കരാജ്
കരാജ് ഇറാനിലെ അൽബോർസ് പ്രവിശ്യയുടെ തലസ്ഥാനവും ഫലത്തിൽ ടെഹ്‌റാനിലെ ഒരു ഉപഗ്രഹ നഗരവുമാണ്. 2016 ലെ കനേഷുമാരി പ്രകാരം 1.97 ദശലക്ഷത്തോളം ജനസംഖ്യയുള്ള ഈ നഗരം സ്ഥിതിചെയ്യുന്ന കൗണ്ടിയുടെ 1,419ചതുരശ്ര കിലോമീറ്റർ (548 ചതുരശ്ര മൈൽ) പ്രദേശത്തിൻറെ ഭൂരിഭാഗവും പരുക്കൻ പർവതപ്രകൃതിയുള്ളതാണ്. ടെഹ്‌റാൻ, മഷാദ്, ഇസ്ഫഹാൻ എന്നിവയ്ക്ക് ശേഷം ഇറാനിലെ നാലാമത്തെ വലിയ നഗര പ്രദേശമാണ് ഇതിൻറെ നഗരപ്രദേശം. മുൻ സെൻസസ് മുതൽ എഷ്‌റ്റെഹാർഡ് കൗണ്ടിയും ഫാർഡിസ് കൗണ്ടിയും കരാജ് കൗണ്ടിയിൽ നിന്ന് വേർപെടുത്തി.
കരാജിന്റെ ആദ്യകാല രേഖകൾ ബിസി മുപ്പതാം നൂറ്റാണ്ടിലേതാണ്. സഫാവിദ്, ഖ്വജർ രാജവംശങ്ങളുടെ ഭരണത്തിൻ കീഴിൽ വികസിതമായ ഈ നഗരത്തിൽ ആ കാലഘട്ടങ്ങളിലെ നിരവധി ചരിത്രപരമായ കെട്ടിടങ്ങളും സ്മാരകങ്ങളും നിലിനിൽക്കുന്നു. നിരവധി മരങ്ങൾ, നദികൾ, ഹരിത സമതലങ്ങൾ തുടങ്ങിയ പ്രകൃതി വിഭവങ്ങളുടെ ആധിക്യം ഈ നഗരത്തിന് അസാധാരണമായ ഒരു കാലാവസ്ഥ പ്രദാനം ചെയ്യുന്നു. ടെഹ്‌റാൻ നഗരത്തിനുശേഷം, ഇറാനിലെ ഏറ്റവും വലിയ കുടിയേറ്റ സൗഹൃദ നഗരമായ കരാജിന്, ഇക്കാരണത്താൽ “ലിറ്റിൽ ഇറാൻ” എന്ന് വിളിപ്പേര് ലഭിച്ചു.
ചരിത്രം
വെങ്കലയുഗത്തിലെ പ്രദേശമായ ടെപെ ഖുർവിൻ, അയോയുഗ പ്രദേശമായ കലക്ക് എന്നിങ്ങനെ കരാജ് നഗരത്തിന് ചുറ്റുപാടുമുള്ള പ്രദേശം ആയിരക്കണക്കിന് വർഷങ്ങളായി ജനാധിവാസ മുള്ളതാണെങ്കിലും ഇന്നത്തെ കരാജ് നഗരം മിക്കവാറും ഇരുപതാം നൂറ്റാണ്ടിലെ ആധുനിക വ്യാവസായിക വികസനത്തിന്റെ ഫലമാണ്. ചരിത്രപരമായി, ടെഹ്‌റാനും ഖാസ്‌വിനും മദ്ധ്യത്തിലായി സ്ഥിതിചെയ്യുന്ന പാതയിലെ പ്രദേശമെന്ന നിലയിൽ കരാജ് നഗരത്തിന് ഏറെ പ്രാധാന്യമുണ്ട്. സഫാവിദ് സാമ്രാജ്യ കാലഘട്ടത്തിൽ, നഗരത്തിലേക്കുള്ള പ്രധാന ക്രോസിംഗ് ആയി ഒരു കല്ലുകൾകൊണ്ടുള്ള ഒരു പാലം നിർമ്മിക്കപ്പെട്ടു.തൗഹിദ് ചത്വരത്തിന് തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന വലിയ ഷാ-അബ്ബാസി കാരവൻസറി, അതേ കാലഘട്ടത്തിൽ, ഷാ ഇസ്മായിലിന്റെ ഭരണത്തിൻ കീഴിലാണ് നിർമ്മിക്കപ്പെട്ടത്.
