി വച്ചു. 1844-ല്‍ നൈട്രസ് ഓക്സൈഡ് ഉപയോഗിച്ചുള്ള അനസ്തേഷ്യ പരസ്യമായി പ്രദര്‍ശിപ്പിക്കാന്‍ തയ്യാറായി മുന്നോട്ട് വന്നത് ഒരു അമേരിക്കന്‍ ദന്തഡോക്ടര്‍ ആണ് പേര് ഹോറെസ് വെല്‍സ്. അദേഹം ഒരാളോട് നൈട്രസ് ഓക്സൈഡ് ശ്വസിച്ചതിനുശേഷം കാലില്‍ ഒരു മുറിവുണ്ടാക്കാന്‍ പറഞ്ഞു. മുറിവില്‍ നിന്നും രക്തം വരുന്നത് കണ്ട് ആള് ഭയന്നു പോയി. വേദനയില്ലാതെ മുറിവില്‍ നിന്നും രക്തം വരുന്നു. ഇതെന്തോ മാജിക് ആണെന്നാണ് അയാള്‍ കരുതിയത്. നൈട്രസ് ഓക്സൈഡ് ഉപയോഗിച്ചു വേദനയില്ലാതെ പല്ലുപറിക്കുന്ന തന്ത്രം ശിഷ്യരുടെ മുന്നില്‍ അവതരിപ്പിക്കാന്‍ വെല്‍സ് പ്രശസ്ത ദന്തിസ്റ്റായ ജോണ്‍ സി വാറനോട് നിര്‍ദ്ദേശിച്ചു. എന്നാല്‍ നൈട്രസ് ഓക്സൈഡ് ശ്വസിപ്പിച്ച് പല്ലു പറിക്കുന്നതിനിടയില്‍ രോഗിയുണ്ടാക്കിയ ചില ശബ്ദങ്ങള്‍ വേദന കൊണ്ടാണെന്ന് കണ്ടുനിന്നവര്‍ തെറ്റിദ്ധരിച്ചു. അക്കാലത്ത് നൈട്രസ് ഓക്സൈഡിന്റെ ഉപയോഗങ്ങള്‍ തന്റെ സഹപാഠികള്‍ ആയിരുന്ന വില്ല്യം മോര്‍ട്ടന്‍, ചാള്‍സ് ജാക്സണ് എന്നിവര്‍ക്ക് വെല്‍സ് വിശദീകരിച്ചു കൊടുത്തു. പിന്നീടൊരിക്കല്‍ സര്‍ജറിയുടെ വേദന ഇല്ലാതാക്കാന്‍ ഒരു രോഗി ആവശ്യപ്പെട്ടപ്പോള്‍ മോര്‍ട്ടന്‍ നൈട്രസ് ഓക്സൈഡിനായി ജാക്സനെ സമീപിച്ചു.വാതകം കൈവശമില്ലാത്തതിനാല്‍ ഈതര്‍ ഉപയോഗിച്ചു സര്‍ജറി നടത്താന്‍ ജാക്സണ് നിര്‍ദേശിച്ചു. അതു വിജയിക്കുകയും ചെയ്തു.
അതിനു ശേഷം മോര്‍ട്ടന്‍ നേരെ പോയത് ജോണ്‍ സി വാറന്റെ അടുത്തേക്കാണ്. 1846-ല്‍ അദേഹം ഈതര്‍ ഉപയോഗിച്ച് പരസ്യമായി വേദനയില്ലാതെ സര്‍ജറി നടത്തുകയും ചെയ്തു. ഒരു രോഗിയുടെ താടിയെല്ലിലെ ട്യൂമര്‍ ആണ് ശസ്ത്രക്രിയയിലൂടെ നീക്കിയത്.
ഈതറും ദോഷകരമാല്ലാത്ത രാസവസ്തുക്കളും കലര്‍ത്തിയുണ്ടാക്കിയ ഒരു മിശ്രിതത്തിന് പ്ലേറ്റന്റ് എടുക്കുകയും ചെയ്തു മോര്‍ട്ടന്‍. ഇതിന്റെ രഹസ്യം പരസ്യമാക്കാന്‍ അദ്ദേഹം തയ്യാറായതുമില്ല. അതിനിടെ ഹോറെസ് വെല്‍സും ചാള്‍സ് ജാക്സണും അവരുടെ അവകാശവാദങ്ങളുമായി രംഗത്തെത്തി.
ഈ മൂന്നുപേരും തമ്മില്‍ കണ്ടുപിടിതങ്ങളെച്ചൊല്ലിയുള്ള തര്‍ക്കങ്ങളും മത്സരങ്ങളും ഒരുപാടുകാലം തുടര്‍ന്നുകൊണ്ടേയിരുന്നു.