CountryEncyclopedia

മദീന

സൗദി അറേബ്യയുടെ പടിഞ്ഞാറു ഭാഗത്ത് ജിദ്ദ നഗരത്തിൽ നിന്നും ഏകദേശം 400 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന നഗരമാണ് മദീന.ഇസ്‌ലാമികചരിത്രത്തിൽ മുഹമ്മദ് നബിയുടെ ഭരണകൂടത്തിന്റെ തലസ്ഥാനവും മുസ്‌ലിംകളുടെ പരിശുദ്ധമായ നാടുമാണ് മദീന. ഇസ്‌ലാമിക ചരിത്രത്തിൽ ഒട്ടേറെ സംഭവങ്ങൾക്ക് സാക്ഷിയാണ് മദീന പ്രദേശം. മുഹമ്മദ്‌ നബി

നിന്ന് പലായനം ചെയ്ത് മദീനയിലെത്തിയതിനു ശേഷമാണ് പ്രവാചക ജീവിതത്തിലെയും ഇസ്‌ലാമിലെയും നിർണായക സംഭവങ്ങൾ നടന്നത്. മുഹമ്മദ്‌ നബി തന്റെ നിവാസത്തിനു തിരഞ്ഞെടുത്ത പട്ടണം, ഇസ്ലാമിന്റെ വളർച്ചക്കും ഉയർച്ചക്കും പ്രചാരത്തിനും സഹായിച്ച പട്ടണം, ലോകത്തെ ഒന്നാമത്തെ ഇസ്‌ലാമിക രാഷ്ട്രം, ശരീഅത്ത്‌ നിയമങ്ങൾ സമ്പൂർണ്ണമായി പ്രയോഗവൽക്കരിക്കപ്പെട്ട പ്രദേശം, ഖലീഫമാരായ അബൂബക്കർ, ഉമർ, ഉസ്മാൻ തുടങ്ങിയവരുടെയും ഖിലാഫത്തിന്റെ ആസ്ഥാനം, ഇസ്ലാമിക ജീവിതക്രമം സമ്പൂർണ രൂപത്തിൽ ലോകസമക്ഷം സമർപ്പിക്കപ്പെട്ട ഭൂപ്രദേശം തുടങ്ങി നിരവധി സവിശേഷതകളുള്ള പ്രദേശമാണ് മദീന. ജന്നത്തുൽ ബഖീ, മസ്ജിദ് ഖുബാ, മസ്ജിദ് ഖിബ്‌ലതൈൻ, ഉഹ്‌ദ്, ഖന്തക്ക്‌ തുടങ്ങിയ ചരിത്ര പ്രധാന കേന്ദ്രങ്ങളും ഇവിടെയാണ്‌. ആഗോള മുസ്ലിം സമൂഹത്തിന്റെ സംഗമ കേന്ദ്രമെന്നതിലുപരി സാംസ്കാരികവും ചരിത്രപരവും സാമൂഹികപരവുമായി മദീന നഗരത്തിനു വൻ പ്രാധാന്യവുമുണ്ട്. ആത്മീയത, വിശ്വാസം, വിജ്ഞാനം, ശാസ്ത്രം എന്നിവയുടെ കേന്ദ്രമായ മദീനയെ ഇസ്ലാമിക സംസ്കാരത്തിന്റെ ആസ്ഥാനമായി പ്രഖ്യാപിക്കാനുള്ള തയ്യാറെടുപ്പുകൾ നടക്കുന്നുണ്ട്.

മക്കയിൽ നിന്ന് ഏകദേശം 447 കിലോമീറ്ററും സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ നിന്നും 900 കിലോമീറ്ററും അകലെയാണ് ഈ നഗരം. ഓട്ടൊമൻ ഭരണ കാലത്ത് ദമാസ്കസ്, ഇസ്താംബുൾ എന്നീ നഗരങ്ങളെ ബന്ധിപ്പിച്ചു കൊണ്ടുള്ള ചരിത്ര പ്രാധാന്യമുള്ള ഹിജാസ് റെയിൽവേ മദീന ലക്ഷ്യമാക്കി നിർമിച്ചതാണ്. മുമ്പ് യഥ്‌രിബ് എന്ന് പേരുണ്ടായിരുന്ന പട്ടണം മുഹമ്മദ് നബിയുടെ പലായനശേഷം, നബിയുടെ പട്ടണം എന്നയർത്ഥമുള്ള മദീനത്തുന്നബി എന്ന പേരിൽ അറിയപ്പെടുകയായിരുന്നു. കാലാന്തരത്തിൽ ഈ പട്ടണം മദീന എന്ന ചുരുക്കരൂപത്തിൽ പ്രസിദ്ധമായി. പുകയില ഉത്പന്നങ്ങളുടെ വിൽപ്പനയും ഉപയോഗവും പൂർണ്ണമായി നിരോധിക്കപ്പെട്ട നഗരമാണ്‌ മദീന. ലോകത്ത് ഏറ്റവും കൂടുതൽ ഖുർആൻ അച്ചടിക്കുന്ന സ്ഥാപനമായ കിംഗ് ഫഹദ് ഖുർആൻ അച്ചടിശാല സ്ഥിതി ചെയ്യുന്നത് മദീനയിലാണ്.

