യാസ്ദ്
യാസ്ദ് മുമ്പ് യെസ്ദ്, എന്നും അറിയപ്പെട്ടിരുന്ന ഇറാനിലെ യാസ്ദ് പ്രവിശ്യയുടെ തലസ്ഥാനമാണ്. ഇസ്ഫഹാനിൽ നിന്ന് ഏകദേശം 270 കിലോമീറ്റർ (170 മൈൽ) തെക്കുകിഴക്കായാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. 2016 ലെ കനേഷുമാരി പ്രകാരമുള്ള ഈ നഗരത്തിലെ ജനസംഖ്യ 1,138,533 ആയിരുന്നു. 2017 മുതൽ, ചരിത്ര നഗരമായ യാസ്ദ് യുനെസ്കോ ഒരു ലോക പൈതൃക സ്ഥലമായി അംഗീകരിച്ചു.
മരുഭൂ കാലാവസ്ഥയോടുള്ള ഈ പ്രദേശത്തെ തലമുറകളുടെ പൊരുത്തപ്പെടുത്തലുകൾ കാരണം, യാസ്ദ് നഗരത്തിൽ സവിശേഷമായ ഒരു പേർഷ്യൻ വാസ്തുവിദ്യ നിലനിൽക്കുന്നു. നിരവധി ഉദാഹരണങ്ങളിലൊന്നായി ഇതിനെ “വിൻഡ്ക്യാച്ചർമാരുടെ നഗരം” (شهر بادگیرها Shahr-e Badgirha) എന്ന് വിളിപ്പേരുണ്ട്. സൊറാഷ്ട്രിയൻ അഗ്നി ക്ഷേത്രങ്ങൾ, അബ് അൻബാറുകൾ (ഭൂഗർഭ നീർത്തടം), ഖാനറ്റുകൾ (ഭൂഗർഭ ചാനലുകൾ), യാഖ്ചലുകൾ (ഐസ് ഹൗസ്), പേർഷ്യൻ കരകൗശല വസ്തുക്കൾ, കൈകൊണ്ട് നെയ്ത തുണി (പേർഷ്യൻ ടെർമേഹ്), പട്ട് നെയ്ത്ത്, പേർഷ്യൻ കോട്ടൺ മിഠായി, അതിന്റെ കാലാതീത പാരമ്പര്യമായ മധുരപലഹാരങ്ങൾ എന്നിവയ്ക്കും ഇത് വളരെ പ്രശസ്തമാണ്. സൈക്കിൾ സവാരിക്കാരുടെ പഴയ ചരിത്രവും ഇറാനിൽ ആളോഹരി സൈക്കിളുകളുടെ എണ്ണം കൂടിയതിനാലും യാസ്ദ് നഗരം ‘സിറ്റി ഓഫ് സൈക്കിൾസ്’ എന്നും അറിയപ്പെടുന്നു. കഴിഞ്ഞ നൂറ്റാണ്ടിൽ യൂറോപ്യൻ സന്ദർശകരുമായും വിനോദസഞ്ചാരികളുമായുമുള്ള സമ്പർക്കത്തിൻറെ ഫലമായി ഇറാനിലെ സൈക്കിൾ സംസ്കാരം യാസ്ദ് നഗരത്തിൽ ഉടലെടുത്തതായി റിപ്പോർട്ടുണ്ട്.
ചരിത്രം
യാസ്ദിൽ നിന്ന് ഏകദേശം 12 കിലോമീറ്റർ വടക്കുഭാഗത്തുള്ള പ്രദേശത്തുനിന്ന് കണ്ടെടുത്ത ഏതാനും പുരാവസ്തു തെളിവുകൾ സൂചിപ്പിക്കുന്നത് അക്കീമെനിഡ് സാമ്രാജ്യത്തിന്റെ (550 ബിസി-330 ബിസി) കാലഘട്ടം മുതൽക്കുതന്നെ ഈ പ്രദേശം ജനവാസമുള്ളതായിരുന്നു എന്നാണ്. തന്റെ നാച്ചുറൽ ഹിസ്റ്ററിയിൽ, പ്ലിനി ദി എൽഡർ (മരണം AD 79 AD) പാർത്തിയൻ സാമ്രാജ്യത്തിലെ (247 BC-224 AD) “ഇസാറ്റിസ്” എന്ന് പേരിട്ടിരിക്കുന്ന ഒരു പട്ടണത്തെക്കുറിച്ച് പരാമർശിക്കുന്നു, അത് അസഗർത്ത/ഇസ്റ്റാച്ചെ/സാഗർതിയൻ ഗോത്രങ്ങളുടെ പേരുമായി ബന്ധപ്പെട്ടിരിക്കുന്നു. തൽഫലമായി, ചില പണ്ഡിതന്മാർ യസ്‌ദ് നഗരത്തിൻറെ പേര് ഇസാറ്റിസിൽ നിന്ന് ഉരുത്തിരിഞ്ഞതാണെന്നും (ഇസറ്റിച്ചേ, യ്സാറ്റിസ്, യസാറ്റിസ് എന്നും ലിപ്യന്തരണം ചെയ്യപ്പെടുന്നു), അവസാനത്തെ പേര് മീഡിയൻ അല്ലെങ്കിൽ അക്കീമെനിഡ് കാലഘട്ടങ്ങളിൽ ഉപയോഗിക്കാൻ തുടങ്ങിയതായിരിക്കാമെന്നും അഭിപ്രായപ്പെടുന്നു