Encyclopedia

നോര്‍വേയിലെ ലാര്‍ഡര്‍

ഒന്നിനുപിറകെ ഒന്നായി അയ്യായിരത്തിലേറെ തകര്‍പ്പന്‍ സ്ഫോടനങ്ങള്‍, മലകള്‍ തുരക്കാനാണ് അവയെല്ലാം സൃഷ്ടിച്ചത്. അഞ്ചുകൊല്ല കാലം നീണ്ടുനിന്ന കഠിനശ്രമങ്ങള്‍ക്കൊടുവില്‍ ആ തുരങ്കത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി. ലോകത്തില്‍ ഏറ്റവും നീളം കൂടിയ തുരങ്കറോഡ്‌ അങ്ങനെ യാഥാര്‍ത്ഥ്യമായി, നോര്‍വേയില്‍ മലമ്പ്രദേശമായ ലാര്‍ഡലിനും ഓര്‍ലന്‍ഡിനും മധ്യേയാണ് റോഡ്‌ ഗതാഗതത്തിനായി നെടുനീളന്‍ തുരങ്കം നിര്‍മിക്കപ്പെട്ടത്. ഇരുപത്തിനാലര കിലോമീറ്റര്‍ നീളമുള്ള തുരങ്കം സുരക്ഷിതത്വത്തിന്‍റെ കാര്യത്തിലും ലോകത്തിലെ മറ്റേതൊരു തുരങ്കത്തേയും പിന്നിലാക്കുന്നതായി നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.

  1995-ല്‍ നിര്‍മാണമാരംഭിച്ച ലാര്‍ഡര്‍ തുരങ്കത്തിന്റെ ഉദ്ഘാടനം 2000 നവംബര്‍ 27-ന് നോര്‍വേ രാജാവ് നിര്‍വഹിച്ചു. ഇരുപതു മിനിറ്റെടുക്കുo. തുരങ്കത്തിന്റെ അത്രയും സമയത്തെ യാത്രയ്ക്ക് ഉല്ലാസം പകരാനുള്ള സംവിധനങ്ങള്‍ തുരങ്കത്തിനുള്ളിലുണ്ട്. നീല നിറമുള്ള പ്രകാശം തുരങ്കത്തില്‍ എപ്പോഴും നിറഞ്ഞു നില്‍ക്കും. പത്തു ഭാഗങ്ങളായി തുരങ്കത്തെ തിരിക്കുകയും ചെയ്തിരിക്കുന്നു. അവിടെ വളവുകളും തിരിവുകളും ഉണ്ട്. ഓരോ വളവും തിരിയുമ്പോള്‍ പുതിയൊരു തുരങ്കത്തില്‍ പ്രവേശിച്ചതായേ സഞ്ചാരികള്‍ക്ക് തോന്നു, ചെറിയ കുറെ തുരങ്കങ്ങളിലൂടെ നീങ്ങുന്ന പ്രതീതി യാത്രക്കാരിലുണ്ടാക്കാനുള്ള സംവിധാനമാണത്. തണുപ്പുകാലത്തുള്ള യാത്രയ്ക്കാണ് ഈ തുരങ്കറോഡ്‌ ഏറെ പ്രയോജനപ്പെടുക. മഞ്ഞ് മൂടിക്കിടക്കുന്ന പര്‍വതത്തിലൂടെയുള്ള മറ്റ് വഴികളെല്ലാം ആ സമയത്ത് സഞ്ചാരയോഗ്യമല്ലാതാകും, തുരങ്ക നിര്‍മാണ വേളയില്‍ ഇരുപത്തഞ്ച് ലക്ഷം ക്യൂബിക് മീറ്റര്‍ പാറകളാണ് ആ പ്രദേശത്ത് നിന്ന് നീക്കം ചെയ്തത്.

  സുരക്ഷിതത്വത്തിന് എല്ലാ ഏര്‍പ്പാടുകളും തുരങ്കത്തില്‍ ഉടനീളം ഒരുക്കിയിട്ടുണ്ട്, ഓരോ 250 മീറ്റര്‍ ഇടവിട്ടും ഫോണുകള്‍ സ്ഥാപിച്ചിരിക്കുന്നു. അപകടങ്ങളുണ്ടായാല്‍ ഉടന്‍ പൊലീസ് അഗ്നിശമന വിഭാഗം, ആശുപത്രി എന്നിവിടങ്ങളിലേക്ക് നേരിട്ട് വിവരമറിയിക്കാന്‍ ഇതുപകരിക്കും.

  തീ കെടുത്താനുള്ള സംവിധാനം ഓരോ 125 മീറ്റര്‍ ദൂരത്തും  സ്ഥാപിച്ചിട്ടുണ്ട്. അപകടമുണ്ടായാല്‍ തുരങ്കത്തില്‍ നിന്ന് പുറത്തേക്ക് തിരിച്ചുപോകാനുള്ള അപകടം മുന്നറിയിപ്പുകളും തുരങ്കത്തില്‍ ഉടനീളം തെളിയും.

  ഓരോ അഞ്ഞൂറ് മീറ്ററിനടിയിലും പുറത്തേക്ക് പോകാനുള്ള വഴികളും ഒരുക്കിയിരിക്കുന്നു. റേഡിയോ, മൊബൈല്‍ഫോണ്‍, എന്നിവ തടസ്സം കൂടാതെ ഉപയോഗിക്കുന്നതിന് തുരങ്കത്തിനുള്ളില്‍ പ്രത്യേക സംവിധാനങ്ങളുണ്ട്.

  തുരങ്കത്തിലെ ശുദ്ധവായുവിന്‍റെ പ്രവാഹത്തിന് രണ്ട് സംവിധാനങ്ങളാണ് ഉള്ളത്. അത്യന്താധുനികമായ വെന്റിലേഷനും വായു ശുദ്ധീകരിക്കുനതിനുള്ള സംവിധാനങ്ങളും, ലാര്‍ഡല്‍ തുരങ്കത്തിന്റെ പ്രവേശനകവാടങ്ങളില്‍ പടുകൂറ്റന്‍ ഫാനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. അവ പുറത്തുനിന്ന് അകത്തേക്ക് ശക്തിയായി കാറ്റടിച്ചു കയറ്റും. അതോടൊപ്പം മലിനമായ വായു പുറത്തേക്കും തള്ളിക്കളയും വായുശുദ്ധീകരിക്കാനായി ഒരു ശുദ്ധീകരണപ്ലാന്റും ലാര്‍ഡര്‍ തുരങ്കത്തില്‍ നിര്‍മിച്ചിട്ടുണ്ട്. തുരങ്കത്തിലെ വായുവില്‍ നിന്ന് പൊടിയും നൈട്രജന്‍ ഡയോക്സൈഡും ഈ ശുദ്ധീകരണ സംവിധാനം നീക്കം ചെയ്യും.

   ദിവസേന ആയിരത്തിലേറെ വാഹനങ്ങള്‍ ലാര്‍ഡര്‍ തുരങ്കത്തിലൂടെ കുതിച്ചുപായുന്നു. ഈ തുരങ്കത്തിലൂടെ സഞ്ചരിക്കാന്‍ ടോള്‍ നല്‍കേണ്ട എന്നതാണ് മറ്റൊരു പ്രത്യേകത, മികച്ച സുരക്ഷാസംവിധാനങ്ങളും സുന്ദരമായ പ്രകാശവുമെല്ലാം ഈ തുരങ്കത്തെ സഞ്ചാരികള്‍ക്കു പ്രിയപ്പെട്ടതാക്കുന്നു.