ഹൗറ പാലം
കൊൽക്കത്തയേയും ഹൗറയേയും ബന്ധിപ്പിച്ചുകൊണ്ട് ഹൂഗ്ലീ നദിക്കു കുറുകെയുള്ള ഉരുക്കുപാലമാണ് ഹൗറ പാലം അഥവാ രബീന്ദ്രസേതു. 1942-ൽ പണി പൂർത്തിയായ ഈ പാലത്തിന് 1965-ലാണ് രബീന്ദ്രസേതു എന്ന് നാമകരണം ചെയ്തത്.1943 ഫെബ്രുവരി 3 നാണ് പൊതുജനങ്ങൾക്കായി പാലം തുറന്നുകൊടുത്തത്.
കൊൽക്കത്ത ഹൂഗ്ലി നദിയുടെ കിഴക്കുള്ള ഭാഗമാണ്. ഇവിടെ വ്യവസായങ്ങൾ വളരെക്കുറവാണ്. നദിക്കപ്പുറമാണ് വ്യവസായകേന്ദ്രമായ ഹൗറ. ഇവ തമ്മിലാണ് ഈ പാലം ബന്ധിപ്പിക്കുന്നത്. മദ്ധ്യഭാഗത്ത് 457.5 മീറ്റർ സ്പാൻ ഉള്ള ഈ പാലത്തിന്റെ മൊത്തം നീളം 829 മീറ്റർ ആണ്. ഇതിനു മുകളീൽ 70 അടി വീതിയിൽ 8 വരിപ്പാതയാണുള്ളത്. ഇതിനു പുറമേ നടപ്പാതയുമുണ്ട്. ഹൌറപ്പാലം 1942-ൽ പൂർത്തിയാക്കുന്നതിനു മുൻപ് ചങ്ങാടങ്ങൾകൂട്ടിക്കെട്ടിയുണ്ടാക്കുന്ന പാലത്തിലൂടെയായിരുന്നു നദി മുറിച്ചു കടന്നിരുന്നത്. കൊൽക്കത്ത പോർട്ട്ട്രസ്റ്റിനാണ് പാലത്തിന്റെ മേൽനോട്ടച്ചുമതല.