Encyclopedia

തെംസ് തുരങ്കം

തുരങ്കനിര്‍മാണ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ് ഇംഗ്ലണ്ടിലെ തെംസ് തുരങ്കം പുഴയുടെ അടിയിലൂടെ നിര്‍മിക്കപ്പെട്ട ആദ്യ തുരങ്കം സുരക്ഷിതമായ തുരങ്കനിര്‍മാണത്തിനായി ആദ്യമായി ഷീല്‍ഡ് സംവിധാനം ഉപയോഗിച്ച തുരങ്കം, നിര്‍മാണം നടക്കുമ്പോള്‍ത്തന്നെ അതു കാണുവാന്‍ സന്ദര്‍ശകരെ അനുവദിച്ച തുരങ്കം ഇങ്ങനെ നിരവധി റെക്കോഡുകള്‍ തെംസ് തുരങ്കത്തിനുണ്ട്. അതിന്‍റെ നിര്‍മാണത്തിന് നേതൃത്വം വഹിച്ച മാര്‍ക് ഇസാംബാര്‍ഡ് ബ്രൂണല്‍ കലാപരിപാടികള്‍ക്കു വരെ തുരങ്കത്തിനുള്ളില്‍ അരങ്ങോരുക്കി, 1825-ലാണ് ഈ തുരങ്കത്തിന്റെ നിര്‍മാണം ആരംഭിച്ചത്. 1843-ല്‍ പണിയാവുകയും ചെയ്തു. നിര്‍മാണം പൂര്‍യായപ്പോള്‍ വിക്ടോറിയ രാജ്ഞി ബ്രൂണലിന്റെ എഞ്ചിനിയറിംഗ് പ്രതിഭയെ ആദരിച്ചുകൊണ്ട് അദ്ദേഹത്തിനു സര്‍ ബഹുമതി നല്‍കി.

  പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തെംസ് നദിയുടെ തെക്ക്, വടക്ക് കരകളെ ബന്ധിപ്പിക്കേണ്ടത് അത്യാവശ്യമായി മാറി. വികസിച്ചുവരുന്ന തുറമുഖങ്ങളെ കൂട്ടിയിണക്കുന്ന ഒരു തുരങ്കം എന്ന ആശയം അങ്ങനെയുണ്ടായി. 1805-1809 കാലത്ത് ഒരു സംഘം. ഖനന വിദഗ്ദര്‍ അതിനു ശ്രമിച്ചെങ്കിലും തുരങ്ക നിര്‍മാണം പരാജയമായി. കട്ടിയേറിയ പാറകള്‍ പൊട്ടിച്ച് തുരങ്കമുണ്ടാക്കുന്നതിനാല്‍ അവര്‍ വിദഗ്ധരായിരുന്നെങ്കിലും കളിമണ്ണും മണലുമൊക്കെ നിറഞ്ഞ നടിക്കടിയില്‍ തുരങ്കമുണ്ടാക്കുവാന്‍ അവര്‍ക്ക് സാധിച്ചില്ല. അവര്‍ തുടക്കം കുറിച്ച ആയിരമടി തുരങ്കം വെള്ളപ്പൊക്കമുണ്ടായി നശിക്കുകയും ചെയ്തു. വെള്ളത്തിനടിയിലൂടെ തുരങ്കനിര്‍മാണം നടക്കാത്ത കാര്യമായി അവര്‍ വിധിയെഴുതി. ആംഗ്ലോ ഫ്രഞ്ച് എന്ജിനീയറായിരുന്ന മാര്‍ക്ക്‌ ബ്രൂണല്‍ അങ്ങനെ കീഴടങ്ങാന്‍ തയ്യാറായിരുന്നില്ല.

  1814-ല്‍ അദ്ദേഹം റഷ്യയില്‍ സെന്റ്‌ പീറ്റെഴ്സബര്‍ഗില്‍ നേവാ നദിക്കടിയില്‍ കൂടി തുരങ്കം നിര്‍മിക്കാന്‍ സാര്‍ ചക്രവര്‍ത്തിക്ക് പദ്ധതികള്‍ നല്‍കി. എന്നാല്‍ അദ്ദേഹം നദിക്കടിയിലെ തുരങ്കത്തിനു പകരം മുകളിലൂടെ ഒരു പാലത്തിനാണ് അനുമതി നല്‍കിയത്. ബ്രൂണല്‍ നിരാശനായില്ല, ടണല്‍ നിര്‍മ്മാണത്തിന് പുതിയ സംവിധാനങ്ങള്‍ വികസിപ്പിച്ചെടുക്കുന്നതിലായി അദ്ദേഹത്തിന്‍റെ ശ്രദ്ധ മുഴുവന്‍. തുരങ്കനിര്‍മാണത്തിലെ വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിച്ച ഷീല്‍ഡ് സംവിധാനം അദ്ദേഹവും സഹായി തോമസ്‌ കൊക്രേനും ചേര്‍ന്ന് രൂപപ്പെടുത്തി.അതിന് അവര്‍ പേറ്റന്റ് നേടുകയും ചെയ്യ്തു. 1818-1823 കാലത്ത് തെംസ് നദിക്കടിയില്‍ ഷീല്‍ഡ് സംവിധാനം ഉപയോഗിച്ച് തുരങ്കം നിര്‍മിക്കുന്നതിനുള്ള സാധ്യത അദ്ദേഹം അധികാരികളെ ബോധ്യപ്പെടുത്തി, വൈകാതെ തെംസ് ടണല്‍ കമ്പനിക്കും അദ്ദേഹം തുടക്കം കുറിച്ചു. ഈ മഹാദൗത്യത്തില്‍ അദ്ദേഹത്തെ സഹായിക്കാന്‍ അദ്ദേഹത്തിന്‍റെ പുത്രന്‍ ഇസ്താംബാര്ഡ് കിങ്ഡം ബ്രൂണലുമുണ്ടായിരുന്നു. തുരങ്ക നിര്‍മാണ തുടക്കത്തില്‍ കാര്യമായി പുരോഗമിച്ചു. എന്നാല്‍ അഞ്ഞൂറിലേറെ അടി മുന്നോട്ടു ചെന്നപ്പോള്‍ തുരങ്കത്തിനടിയില്‍ രൂപപ്പെട്ട ദ്വാരത്തിലൂടെ വെള്ളം കുതിച്ചുകയറി. എന്നാല്‍ കളിമണ്ണ് ചാക്കുകളിട്ടു ബ്രൂണല്‍ അത് തടഞ്ഞു. അടുത്ത വര്‍ഷവും വെള്ളപ്പൊക്കം നിര്‍മ്മാണത്തെ തടസപ്പെടുത്തി, പക്ഷേ ബ്രൂണല്‍ പരാജയപ്പെട്ടില്ല. നിരവധി തവണ നിര്‍മാണം തടസപ്പെട്ടെങ്കിലും 1841 നവംബറില്‍ തുരങ്കം പൂര്‍ത്തിയാക്കി. 1843 മാര്‍ച്ച് 25-ന് തെംസ് തുരങ്കം പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുത്തു. തുരങ്കനിര്‍മാണത്തില്‍ അതൊരു നാഴികക്കല്ലായി.