2011-ലെ കാനേഷുമാരി പ്രകാരം മദീനയിലെ ജനസംഖ്യ 1,512,724 ആണ്. മക്കയിലെ മസ്ജിദുൽ ഹറം കഴിഞ്ഞാൽ മദീനയിലെ മസ്ജിദുന്നബവിയാണ് ലോക മുസ്‌ലിംകളുടെ പ്രധാന ആരാധനാ കേന്ദ്രം. മസ്ജിദുന്നബവിയുടെ ഉൾഭാഗത്താണ് മുഹമ്മദ്‌ നബിയുടെ ഖബറിടം നില കൊള്ളുന്നത്‌. വിശുദ്ധ നഗരമായ മക്കയിലേതു പോലെ മുസ്‌ലിംകളല്ലാത്തവർക്ക് പ്രവേശന അനുമതിയില്ലാത്ത പ്രദേശമാണ് മദീനയും. നിലവിൽ ആധുനിക സൗദി അറേബ്യയുടെ ഭരണ വിഭാഗമായ മദീന പ്രവിശ്യയുടെ ആസ്ഥാനം മദീനയാണ്. മദീന നഗരസഭയാണ് നഗരഭരണം കയ്യാളുന്നത്.

ചരിത്രം

മുഹമ്മദ്‌ നബി ജീവിക്കുകയും ഒരു ജനതയെ സംസ്കരിക്കുകയും ചെയ്ത മദീന നിരവധി ചരിത്ര മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ച പ്രദേശമാണ്. മക്കയിൽ നിന്ന് മുഹമ്മദ്‌ നബി മദീനയിലേക്ക് പലായനം ചെയ്തതാണ് മദീന ചരിത്രത്തിലെ സുപ്രധാന അധ്യായമായി ഇന്നും നില നിൽക്കുന്നത്. ഇന്നത്തെ മദീന അന്ന് യഥ്‌രിബ് എന്ന പേരിൽ ആണ് അറിയപ്പെട്ടിരുന്നത്. മുഹമ്മദ്‌ നബിക്ക് മുമ്പ് അറേബ്യയിൽ ചിതറിക്കിടക്കുന്ന കുറെ നഗരങ്ങളും ഗോത്രങ്ങളും മാത്രമെയുണ്ടായിരുന്നുള്ളൂ. മുഹമ്മദ്‌ നബി മദീന കേന്ദ്രീകരിച്ച് അദ്ദേഹത്തിന്റേതായ ഒരു രാഷ്ട്രഘടന നിർമ്മിക്കുകയും അതിന് മതപരമായ നിയമങ്ങൾ നൽകുകയും ചെയ്തു. മുഹമ്മദ് നബിയുടെ നിയോഗത്തിന് മുമ്പ് ഹിജാസിലെങ്ങും തന്നെ നിയതമായ ഒരു രാഷ്ട്രഘടനയുണ്ടായിരുന്നില്ല എന്ന് അമേരിക്കൻ ചരിത്രകാരനായ ഹെർബർട്ട് ജെ. മുള്ളർ പറയുന്നുണ്ട്. തന്റെ അനുയായികൾ, അതുവരേയും വിശ്വാസികളായിട്ടില്ലാത്ത മദീനയിലെ പൂർവികരായ ബഹുദൈവാരാധകർ, ജൂതന്മാർ എന്നിങ്ങനെ തികച്ചും ഭിന്നവും വ്യത്യസ്തവുമായ പ്രശ്നങ്ങളുള്ള മൂന്ന് വിഭാഗം ജനങ്ങളെയായിരുന്നു മുഹമ്മദ്‌ നബിക്ക് മദീനയിൽ അഭിമുഖീകരിക്കാനുണ്ടായിരുന്നത്.