1810-ൽ, ഖ്വജാർ രാജകുമാരനായിരുന്ന സൊലൈമാൻ മിർസ ഒരു വേനൽക്കാല വിനോദകേന്ദ്രമെന്ന നിലയിൽ കജാർ നഗരത്തിൽ സൊലൈമാനിയേ കൊട്ടാരം നിർമ്മിച്ചു. നാല് ഗോപുരങ്ങളുണ്ടായിരുന്ന കൊട്ടാരം പൂന്തോട്ടങ്ങളാൽ വലയം ചെയ്യപ്പെട്ടിരുന്നതോടൊപ്പം അതിന്റെ സ്വീകരണമുറിയിൽ അബ്ദുള്ള ഖാൻ നഖ്ശബന്ദിയുടെ ഒരു ജോടി പെയിന്റിംഗുകളും പ്രദർശിപ്പിച്ചിരുന്നു. എന്നിരുന്നാലും, 1860-ഓടെ, ഏതാണ്ട് ഉപേക്ഷിക്കപ്പെട്ടതായി കണക്കാക്കിയ കൊട്ടാരം ഈ പ്രദേശത്തെ സഞ്ചാരികളുടെ ഒരു അഭയകേന്ദ്രമെന്ന നിലയിൽ മാത്രമാണ് ഉപയോഗിക്കപ്പെട്ടത്. നാസർ അൽ-ദിൻ ഷാ ഖ്വജറിൻറെ നേതൃത്വത്തിൽ പിന്നീട് ഈ കൊട്ടാരം നവീകരിച്ചു.1917-ൽ, ടെഹ്‌റാനിലെ മൊസാഫരി കാർഷിക വിദ്യാലയത്തിന് പകരമായി ഒരു കാർഷിക വിദ്യാലയം ഈ സ്ഥലത്ത് സ്ഥാപിച്ചു.പിന്നീട്, ടെഹ്‌റാൻ സർവകലാശാലയുടെ പുതിയ കാർഷിക വൈജ്ഞാനിക വിഭാഗത്തിന് റെസ ഷാ പഹ്‌ലവി ഇത് അനുവദിച്ചു.
1930-കളിൽ, ഗ്രാമത്തിന്റെ തെക്ക് ഭാഗത്ത് 216 ഹെക്ടർ വിസ്തൃതിയുള്ള ഒരു വലിയ വ്യവസായ സമുച്ചയം നിർമ്മിക്കുന്നതിനുള്ള പദ്ധതികൾ വിഭാവനം ചെയ്യപ്പെട്ടു. ഈ “കരാജിലെ വ്യാവസായിക മാതൃകാ നഗരം”, ആൽബോർസിൽ നിന്ന് ജലവും ഇന്ധനമെന്ന നിലയിൽ കൽക്കരിയും എളുപ്പത്തിൽ ലഭ്യമാക്കുന്നത് മുതലാക്കിക്കൊണ്ട്, രാജ്യത്ത് നിർമ്മിക്കപ്പെടാവുന്ന ആദ്യത്തെ ഉരുക്ക് വ്യവസായ ശാലകളുടെ സ്ഥലമായിരുന്നു. എന്നിരുന്നാലും, ജർമ്മനിയിൽ നിന്ന് ഇറക്കുമതി ചെയ്ത നിർമ്മാണോപകരണങ്ങൽ ബ്രിട്ടീഷുകാർ സൂയസ് കനാലിൽ വച്ച് പിടിച്ചെടുത്തതൊടെ ആസൂത്രണം ചെയ്യപ്പെട്ട ഈ വ്യവസായ സമുച്ചയം ഒരിക്കലും പ്രാവർത്തികമായില്ല.