Encyclopedia

സൂക്ഷ്മലോകത്തേക്ക് വാതില്‍ തുറന്ന ലേവന്‍ഹുക്ക്

കുളത്തില്‍ നിന്നെടുത്ത ഒരു തുള്ളി വെള്ളം വെറുതെ നോക്കുമ്പോള്‍ അതില്‍ പ്രത്യേകിച്ചൊന്നുമില്ല കാണാന്‍. എന്നാല്‍ ഹോണ്ടിലെ ഒരു യുവാവ് ഉരച്ചെടുത്ത ലെന്‍സ്‌ ഉപയോഗിച്ചു നിര്‍മ്മിച്ച ഉപകരണങ്ങളിലൂടെ നോക്കുമ്പോഴതാ അതില്‍ ആയിരമായിരം ജീവികള്‍. കണ്ടവര്‍കണ്ടവര്‍ അമ്പരന്നു.

   സ്വയം നിര്‍മ്മിച്ച സൂക്ഷ്മദര്‍ശിനിയിലൂടെ അതുവരെ ആരും കാണാത്ത കാഴ്ചകളിലേക്കുള്ള വാതില്‍ തുറന്ന ആ യുവാവ് ആരായിരുന്നെന്നോ? ആന്റോണ്‍ വാന്‍ ലേവന്‍ഹുക്ക്. ഹോളണ്ടിലെ ഡെല്‍ഫ്റ്റില്‍ 1632-ല്‍ ആണിദ്ദേഹം ജനിച്ചത്. അച്ഛന്‍റെ ചില്ലുകടയില്‍ അച്ഛനെ സഹായിക്കുകയായിരുന്നു ലേവന്‍ ഹുക്കിന്‍റെ പ്രധാന ജോലി. അതിനിടയിലാണ് ലെന്‍സ്‌ ഉരച്ചുണ്ടാക്കുന്ന ഭൂതക്കണ്ണാടിയിലൂടെ വായുവിലും ജലത്തിലുമൊക്കെയുള്ള സൂക്ഷ്മജീവികളെ കാണാമെന്ന് ലേവന്‍ ഹുക്ക് കണ്ടെത്തിയത്.

  ഒരു ദിവസം പല്ലുകള്‍ക്കിടയില്‍ പറ്റിപ്പിടിച്ചിരുന്ന ജീര്‍ണ്ണിച്ച ആഹാരവശിഷ്ടങ്ങള്‍ കുത്തിയെടുത്ത് സൂക്ഷ്മദര്‍ശിനിയിലൂടെ നിരീക്ഷിച്ച ലേവന്‍ ഹുക്ക് അമ്പരന്നുപോയി. അതിലതാ ഗോളാകൃതിയിലും മറ്റു പല ആകൃതിയിലുമൊക്കെയുള്ള ബാക്ടീരിയകള്‍.സൂക്ഷ്മദര്‍ശിനിയിലൂടെ കണ്ട കാര്യങ്ങള്‍ എഴുതിവയ്ക്കാനും അതിന്‍റെ ചിത്രങ്ങള്‍ വരയ്ക്കാനും ദേവന്‍ ഹുക്ക് മറന്നില്ല.

  ചെറിയ ജീവികളുടെ സൂക്ഷ്മമായ അവയവങ്ങള്‍, ഏകകോശ ജന്തുക്കള്‍, രക്താണുക്കള്‍, ലാര്‍വകള്‍, പൂപ്പല്‍ എന്നിവയൊക്കെ അദ്ദേഹം ഭൂതക്കണ്ണാടിയിലൂടെ നിരീക്ഷിച്ചു. വൈദ്യശാസ്ത്രത്തിന്‍റെ വളര്‍ച്ചയില്‍ ഈ ഉപകരണം വഹിച്ച പങ്ക് ചില്ലറയല്ല.