EncyclopediaWild Life

ഗ്രിസ്ലിക്കരടികള്‍

വടക്കേ അമേരിക്കയിലെ തവിട്ടുകരടികളില്‍ ഒരു വിഭാഗമാണ്‌ ഗ്രിസ്ലിക്കരടികള്‍. ചൈനയാണ് ഈ കരടികളുടെ ജന്മനാട്. പിന്നീടവ നാല്‍പ്പതിനായിരം വര്‍ഷങ്ങള്‍ക്കു ശേഷം ഏഷ്യയിലും യൂറോപ്പിലും വടക്കേ അമേരിക്കയിലും എത്തിച്ചേര്‍ന്നതാണ്. അലാസ്ക, യുക്കോണ്‍, നോര്‍ത്ത് വെസ്റ്റ്‌ ടെറിട്ടറി, കനേഡിയന്‍ ആര്‍ട്ടിക്കിലെ ബാങ്ക്സ് ദ്വീപ്‌, ബ്രിട്ടീഷ് കൊളംബിയ, വെസ്റ്റേന്‍ ആല്‍ബര്‍ട്ട, ന്യൂമെക്സിക്കോ വരെയുള്ള റോക്കി മൗണ്ടന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലാണ് ഇവയെ കാണുന്നത്.

  മിക്ക ഗ്രിസ്ലികളും ഇരുണ്ട തവിട്ടു നിറത്തിലുള്ളവയാണ്. കറുപ്പ് മുതല്‍ മങ്ങിയ മഞ്ഞനിറം വരെ ഇവയ്ക്കുണ്ടാകും. ഏതാണ്ട് എണ്‍പതോളം ഉപജാതിയില്‍പ്പെട്ട ഗ്രിസ്ലികള്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്. വനാന്തരങ്ങളിലും പുല്‍മേടുകളിലും മരങ്ങളില്ലാത്ത തുന്ദ്രാപ്രദേശത്തും ഇവയെ കാണാം.

  അര്‍സസ് ആര്‍ക്ടോസ് ഫോറിബിലിസ് എന്നാണ് ഗ്രിസ്ലിക്കരടിയുടെ ശാസ്ത്രനാമം, അഞ്ചടി മുതല്‍ ആറര അടി വരെ നീളവും 400 കിലോ’ തൂക്കവും ഇവയ്ക്കുണ്ടാകാറുണ്ട്.

  വലിപ്പമുണ്ടെങ്കിലും ഇവ അണ്ണാന്‍, ചുണ്ടെലി തുടങ്ങിയ ചെറുജീവികളെ പിടികൂടി അകത്താക്കാറുണ്ട്.55 കിലോമീറ്റര്‍ വേഗത്തില്‍ വരെ ഗ്രിസ്ലികള്‍ ഓടും.

   മഹാബലവാന്മാരാണ് ഗ്രിസ്ലികള്‍ അമ്പതു കിലോഭാരമുള്ള കല്ലും മറ്റും കൈകള്‍ കൊണ്ട് പൊക്കാനും മ്ലാവുകളെ ഒറ്റയടിക്ക് കൊല്ലാനും ഇവയ്ക്കു കഴിയും. ഇവ ഇരുമ്പുകമ്പികളും തോക്കുകളും പിടിച്ചു വളച്ചു കളഞ്ഞ സംഭവങ്ങളുണ്ട്. കാറുകളുടെ അടച്ച വാതിലുകള്‍ വലിച്ചിളക്കി തുറന്ന കഥകളുമുണ്ട്.

  ഗ്രിസ്ലികള്‍ പകലുറക്കക്കാരാണ്. രാത്രി സമയത്താണ് ഭക്ഷണം തേടിയും മറ്റും പുറത്തിറങ്ങുക. മുതിര്‍ന്ന ഗ്രിസ്ലികള്‍ മിക്കവാറും ഒറ്റയ്ക്കാണ് കഴിയുന്നത്. ജൂണ്‍-ജൂലൈ മാസങ്ങളില്‍ പെണ്‍കരടിയും ആണ്‍കരടിയും ഒരുമിച്ചാണ് നടപ്പ്.

  തണുപ്പുകാലത്ത് മൂന്നു-നാലു മാസക്കാലം ഇവ ശീതകാലവിശ്രമത്തിലായിരിക്കും. ഈ അവസരത്തില്‍ ഇവയുടെ ഭാരം കുറയാറുണ്ട്. പ്രതിദിനം ഒരു കിലോ വരെ ഭാരം നഷ്ടമാകുമെന്ന് പറയപ്പെടുന്നു. ശരീരത്തില്‍ സംഭരിച്ച കൊഴുപ്പിനെ ആശ്രയിച്ചാണ്‌ ഈ കാലത്ത് ഗ്രിസ്ലികള്‍ ജീവന്‍ നിലനിര്‍ത്തുന്നത്.

  വസന്തകാലമാകുമ്പോള്‍ ഗ്രിസ്ലികള്‍ വിശ്രമം കഴിഞ്ഞു പുറത്തേക്ക് വരും. പിന്നീട് ഇവ പലയിടത്തും അലഞ്ഞു തിരിഞ്ഞു നടക്കും. വേനല്‍ക്കാലത്തും ശരത്ക്കാലത്തും ഇവ കൂടുതലായി വണ്ണം വയ്ക്കാറുണ്ട്.ത്വക്കിന് താഴെയും അടിവയറ്റിലുമായിട്ടാണ് കൊഴുപ്പ് അടിഞ്ഞു കൂടുന്നത്.

  ഗ്രിസ്ലി പെണ്‍കരടികള്‍ അഞ്ചുവര്‍ഷത്തോളം സ്വന്തം കുഞ്ഞുങ്ങളെ പരിപാലിക്കാറുണ്ട്. പിന്നീട് കുഞ്ഞുങ്ങള്‍ അമ്മയെ വിട്ടു പോകുന്നു.ഒരു ലക്ഷം ഗ്രിസ്ലികള്‍ വരെ പണ്ട് അമേരിക്കയിലുണ്ടായിരുന്നു. ഇപ്പോഴത് എണ്ണായിരമായി കുറഞ്ഞിരിക്കുകയാണ്. വേട്ടക്കാരുടേയും മറ്റും നിരന്തരമായ ശല്യമാണ് ഇവയുടെ എണ്ണം കുറയാനുള്ള ഒരു കാരണം. അമേരിക്കയിലെ ചിലരുടെ ആചാരമനുസരിച്ച് ഗ്രീസ്ലികരടികള്‍ക്ക് ബഹുമാനമര്‍പ്പിച്ച് അവയോട് ക്ഷമ ചോദിച്ചശേഷം അതിനെ കൊല്ലാം. ഇത് മറയാക്കി വന്‍തോതില്‍ ഗ്രിസ്ലികളെ കൊന്നൊടുക്കിയിട്ടുണ്ട്.

  വ്യോമിങ്ങിലുള്ള യല്ലോ സ്റ്റോണ്‍ നാഷണല്‍പാര്‍ക്ക്, മൊണ്ടാനയിലും ഇഡാഹോയിലുമുള്ള നാഷണല്‍ പാര്‍ക്കുകള്‍ എന്നിവ ഇപ്പോള്‍ ഗ്രിസ്ലികളുടെ മുഖ്യതാവളങ്ങളാണ്.